തിരുവനന്തപുരം: ഇന്ധനത്തിന് സംസ്ഥാനം ഈടാക്കുന്ന അധികനികുതി ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യം പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നികുതിയില്‍ കുറവ് വരുത്താന്‍ കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഈ ഘട്ടത്തിലാണ് പ്രതികരണവുമായി സിഐടിയു രംഗത്തെത്തിയത്.

പെട്രോളിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അധികനികുതി ഈടാക്കുന്നില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നികുതി കുറച്ചിട്ടുണ്ട്. നിലവിലത്തെ സാഹചര്യത്തില്‍ നികുതി കുറയ്ക്കണമെന്ന് സിഐടിയു ആവശ്യപ്പെടില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം ഒരുപാട് പണം ആവശ്യമുള്ള സമയമാണ്. മരം കുലുക്കിയാല്‍ പണം വീഴില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംയുക്ത ട്രേഡ് യൂണിയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ പ്രതികരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചക്ര സ്തംഭന സമരം നടത്തും. രാവിലെ 11 മുതല്‍ 11.15 വരെയാണ് സമരം നടക്കുക. വാഹനങ്ങള്‍ നിര്‍ത്തിയിട്ട് തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിക്കും. പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില ദിനംപ്രതി വര്‍ധിപ്പിക്കുന്ന മോദി സര്‍ക്കാര്‍ നയം ജനങ്ങള്‍ക്ക് താങ്ങാനാവാത്ത ഭാരമായി മാറിയിരിക്കുകയാണെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ കുറ്റപ്പെടുത്തി. അതിനാല്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ഈ സമരത്തില്‍ എല്ലാ സ്വകാര്യ വാഹനങ്ങളും അണി ചേരണമെന്ന് സമിതി ആവശ്യപ്പെട്ടു. ബസ്സ് ഓപ്പറേറ്റര്‍മാരുടെ സംഘടനകളും ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷനും സമരത്തില്‍ പങ്കെടുക്കും. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആംബുലന്‍സുകള്‍ക്ക് കടന്ന് പോകാന്‍ സമര വോളന്റിയര്‍മാര്‍ സൗകര്യം ഒരുക്കും.

അതേസമയം, പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. രാജ്യത്തെ എല്ലാ നഗരങ്ങളിലും ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലാണ്. വെള്ളിയാഴ്ച ഒരു ലിറ്റര്‍ പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും എണ്ണക്കമ്ബനികള്‍ വര്‍ധിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96.93 രൂപയും ഡീസലിന് 87.69 രൂപയുമാണ്. മുംബൈയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ധനവില. ഒരു ലിറ്റര്‍ പെട്രോളിന് 103.08 രൂപയും ഡീസലിന് 95.14 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 97.15 രൂപയും ഡീസലിന് 92.52 രൂപയുമാണ്. കഴിഞ്ഞ 53 ദിവസത്തിനിടെ ഇരുപത്തിയാറ് തവണയും ഈ മാസം പത്ത് തവണയുമാണ് വില വര്‍ധിപ്പിച്ചത്.

ബുധനാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 13 പൈസയും വര്‍ധിച്ചിരുന്നു. മെയ് മാസത്തില്‍ 16 തവണ വില വര്‍ധിപ്പിച്ചിരുന്നു. മെയ് മെയ് നാലിന് ശേഷമാണ് എണ്ണ കമ്ബനികള്‍ ദിവസേന വില വര്‍ധന പുനഃരാരംഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് 18 ദിവസം തുടര്‍ച്ചയായി എണ്ണ വിലയില്‍ വര്‍ധനവുണ്ടായിരുന്നില്ല. വാറ്റ് നികുതിയും ചരക്കുകൂലിയും മറ്റ് പ്രാദേശിക നികുതികളും അനുസരിച്ച്‌ ഓരോ നഗരങ്ങളിലും വില വ്യത്യാസപ്പെട്ടിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. പിന്നാലെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ വരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക