തൊടുപുഴ: സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി കള്ളു ഷാപ്പുകളില്‍നിന്ന്‌ എക്‌സൈസ്‌ ശേഖരിച്ച തെങ്ങിന്‍ കള്ളില്‍ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ 44 ഷാപ്പുകളുടെ ലൈസന്‍സ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു. ജില്ലാ എക്‌സൈസ്‌ മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാന എക്‌സൈസ്‌ കമ്മീഷണറാണ്‌ ലൈസന്‍സ്‌ റദ്ദാക്കിയത്‌. ലൈസന്‍സികള്‍ കാരണം കാണിക്കല്‍ നോട്ടീസ്‌ കൈപ്പറ്റിയില്ലെന്നും എക്‌സൈസ്‌.

കാക്കനാട്ടെ സര്‍ക്കാരിന്റെ കെമിക്കല്‍ ലാബില്‍ അയച്ച സാമ്ബിളിന്റെ ഫലം കഴിഞ്ഞ 11 നാണ്‌ എക്‌സൈസിന്‌ ലഭിച്ചത്‌. 2020 ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ കള്ളുഷാപ്പുകളില്‍ നിന്ന്‌ ശേഖരിച്ച തെങ്ങിന്‍കള്ളില്‍ അതീവ ഗുരുതരമായ കഞ്ചാവിന്റെ (കന്നാബിനോയ്‌ഡ്‌) സാന്നിധ്യം കണ്ടെത്തിയെന്നാണ്‌ ലാബ്‌ റിപ്പോര്‍ട്ട്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ തൊടുപുഴ റേഞ്ചിന്‌ കീഴില്‍ 34 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. 25 ഷാപ്പുകളില്‍നിന്ന്‌ ശേഖരിച്ച സാമ്ബിളുകളിലാണ്‌ രാസവസ്‌തു കണ്ടെത്തിയത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

25 ഷാപ്പുകളുടെ ലൈസന്‍സികളായി 8 പേരും ഇവിടുത്തെ വില്‍പ്പനക്കാരുമാണ്‌ പ്രതികള്‍. കേസ്‌ എടുത്ത സാഹചര്യത്തില്‍ ഇതേ ഗ്രൂപ്പിന്‌ കീഴില്‍ വരുന്ന 44 ഷാപ്പുകളാണ്‌ അടപ്പിച്ചത്‌. തൊടുപുഴ റേഞ്ചിലാകെ 10 ലൈസന്‍സികളായി (ഗ്രൂപ്പുകള്‍) 51 ഷാപ്പുകളാണുള്ളത്‌. ഇതിലൊരു ഗ്രൂപ്പില്‍ കീഴില്‍ 5-7 ഷാപ്പ്‌ വരെ വരും. ഒരാള്‍ക്കെതിരെ തന്നെ ഇത്തരത്തില്‍ ആവര്‍ത്തിച്ച്‌ കേസുകളെടുത്തിട്ടുണ്ട്‌.

കേസെടുത്തതോടെ ഈ ലൈസന്‍സിയുടെ കീഴിലുള്ള മുഴുവന്‍ ഷാപ്പുടമകളും പ്രതികളാണെന്നും ഇവര്‍ ഒളിവിലാണെന്നും ഇടുക്കി എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. സലീം പറഞ്ഞു. അടച്ചിട്ട ഷാപ്പുകള്‍ ബദല്‍ സംവിധാനത്തിലൂടെ തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക