കൊല്ലം: കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘട്ടനം ആശുപത്രിയിലേക്ക് വ്യാപിക്കുകയും മൂന്നു ഡ്രൈവര്‍മാര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. കുന്നിക്കോട് സ്വദേശി ചക്കുപാറ വിഷ്ണു, സഹോദരന്‍ വിനീത് (ശിവന്‍), കുന്നിക്കോട് മിച്ചഭൂമി സ്വദേശി രാഹുല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. കൊട്ടാരക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന സിദ്ദിഖിന് മര്‍ദ്ദനത്തില്‍ സാരമായ പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ടാണ് സംഭവങ്ങള്‍ക്ക് തുടക്കം.ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കിടയില്‍ നേരത്തെയുണ്ടായിരുന്ന വാക്കുതര്‍ക്കം പരിഹരിക്കാനായി സിദ്ദിഖിനെയും സുഹൃത്ത് ഹാരിസിനെയും കുന്നിക്കോട്ടേക്ക് എതി‌ര്‍കക്ഷികള്‍ വിളിപ്പിച്ചിരുന്നു. ഇവിടെവച്ച്‌ ഇരുവിഭാഗവും വീണ്ടും തര്‍ക്കമുണ്ടായത് കയ്യാങ്കളിയിലെത്തി. സിദ്ദിഖിന് മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റു. പരിക്കേറ്റ സിദ്ദിഖിനെ കൊട്ടാരക്കര പുലമണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് ശേഷം ഇരുകൂട്ടരിലും ഉള്‍പ്പെട്ടവര്‍ വീണ്ടും ഒത്തുതീര്‍പ്പ് ശ്രമം നടത്തി. തുടര്‍ന്ന് വിഷ്‌ണുവും വിനീതും അടങ്ങുന്ന സംഘത്തെ കൊട്ടാരക്കരയിലേക്ക് വിളിപ്പിച്ചു. സിദ്ദിഖ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയുടെ പരിസരത്തുവച്ച്‌ ചര്‍ച്ച നടക്കുന്നതിനിടെ അടിപിടിയായി. ഇരു വിഭാഗത്തിലുമായി മുപ്പതില്‍പ്പരം ആളുകള്‍ ഉണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ കല്ലു കൊണ്ട് ചിലരെ ഇടിച്ചു. സമീപത്തുണ്ടായിരുന്ന നോ പാര്‍ക്കിംഗ് ബോര്‍ഡ് ഉപയോഗിച്ചും അടിച്ചു. തുടര്‍ന്നാണ് കത്തിക്കുത്തുണ്ടായത്. കുത്തേറ്റ് ആശുപത്രിയിലേക്ക് ഓടിക്കയറിയ രാഹുലിനെ പിന്തുടര്‍ന്നെത്തി വീണ്ടും ആക്രമിച്ചു. ഓപ്പറേഷന്‍ തിയേറ്ററിലും പ്രസവ മുറിയിലുമൊക്കെ കയറി രാഹുല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ആശുപത്രിയുടെ ഉപകരണങ്ങളും ചില്ലുകളും അക്രമിസംഘം തകര്‍ത്തു.

ഏറെക്കഴിഞ്ഞാണ് പൊലീസ് എത്തിയത്. അപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. അവശനിലയിലായ രാഹുലിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും വിഷ്ണു, വിനീത് (ശിവന്‍) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ കൊട്ടാരക്കര പൊലീസ് അറസ്റ്റുചെയ്തു. 1,37,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ പരാതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക