പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്ബലനടയില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ക്രൂര മര്‍ദ്ദനം നേരിട്ടതായി ആരോപണം. ബൗണ്‍സര്‍മാര്‍ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഗുണ്ടകളെപോലെ പെരുമാറുന്നെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കളമശ്ശേരി എഫ്‌എസിടിയിലാണ് ഗുരുവായൂര്‍ അമ്ബലനടയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടക്കുന്നത്. അവിടെയാണ് കഴിഞ്ഞ ദിവസം പ്രശ്നം ഉണ്ടായതായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പറയുന്നത്.

ഭക്ഷണം കഴിക്കാനോ ശൗചാലയത്തില്‍ പോകാനോ ബൗണ്‍സര്‍മാര്‍ അനുവദിക്കുന്നില്ലെന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ പരാതി. പോലീസില്‍ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, ഈ വിഷയത്തില്‍ ഇതുവരെയും പൃഥ്വിരാജ് പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന. ‘ജയ ജയ ജയ ജയഹേ’ എന്ന സിനിമയ്‌ക്ക് ശേഷം വിപിന്‍ ദാസ് ഒരുക്കുന്ന ചിത്രമാണ് ഗുരുവായൂര്‍ അമ്ബലനടയില്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ പട്ടിയെപ്പോലെയാണ് അവര്‍ കാണുന്നത്. ഉച്ച ഭക്ഷണം കഴിക്കേണ്ട സമയത്ത് പ്രൊഡക്ഷൻ ആഹാരം ശരിയാക്കി വയ്‌ക്കും. എന്നാല്‍, ബൗണ്‍സര്‍മാര്‍ സമ്മതിക്കില്ല. അതുപോലെ ഒന്ന് ടോയ്ലറ്റില്‍ പോകാൻ പോലും അനുവദിക്കില്ല. ബൗണ്‍സര്‍മാരുടെ സൗകര്യത്തിന് മാത്രമേ നമുക്ക് എന്തും ചെയ്യാൻ സാധിക്കുകയുള്ളൂ.

ഞങ്ങള്‍ നിരവധി സെറ്റുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ട് പോയിട്ടുണ്ട്. പക്ഷേ, ഇതുപോലൊരു സെറ്റ് ആദ്യമായിട്ടാണ് കാണുന്നത്. വളരെ അധികം ഉപദ്രവിച്ചിട്ടുണ്ട്. അക്രമാസക്തരായാണ് ഞങ്ങളോട് ഞങ്ങളോട് പെരുമാറുന്നത്. തുടര്‍ച്ചയായി 12 ദിവസമായി ഞങ്ങള്‍ സെറ്റിലുണ്ട്. ക്രിസ്മസിന് പോലും വീട്ടില്‍ പോയിട്ടില്ല. ഞങ്ങള്‍ക്കൊക്കെ വേറെ ജോലിയൊക്കെ ഉണ്ടെങ്കിലും സിനിമയോടുള്ള ഇഷ്ടം കാരണമാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വരുന്നത്.

പൃഥിരാജിന്റെ ഗുരുവായൂര്‍ അമ്ബലനടയില്‍ എന്ന സിനിമാ ലൊക്കേഷനിലാണ് ഞങ്ങള്‍. കഴിഞ്ഞ ദിവസം അവിടെ വെച്ച്‌ ഒരു പ്രശ്നം ഉണ്ടായി, പുതുതായിട്ട് 19 വയസ്സുള്ള ഒരു ബൗണ്‍സര്‍ സെറ്റില്‍ വന്നിട്ടുണ്ടായിരുന്നു. അയാള്‍ കല്ല് കൊണ്ട് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ ഇടിച്ചു. ഒരു കാരണവും ഇല്ലാതെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ തല്ലിയത്. ഇത് ഞങ്ങള്‍ ചോദിക്കാൻ പോയിരുന്നു. പക്ഷേ, ക്രൂവിലുള്ള ബാക്കിയുള്ളവര്‍ക്ക് ഇത് ഇഷ്ടപ്പെട്ടില്ല. പ്രതികരിച്ചവര്‍ക്കെതിരെ അവര്‍ നടപടികള്‍ സ്വീകരിക്കാൻ തുടങ്ങി. ആരും കാണാതെ പ്രതികരിച്ചവരുടെ ചിത്രങ്ങളെടുത്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തു. ഞങ്ങളോട് ഷൂട്ടിന് വരണ്ടെന്നുമാണ് പറഞ്ഞിരിക്കുന്നത്.

പ്രശ്നം നടന്നപ്പോള്‍ പ്രതികരിച്ചു, അതിനാണ് ഇത്തരത്തില്‍ ഇവര്‍ ചെയ്യുന്നത്. ഞങ്ങളെ ലൊക്കേഷനില്‍ കയറ്റാത്ത വിവരം കണ്ണൂരിലുള്ള മറ്റൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സുഹൃത്തിനോട് പറഞ്ഞു. അയാള്‍ ഇന്ന് ലൊക്കേഷനില്‍ ഇക്കാര്യം ചോദ്യം ചെയ്തതിന് അവിടെയുള്ള മറ്റ് ബൗണ്‍സര്‍മാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. തലയുടെ പിൻഭാഗത്താണ് അയാള്‍ക്ക് അടി കിട്ടിയത്. ഛര്‍ദ്ദിക്കുകയും ചെയ്തു.

പോലീസിനോടും ഇക്കാര്യങ്ങള്‍ പറഞ്ഞു. പക്ഷെ, അവര്‍ ഞങ്ങളെ കൂടുതലായി സപ്പോര്‍ട്ട് ചെയ്തിട്ടില്ല. അവര്‍ കൈക്കൂലി വാങ്ങുന്നവരോടൊപ്പമല്ലേ നില്‍ക്കത്തുള്ളൂ. കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ച ഒരു ഗുണ്ടാ സംഘമാണ് അവിടെയുള്ളത്. ഞങ്ങള്‍ക്ക് ഒരു വിലയും നല്‍കുന്നില്ല. ഞങ്ങള്‍ ഇത്രയും ദിവസമായി അവര്‍ പറയുന്നത് കേട്ട് നിന്നിട്ടേയുള്ളൂ. പക്ഷേ, ബൗണ്‍സര്‍മാര്‍ ഗുണ്ടായിസമാണ് നടത്തുന്നത്.’- ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക