ചില കോൺഗ്രസ് നേതാക്കൾ അങ്ങനെയാണ്. പാർട്ടിക്കുള്ളിൽ പുനസംഘടന നടക്കുമ്പോഴും, നിയമസഭാ ടിക്കറ്റ് പിടിച്ചെടുക്കാനും എല്ലാം അവർ ജാതിയും മതവും സഭയും സഭാ സ്നേഹവും സഭയുടെ പിന്തുണയും എല്ലാം ഉയർത്തിക്കാട്ടും. എന്നാൽ തിരഞ്ഞെടുപ്പില്ലാത്തപ്പോഴും, സഭയ്ക്ക് എന്തെങ്കിലും ആവശ്യം വരുമ്പോഴും അവർ നിഷ്പക്ഷമായ മതേതര നിലപാട് എന്ന് പ്രഖ്യാപിച്ച് മൗനം അവലംബിക്കും. ഇത്തരം നേതാക്കളുടെ കഴിവുകേടാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ കുത്തകയായി മധ്യതിരുവിതാംകൂറിലെ കത്തോലിക്കാ ഭൂരിപക്ഷ മേഖലകൾ മാറിപ്പോയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് യുഡിഎഫ് വിട്ടതോടെ ഏറ്റവും വലിയ നേട്ടം ഉണ്ടായ രണ്ട് നേതാക്കളാണ് ജോസഫ് വാഴക്കനും, ടോമി കല്ലാനിയും. യുഡിഎഫിന്റെ ഘടനയിൽ ഉണ്ടായ ഈ മാറ്റമാണ് കോട്ടയം ജില്ലയിൽ നിയമസഭാ ടിക്കറ്റ് നേടാൻ ഇവരെ സഹായിച്ചത്. കൈപ്പത്തി ചിഹ്നത്തിൽ പക്ഷേ മത്സരിച്ചത് മാത്രമേ ഓർമ്മയുള്ളൂ ഫല പ്രഖ്യാപനം വന്നപ്പോൾ ദയനീയ പരാജയമാണ് ഇരുവരും നേരിട്ടത്. ഇരുവരും പരാജയപ്പെട്ടത് രണ്ടില ചിഹ്നത്തിൽ മത്സരിച്ച കേരള കോൺഗ്രസ് മാണി വിഭാഗം സ്ഥാനാർത്ഥികളോടാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് ആഞ്ഞുവീശിയ ഇടതു തരംഗം സാക്ഷാൽ ജോസ് കെ മാണി മത്സരിച്ച പാലായിലും, കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് ഏറ്റവും ശക്തമായ സംഘടനാ സംവിധാനമുള്ള കടുത്തുരുത്തിയിലും അവർക്ക് വിജയിച്ചു കയറാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കാത്തിടത്താണ് കോൺഗ്രസിനെ ശക്തമായ സംഘടന സംവിധാനങ്ങൾ ഉള്ള പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ദുർബലരായ എതിരാളികളോട് കോൺഗ്രസിന്റെ ഈ ക്രൈസ്തവ നേതാക്കൾ ദയനീയമായി പരാജയപ്പെട്ടത്. ഇതിന് കാരണം ഇവരുടെ ക്രൈസ്തവ സ്നേഹം രാഷ്ട്രീയ പദവികൾ നേടാനുള്ള കാപട്യം മാത്രമാണെന്ന് വിശ്വാസ സമൂഹം തിരിച്ചറിഞ്ഞത് കൊണ്ടാവാം എന്ന് സൂചിപ്പിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളിയിൽ വൈദികൻ ആക്രമിക്കപ്പെട്ട വിഷയത്തിൽ ഒരു പ്രതികരണം നടത്തുവാനോ, നിയമം കർശനമായി നടപ്പാക്കണം എന്ന് ആവശ്യപ്പെടുവാനോ ഇരുവരും തയ്യാറായില്ല. അത് തങ്ങളുടെ മതേതര പ്രതിച്ഛായയെ ബാധിക്കും എന്ന് ഭയന്നിട്ട് ആവാം ഈ നേതാക്കൾ ഇങ്ങനെ ചെയ്തത്. എന്നാൽ സീറ്റിനും സ്ഥാനമാനങ്ങൾക്കും വേണ്ടി വിലപേശുമ്പോൾ ഇവർക്ക് മതേതരത്വം അല്ല മറിച്ച് സഭാ പുത്രന്മാർ എന്ന അവകാശവാദമാണ് പ്രധാന മേന്മയായി ഉയർത്തിക്കാട്ടാൻ ഉള്ളത്. ഒരുപക്ഷേ കോൺഗ്രസിനോട് അനുഭാവമുള്ള വിശ്വാസികൾ പോലും ഈ കാപട്യം തിരിച്ചറിഞ്ഞതുകൊണ്ടാവാം ഇരുവരും ദയനീയമായി പരാജയപ്പെട്ടത്.

വൈകാരികമായ ഒരു വിഷയത്തെ പക്വപരമായി സമീപിക്കുന്നതും, കുറ്റകരമായ മൗനം അവലംബിക്കുന്നതും രണ്ടാണ്. ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് അത് പ്രഖ്യാപിക്കാനുള്ള ആർജ്ജവവും നട്ടെല്ലും നിലപാടും നേതാക്കൾക്ക് ഉണ്ടാവണം. അതുണ്ടായില്ലെങ്കിൽ അണികൾക്ക് പ്രസ്ഥാനത്തോടുള്ള വിശ്വാസം തന്നെ നഷ്ടപ്പെടും എന്നതിന് ഉദാഹരണമാണ് കോൺഗ്രസിന് പല മേഖലകളിലും തങ്ങളുടെ ശക്തിക്കൊത്ത് വളരാൻ സാധിക്കാതെ പോയതിന് കാരണം. ഇതുമൂലം രാഷ്ട്രീയ നേട്ടം കൊയ്യുന്നത് കോൺഗ്രസിന്റെ ബദ്ധ ശത്രുവായ ബിജെപിയാണെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധിയില്ലാഞ്ഞിട്ടല്ല മറിച്ച് പ്രസ്ഥാനത്തിൻറെ വിജയത്തിനും അപ്പുറം സ്വന്തം നേട്ടങ്ങളും പ്രതിച്ഛായയും നേതാക്കൾക്ക് വലുതാകുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള സാഹചര്യങ്ങൾ സംജാതമാകുന്നത്.

വർഗീയവിഷം ചീറ്റുന്ന പിസി ജോർജിനെ പോലുള്ള നേതാക്കൾ പോലും ഈ മേഖലകളിൽ കൂടുതൽ സ്വീകാര്യത കൈവരിക്കുന്നത് ഇത്തരക്കാരുടെ കഴിവുകേട് കൊണ്ടാണ്. അന്ധമായ ഒരു നിലപാട് അല്ല മറിച്ച് നിഷ്പക്ഷമായ ഒരു നിലപാട് രാഷ്ട്രീയ നേതാക്കൾക്ക് ഉണ്ടാവേണ്ടത് അനിവാര്യമാണ്. ഇവരുടെ നിലപാടില്ലായ്മ മൂലം തകർന്നുപോകുന്നത് പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയാണ്, മുറിവേൽക്കുന്നത് പ്രസ്ഥാനത്തിന്റെ ഭാഗമായി നിൽക്കുന്ന വിശ്വാസികൾക്കാണ്. സമാനമാണ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെയും അവസ്ഥ. ചില ന്യൂനപക്ഷ വോട്ട് ബാങ്കുകൾ നിലനിർത്തുന്നത് കൊണ്ടും സിപിഎമ്മിനോടുള്ള ഭയഭക്തി ബഹുമാനങ്ങൾ കൊണ്ടും ഇവർക്കും നിലപാടുകൾ എടുക്കാൻ സാധിക്കുന്നില്ല. ഇതെല്ലാം ആത്യന്തികമായി ബിജെപിയുടെ വളർച്ചയെ ഈ പ്രദേശങ്ങളിൽ സഹായിക്കുന്നു. സംരക്ഷണം ലഭിക്കുമെന്ന് മിഥ്യാധാരണയിൽ അരക്ഷിതാവസ്ഥയിൽ കഴിയുന്ന ഈ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങൾ ഒരുപക്ഷേ ബിജെപി പാളയത്തോട് കൂടുതൽ അടുത്താൽ അത് മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പരാജയം മൂലം ആകും എന്നത് സുനിശ്ചിതം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക