കേരള വനിതാ കോൺഗ്രസ്-എം ജന്മദിന സമ്മേളനത്തിന് ഭാഗമായി ഇന്ന് കോട്ടയം കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിക്കുന്നത് തോമസ് ചാഴികാടൻ എംപിയാണ്. ഈ പരിപാടിയിൽ പങ്കെടുക്കുവാൻ പാലാ നഗരസഭയിലെ വനിതാ കൗൺസിലർമാർ പാലാ നഗരസഭാ സെക്രട്ടറിയുടെ ഔദ്യോഗിക വാഹനത്തിലാണ് കോട്ടയത്തേക്ക് യാത്രതിരിച്ചത്. മുൻ ചെയർപേഴ്സൺമാർ അടക്കമുള്ള വനിതാ കൗൺസിലർമാരാണ് ഇത്തരത്തിൽ നഗ്നമായ അധികാരദുർവിനിയോഗം നടത്തിയിരിക്കുന്നത് എന്ന ആക്ഷേപമാണ് ഇപ്പോൾ ഉയർന്നു വരുന്നത്.

നഗരസഭാ സെക്രട്ടറിക്കാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ചുമതലകൾ ഏകോപിപ്പിക്കാനുള്ള ഉത്തരവാദിത്വം. ഓണത്തിന് ശേഷം വരുന്ന നാല് ആഴ്ചകളിലേക്ക് അതീവജാഗ്രത പ്രതിരോധ പ്രവർത്തനങ്ങളിൽ പുലർത്തണമെന്ന് ഇന്നലെ ആരോഗ്യവകുപ്പ് ഉത്തരവിട്ടിരുന്നു. അത്യന്തം ഗൗരവമേറിയ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കേണ്ട ഒരു ഉദ്യോഗസ്ഥൻറെ ഔദ്യോഗിക വാഹനം ആണ് ഇപ്പോൾ വനിതാ കൗൺസിലർമാർക്ക് പാർട്ടി പോഷക സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കുവാൻ വേണ്ടി വിട്ടുകൊടുത്തിരിക്കുന്നത്. പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് ഡിസയർ കാർ ആണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്തു എന്ന് ആക്ഷേപം ഉയരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഷയം ഗൗരവതരം, പരിശോധിച്ചശേഷം യാഥാർത്ഥ്യം ഉണ്ടെങ്കിൽ ശക്തമായി പ്രതിഷേധിക്കും: പ്രതിപക്ഷ നേതാവ് പ്രൊഫസർ സതീഷ് ചൊള്ളാനി.

മുനിസിപ്പൽ സെക്രട്ടറിയുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി വാങ്ങിയ വാഹനം, ഏതെങ്കിലും പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുവാൻ വേണ്ടി കൗൺസിലർമാർ ഉപയോഗിക്കുന്നത് ഗൗരവതരമായ ചട്ട ലംഘനമാണ്. അതുകൊണ്ടുതന്നെ ഉയർന്നിരിക്കുന്ന ആരോപണം യാഥാർത്ഥ്യം ആണെങ്കിൽ അതിനെതിരെ ശക്തമായ പ്രതിഷേധം പ്രതിപക്ഷം ഉയർത്തുമെന്ന് യുഡിഎഫ് പാർലമെൻററി പാർട്ടി ലീഡറും, ബ്ലോക്ക് പ്രസിഡണ്ടും കൂടിയായ പ്രൊഫസർ സതീഷ് ചൊള്ളാനി പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക