മലപ്പുറം: ജില്ലയില്‍ അതിതീവ്ര മഴ തുടരുന്നതിനാല്‍ താലൂക്ക്തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നു.ജില്ലതല കണ്ട്രോള് റൂമില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ല ദുരന്തനിവാരണ സമിതി യോഗത്തില്‍ കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ നിര്‍ദേശം നല്കി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ട എല്ലാ വകുപ്പുകളും ജാഗ്രത പാലിക്കുകയും ആവശ്യമായ സാഹചര്യങ്ങളില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയും വേണം.
ദുരിതാശ്വാസ ക്യാമ്ബുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. ക്യാമ്ബുകളില്‍ ഭക്ഷണം ഉറപ്പാക്കാന്‍ ജില്ല സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദേശം നല്കി. മെഡിക്കല്‍ സഹായവും മരുന്നും ഉറപ്പാക്കും. വനമേഖലകളില്‍ ഒറ്റപ്പെട്ടുപോകുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സൗകര്യമൊരുക്കും. പ്രളയ സമാനമായ സാഹചര്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ആവശ്യമായി വരുകയാണെങ്കില്‍ അതിനായുള്ള ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ജലാശയങ്ങള്‍, തോടുകള്‍, നദികള്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിതീവ്ര മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. യോഗത്തില്‍ ജില്ല വികസന കമീഷനര്‍ പ്രേം കൃഷ്ണന്, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, എ.ഡി.എം എന്‍.എം. മഹറലി, ദുരന്തനിവാരണ സമിതി അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ല ദുരന്തനിവാരണകണ്ട്രോള് റൂംഫോണ് : 1077, 0483 2736320, 9383464212താലൂക്ക് കണ്ട്രോള് റൂം നമ്ബര്പൊന്നാനി – 0494 2666038തിരൂര്‍ – 0494 2422238തിരൂരങ്ങാടി – 0494 2461055ഏറനാട് – 0483 2766121പെരിന്തല്‍മണ്ണ – 04933 227230നിലമ്ബൂര്‍ – 04931 221471കൊണ്ടോട്ടി – 0483 2713311പൊലീസ് – 1090, 0483 2739100ഫയര്‍ഫോഴ്സ് – 101, 0483 2734800