കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ ആളുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയ മോന്‍സന്‍ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത് നാടകീയമായി.ശനിയാഴ്ച ചേര്‍ത്തലയിലെ വീട്ടിലെത്തിയാണ് മോന്‍സനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ അടുത്തായിട്ടും ക്രൈം ബ്രാഞ്ച് ഇക്കാര്യം അറിയിച്ചില്ല.മഫ്തിയില്‍ രണ്ട് വാഹനങ്ങളിലായി എത്തിയ ക്രൈംബ്രാഞ്ച് സംഘമാണ് മോന്‍സനെ പിടികൂടിയത്. മോന്‍സന്റെ മകളുടെ മനസ്സമ്മത ചടങ്ങിന്റെ സ്വീകരണം കഴിഞ്ഞാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍ പ്രവേശിച്ചത്.ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോള്‍ അതിഥികള്‍ ആയിരിക്കുമെന്നാണു വീട്ടുകാര്‍ കരുതിയത്. അറസ്റ്റ് ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞതോടെ മോന്‍സന്‍ ബഹളമുണ്ടാക്കി. ഇതോടെ അംഗരക്ഷകര്‍ ആക്രോശിച്ചു രംഗത്തെത്തിയെങ്കിലും ക്രൈംബ്രാഞ്ച് ആണെന്ന് അറിഞ്ഞതോടെ കടന്നുകളഞ്ഞു.മോന്‍സണ്‍ മാവുങ്കലിന്റെ വീടുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത് അന്നത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സന്റെ തട്ടിപ്പ്.തനിക്ക് കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും തനിക്ക് പണമയച്ചിരുന്നെന്നും എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു മോന്‍സണ്‍ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയത്.പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖ ചമച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക