കോൺഗ്രസിലെ ഇപ്പോഴത്തെ ഔദ്യോഗിക നേതൃത്വം ആയാലും, അവർക്കെതിരെ പടപൊരുതുന്ന ഗ്രൂപ്പ് നേതൃത്വങ്ങൾ ആയാലും മക്കൾ രാഷ്ട്രീയത്തെ കൈ വിടാതെയാണ് ഇരുപക്ഷവും നീങ്ങുന്നത്. ഔദ്യോഗിക നേതൃത്വം നൽകുന്ന പിന്തുണയോടെ പാർട്ടിക്കുള്ളിലോ യുവജന സംഘടനകളിലോ നേതൃനിരയിൽ എത്താനുള്ള ശ്രമങ്ങളാണ് എകെ ആൻറണിയുടെ മകൻ അനിൽ ആൻറണിയും, തിരുവഞ്ചൂരിൻറെ മകൻ അർജുൻ രാധാകൃഷ്ണനും നടത്തുന്നത്. രമേശ് ചെന്നിത്തലയും തൻറെ മകൻ രോഹിത് ചെന്നിത്തലയെ സജീവരാഷ്ട്രീയത്തിൽ ഇറക്കാൻ ആണ് ആഗ്രഹം. ഇതിന് എ ഗ്രൂപ്പ് പിന്തുണയും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്.

കോൺഗ്രസിൽ ശൈലി മാറ്റവും, സംഘടന അച്ചടക്കവും എല്ലാം നടപ്പാക്കും എന്ന കെപിസിസി നേതൃത്വം പറയുമ്പോഴും പിൻവാതിൽ നിയമനങ്ങൾ നടക്കുന്നതിന് തെളിവാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന മുൻ എ ഗ്രൂപ്പ് നേതാവിൻറെ മകൻ യാതൊരു പ്രവർത്തന പാരമ്പര്യവും ഇല്ലാതെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്ക്താവായി നിയമിതനായത്. എന്നാൽ സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വവും അണികളും ശക്തമായി പ്രതിഷേധം ഉയർത്തിയതോടെ ഈ നിയമനം താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വലിയ ശ്രദ്ധ ക്ഷണിക്കാതെ എകെ ആൻറണി മകനെ കെപിസിസി സോഷ്യൽ മീഡിയ ചുമതലക്കാരനായി നിയമിച്ചെടുത്തിരുന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്ന അവസാന കാലഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് വേളയിലും അദ്ദേഹത്തിനുവേണ്ടി സാമൂഹ്യ മാധ്യമ പ്രചരണം ഉൾപ്പെടെ ആവിഷ്കരിച്ച നടപ്പാക്കിയത് മകൻ രോഹിത് ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ കോൺഗ്രസിന് കേരളത്തിൽ ഏറ്റ കനത്ത തുടർ പരാജയങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ മക്കളുടെ രാഷ്ട്രീയപ്രവേശനം ഉറപ്പിക്കുവാൻ പിതാക്കന്മാർ പെടാപ്പാട് പെടുന്ന കാഴ്ചയാണ് ഇപ്പോൾ കോൺഗ്രസിൽ കാണുന്നത്. സ്വന്തം അണികൾ പോലും ശക്തമായ പ്രതിഷേധങ്ങൾ ആണ് ഈ നീക്കങ്ങൾക്കെതിരെ നടത്തുന്നത്. എങ്കിലും ഏതുവിധേനയും മക്കളെ കോൺഗ്രസ് നേതൃസ്ഥാനങ്ങളിൽ എത്തിക്കുവാനുള്ള ചടുല നീക്കങ്ങൾ ഈ പിതാക്കന്മാർ ഇപ്പോഴും നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള നീക്കങ്ങളോട് കെപിസിസി നേതൃത്വം പുലർത്തുന്ന സമീപനം അവരുടെ വിശ്വാസ്യതയെ പോലും ബാധിക്കും എന്ന നിലയിൽ നേതൃ നിരയിലും ഇതിനെക്കുറിച്ച് ആശങ്കയുണ്ട്.

തങ്ങളുടെ നിയമസഭാ മണ്ഡലങ്ങളിൽ ഉൾപ്പെടെ മക്കളെ പിൻഗാമികൾ ആക്കുവാൻ ഉള്ള നേതാക്കന്മാരുടെ ശ്രമത്തെ ഏതുവിധേനയും ചെറുക്കും എന്ന നിലയിലാണ് യുവജന സംഘടനയിലെ പ്രവർത്തകരും നേതാക്കളും നിലപാട് എടുത്തിരിക്കുന്നത്. പതിറ്റാണ്ടുകൾ പാർലമെൻററി പദവികളിൽ ഇരുന്ന നേതാക്കൾ തങ്ങൾക്ക് ശേഷം മക്കൾ എന്ന നിലയിൽ കോൺഗ്രസിനെ ഹൈജാക്ക് ചെയ്യുവാനുള്ള ശ്രമങ്ങളെ പരസ്യമായി എതിർത്തു തോൽപ്പിക്കാൻ ആണ് ഇവരുടെ തീരുമാനം. അർജുൻ രാധാകൃഷ്ണൻ സംസ്ഥാന വക്താവായി നിയമിതനായ വിവരം പുറത്തുവന്ന ഉടൻ തന്നെ പാർട്ടിയുടെ സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. പ്രതിഷേധ ചൂട് മാത്രമാണ് നിയമനം താൽക്കാലികമായി മരവിപ്പിക്കുവാൻ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തെ പോലും നിർബന്ധിതമാക്കിയത്. അതുകൊണ്ടുതന്നെ വിഷയത്തെ തന്ത്രപൂർവ്വം കൈകാര്യം ചെയ്യുവാൻ ആണ് പ്രമുഖ പിതാക്കന്മാരുടെ തീരുമാനം. ഇതിനുവേണ്ടി പാർട്ടിക്കുള്ളിൽ തീവ്ര യുദ്ധവും വിഭാഗീയതയും അഴിച്ചുവിടാൻ പോലും ഇവർ മടിക്കുകയില്ല എന്ന നിരീക്ഷണത്തിലാണ് പ്രമുഖ രാഷ്ട്രീയ കേന്ദ്രങ്ങൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക