ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കൊപ്പം സെല്‍ഫിയെടുത്ത വനിതാ പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ തീരുമാനം. പ്രിയങ്കയ്‌ക്കൊപ്പം നില്‍ക്കുന്ന പൊലീസുകാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് നടപടിയെടുക്കാന്‍ ഉന്നത കേന്ദ്രങ്ങള്‍ തീരുമാനമെടുത്തത്.പ്രിയങ്ക തന്നെയാണ് സെല്‍ഫികള്‍ ട്വീറ്റുചെയ്തത്.

പൊലീസുകാരികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രിയങ്ക രംഗത്തെത്തുകയും ചെയ്തു. ‘എന്നോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് ഒരു കുറ്റകൃത്യമാണെങ്കില്‍ ഞാന്‍ ശിക്ഷിക്കപ്പെടണം, എന്തിന് വനിതാ കോണ്‍സ്റ്റബിള്‍മാരെ കുറ്റപ്പെടുത്തണം. ഉത്സാഹമുള്ളവരും വിശ്വസ്തരുമായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യുപി പൊലീസ് നടപടിയെടുക്കുന്നത് ശരിയല്ല’ എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ, ആഗ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശുചീകരണ തൊഴിലാളിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ശ്രമിച്ച പ്രിയങ്കയെ ലക്നൗ – ആഗ്ര എക്സ്പ്രസ് ഹൈവേയിലെ ആദ്യ ടോള്‍ പ്ളാസ്ക്ക് മുന്നില്‍ യു പി പൊലീസ് തടഞ്ഞിരുന്നു. ഈ സമയത്തായിരുന്നു പൊലീസുകാരികള്‍ സെല്‍ഫിയെടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മിലുള്ള ഏറെ നേരത്തെ സംഘര്‍ഷത്തിന് ശേഷം ലക്‌നൗവിലെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയ പ്രിയങ്കയ്ക്കും മറ്റ് അഞ്ച് പേര്‍ക്കും വൈകുന്നേരത്തോടെ സന്ദര്‍ശനാനുമതി നല്‍കുകയായിരുന്നു.

ക്രമസമാധാനപ്രശ്നമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് പൊലീസ് തടഞ്ഞത്.പണം മോഷ്ടിച്ചതായി ആരോപിച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്ത ശുചീകരണ തൊഴിലാളി അരുണ്‍ വാത്മീകി മരിച്ചതിനെ തുടര്‍ന്ന് അയാളുടെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് പ്രിയങ്ക പുറപ്പെട്ടത്. ഒരു മാസത്തിനിടെ പ്രിയങ്കയെ രണ്ടാം തവണയാണ് യു പി പൊലീസ് തടയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക