ആര്യനാട്: വസ്‌തു ഇടപാടിനെന്ന പേരില്‍ പ്രവാസിയായ മദ്ധ്യവയസ്കനെ വിളിച്ചുവരുത്തി 26.25 ലക്ഷം രൂപ തട്ടിയെടുത്തു. കവടിയാര്‍ ഗോള്‍ഫ് ക്ലബിന് സമീപം താമസിക്കുന്ന ജെ. സുധീര്‍ ജനാര്‍ദ്ദനനെയും സുഹൃത്തിനെയുമാണ് ഇന്നലെ ആക്രമിച്ച്‌ പണം കവര്‍ന്നത്. പ്രധാന പ്രതികളില്‍ ചിലരെ രാത്രിയോടെ പൊലീസ് പിടികൂടി. ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

സുധീര്‍ രാമചന്ദ്രനെ ആളില്ലാത്ത വീട്ടില്‍ വിളിച്ചുവരുത്തിയാണ് സംഘം പണം തട്ടിയത്. നെടുമങ്ങാട് വാളിക്കോടില്‍ 1.80 ഏക്കര്‍ സെന്റ് സ്ഥലം 1.46 കോടി രൂപയ്‌ക്ക് സുധീറിന്റെ പേരില്‍ വാങ്ങാനും വഴുതക്കാട്ടുള്ള സുധീറിന്റെ അഞ്ചുസെന്റ് വസ്‌തു 1.20 കോടി രൂപയ്‌ക്ക് വാളിക്കോടുള്ള ഉടമയ്‌ക്ക് നല്‍കാനുമാണ് ഇവരെത്തിയത്. ഈ ഇടപാടില്‍ 6.25 ലക്ഷം രൂപ ദിവസങ്ങള്‍ക്കു മുമ്ബ് സുധീര്‍ കൈമാറിയിരുന്നു. ബാക്കി തുകയായ 20 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാളിക്കോടുള്ള വ‌സ്‌തു ഉടമയെന്നും മാനേജരെന്നും പരിചയപ്പെടുത്തിയ അനൂപ്, സുനില്‍കുമാര്‍ എന്നിവരാണ് കച്ചവടത്തിനെത്തിയത്. ഇവരുടെ ആവശ്യപ്രകാരം ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെ സുധീറും സുഹൃത്ത് ഷിജും ഉഴമലയ്ക്കല്‍ പുളിമൂട്ടിലുള്ള ആളില്ലാത്ത വീട്ടിലെത്തി. പിന്നാലെ കാറിലും ആറു ബൈക്കുകളിലുമായി സ്ഥലത്തെത്തിയ 10 പേര്‍ സുധീറിന്റെ കഴുത്തില്‍ ആയുധംവച്ച്‌ ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ചു. സുഹൃത്തിനെയും മര്‍ദ്ദിച്ച ശേഷം സംഘം പണവുമായി രക്ഷപ്പെട്ടു.

അവശനിലയിലായ സുധീറും സുഹൃത്തും ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആര്യനാട് ഇന്‍സ്‌പെക്ടര്‍ ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഘത്തിലെ അഞ്ചോളം പേരെ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിയാലേ കൂടുതല്‍ വ്യക്തയുണ്ടാകൂവെന്ന് ആര്യനാട് ഇന്‍സ്‌പെക്ടര്‍ ജോസ് അറിയിച്ചു. കാട്ടാക്കട ഡിവൈ.എസ്.പി പ്രശാന്തും രാത്രിയോടെ സ്ഥലത്തെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക