കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഹൈക്കോടതി നിര്‍ദേശത്തില്‍ ജില്ലാ രജിസ്ട്രാറുടെ അന്വേഷണത്തിലാണ് നടപടി. മുന്‍ഭരണസമിതി 2016 മുതല്‍ കൈക്കൊണ്ട എല്ലാ നടപടികളും റദ്ദാക്കിയിട്ടുണ്ട്. ഭരണസമിതി അഴിമതി ആരോപിച്ചുകൊണ്ട് മുന്‍ അംഗം എന്‍ മനോജ് ആണ് നേരത്തെ കോടതിയെ സമീപിച്ചത്.

തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ രജിസ്ട്രാര്‍ അന്വേഷണം നടത്തി.അതില്‍ അഴിമതി നടന്നതായി കണ്ടെത്തുകയും അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ രജിസ്ട്രാര്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കാര്‍ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പിരിച്ചുവിടാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. തുടര്‍നടപടികള്‍ക്കായി ജില്ലാ കോടതിയെ സമീപിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയമവിരുദ്ധമായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ നീക്കി പുതിയ ഭരണസമിതിയെ നിയമിക്കുക, സംഘടനയുടെ കാര്യക്ഷമമായ നടത്തിപ്പിനായി സംവിധാനം രൂപീകരിക്കുക തുടങ്ങിയ നടപടികള്‍ക്കായി എറണാകുളം ജില്ലാ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിനാണു കലക്ടറെ ചുമതലപ്പെടുത്തിയത്. 2016 ഏപ്രില്‍ 12നു കാലാവധി അവസാനിച്ച ഭരണസമിതി നിയമവിരുദ്ധമായി അധികാരത്തില്‍ തുടര്‍ന്നതും അര്‍ഹരായ പല അംഗങ്ങളെയും മാറ്റി നിര്‍ത്തി 2023 ജൂണ്‍ 30നു പൊതുയോഗം വിളിച്ചു പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തതും നിയമവിരുദ്ധമാണെന്നു ജില്ലാ റജിസ്ട്രാറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കാലാവധിക്കു ശേഷവും നിയമവിരുദ്ധമായി അധികാരത്തില്‍ തുടര്‍ന്ന ഭരണസമിതി മുന്‍ സെക്രട്ടറി കൂടിയായ അബ്ദുല്‍ അസീസിനെ മതിയായ കാരണം കൂടാതെ പുറത്താക്കിയ നടപടി മരവിപ്പിക്കണം. 2016 – 17 മുതലുള്ള വരവു ചെലവു കണക്കുകളും അക്കാലത്തു സ്ഥല വില്‍പന നടത്തിയതും പുതിയ സ്ഥലം വാങ്ങി കെട്ടിടം നിര്‍മിച്ചതും പൊതുയോഗം പരിശോധിക്കണം.കൂടാതെ, അധികാരമില്ലാത്ത ഭരണസമിതി വിളിച്ചു ചേര്‍ത്ത സ്‌പെഷല്‍ പൊതുയോഗങ്ങളിലെ തീരുമാനങ്ങള്‍ മരവിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. അസോസിയേഷന്‍ അംഗമായിരുന്ന എന്‍. മനോജ് സമര്‍പ്പിച്ച ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഉത്തരവു പ്രകാരമാണു ജില്ലാ റജിസ്ട്രാര്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചത്.

സിയാദ് കോക്കര്‍ പ്രസിഡന്റും എം.എം. ഹംസ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഭരണസമിതിയാണു കാലാവധി കഴിഞ്ഞിട്ടും അധികാരത്തില്‍ തുടര്‍ന്നത്. നിയമവിധേയമല്ലാതെ ഇവര്‍ വിളിച്ചു ചേര്‍ത്ത പൊതുയോഗമാണു ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രസിഡന്റായ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഫിലിം ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക