തിരുവനന്തപുരം: ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദന്‍. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക എന്നത് പാര്‍ട്ടി നയമല്ല. എന്താണ് നടന്നതെന്ന് മനസിലാക്കിയാലേ കൂടുതല്‍ പ്രതികരിക്കാനാകുവെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച്ചയിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികള്‍ ഓണസദ്യ മാലിന്യത്തില്‍ തള്ളി പ്രതിഷേധിച്ചത്. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീര്‍ന്നിട്ടും പണി ചെയ്യിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടേയും ഹെല്‍ത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷനിലെ ഏഴ് സ്ഥിരം തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്യുകയും നാല് താല്‍കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു കൊണ്ടാണ് മേയര്‍ ഉത്തരവിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തങ്ങള്‍ നേരിട്ട അപമാനത്തില്‍ മനംനൊന്ത് ചെയ്തതാണെന്നായിരുന്നു തൊഴിലാളികളുടെ വിശദീകരണം. പിന്നീട് ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നു. നടപടി പിന്‍വലിക്കണമെന്ന് സിഐടിയുവും ഐഎന്‍ടിയുസിയും ആവശ്യപ്പെട്ടു. ഭക്ഷണം വലിച്ചെറിഞ്ഞതിനെ വിമര്‍ശിച്ച്‌ മേയര്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. തൊഴിലാളികളുടെ ഭാഗം കേള്‍ക്കാതെയാണ് നടപടി എന്നാണ് ഇവരുടെ പരാതി. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു മേയര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക