ഇരിട്ടി: രാപ്പകല്‍ വാഹനങ്ങള്‍ ഓടുന്ന റോഡരികിലെ വീട്ടുപറമ്ബിലെ കൃഷിയിടത്തില്‍ കാട്ടുപന്നിക്ക് സുഖപ്രസവം. കമുകിന്‍ ഓലയും വാഴയിലയും കൊണ്ടുണ്ടാക്കിയ പൊത്തില്‍ പിറന്നത് ഏഴ് കുഞ്ഞുങ്ങള്‍.ജനവാസകേന്ദ്രത്തില്‍ നാട്ടുകാരുടെ അങ്കലാപ്പിനിടയില്‍ തള്ളപ്പന്നി ഓടിപ്പോയതോടെ കുഞ്ഞുങ്ങളുടെ സംരക്ഷണം വനംവകുപ്പ് ഏറ്റെടുത്തു.

കീഴ്പ്പള്ളി വെളിമാനം റോഡില്‍ വളയാങ്കോടിന് സമീപമുള്ള കദളിക്കുന്നേല്‍ ജോസിന്റെ വീട്ടു പറമ്ബിലെ ഒന്നര വര്‍ഷത്തോളം പ്രായമായ 20 ഓളം കമുങ്ങിന്‍ തൈകളും ചെറിയ വാഴകള്‍ നശിപ്പിക്കപ്പെട്ടതോടെയാണ് കാട്ടുപന്നിയുടെ സാന്നിദ്ധ്യം വെളിപ്പെട്ടത്. ആരോ മനപൂര്‍വം കൃഷി നശിപ്പിച്ചതാണെന്ന് കാട്ടി കൃഷിഭവനില്‍ കഴിഞ്ഞ ദിവസം ജോസ് പരാതി നല്‍കിയിരുന്നു. കാട്ടുപന്നിയുടെ ആക്രമണത്തിലാണ് കൃഷി നശിച്ചതെന്ന് ആറളം കൃഷി ഓഫീസര്‍ കോകില കൃഷിയിടം സന്ദര്‍ശിച്ച്‌ സ്ഥിരീകരിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൃഷിനാശത്തിന് നഷ്ടപരിഹാരം കിട്ടാന്‍ അപേക്ഷ നല്‍കണമെന്ന് നിര്‍ദ്ദേശിച്ച്‌ അവര്‍ തിരിച്ചുപോയതിന് പിന്നാലെ ജോസ് കമുകിന്‍ പട്ടയും വാഴയും നീക്കുന്നതിനിടയില്‍ മുന്നിലുണ്ടായിരുന്ന പൊത്തില്‍ നിന്ന് കാട്ടുപന്നി ചാടുകയായിരുന്നു. പന്നിയുടെ കുത്തേറ്റ് ജോസിന്റെ കാലിന് പരിക്കേല്‍ക്കുകയും ചെയ്തു.

തിങ്കളാഴ്ച്ച രാവിലെ പൊത്തിനുള്ളില്‍ നിന്നും രണ്ട് പന്നിക്കുട്ടികള്‍ പുറത്തേക്ക് വന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ആളുകള്‍ കൂട്ടത്തോടെ ഇവിടെയെത്തി.കാണാനെത്തിയവരില്‍ ആരോ പൊത്തിനുള്ളിലേക്ക് കല്ല് എറിഞ്ഞതോടെ തള്ളപ്പന്നി ചാടി രക്ഷപ്പെടുകയായിരുന്നു. തള്ള പന്നി പോയതോടെ പൊത്തിനുള്ളില്‍ നിന്നും പന്നി കുഞ്ഞുങ്ങള്‍ പുറത്തേക്ക് വന്നു. കാണാനെത്തിയചിലര്‍ പൊത്തു നീക്കിയപ്പോള്‍ ഏഴോളം കുഞ്ഞുങ്ങളെ കണ്ടെത്തി.

വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കീഴ്പ്പള്ളി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിലെ ഫോറസ്റ്റര്‍ എന്‍.ടി. സുധാകരന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പന്നി കുട്ടികളെ എടുത്ത് വനം വകുപ്പിന്റെ ഓഫീസില്‍ സംരക്ഷണത്തിലാക്കി. തള്ളപ്പന്നി നാട്ടുകാരെ കണ്ട് ഭയന്നോടിയതിനാലും പൊത്ത് നാട്ടുകാര്‍ നീക്കിയതിനാലും രണ്ട് ദിവസം മാത്രം പ്രായമായ കുഞ്ഞുങ്ങളുടെ സംരക്ഷണം വനം വകുപ്പ് ഏറ്റെടുക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക