തിരുവനന്തപുരം : കൊലക്കേസില്‍ വിധി പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ പ്രതി മുങ്ങി. വിചാരണ പൂര്‍ത്തിയായ കേസില്‍ പ്രതി കുറ്റക്കാരനാണോ അല്ലയോ എന്നതില്‍ കോടതി വിധി പറയുന്നതിന് മുമ്ബാണ് പ്രതിയെ കാണാതായത്. പോത്തന്‍കോട് കൊയ്ത്തൂര്‍കോണം മോഹനപുരം സ്വദേശി പൊമ്മു എന്ന ബൈജുവാണ് മുങ്ങിയത്.

രാവിലെ ആറാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണു കേസ് പരിഗണിച്ചപ്പോള്‍ പ്രതി അമ്ബലത്തില്‍ തേങ്ങാ അടിക്കാന്‍ പോയിരിക്കുന്നതായി പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് കോടതി വീണ്ടും രണ്ട് തവണ പരിഗണിച്ചപ്പോഴും പ്രതി കോടതിയില്‍ എത്തിയില്ല. ഇതോടെ പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതനുസരിച്ച്‌ അന്വേഷിച്ചെത്തിയ മംഗലപുരം പൊലീസ് പ്രതിയെ മദ്യപിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തി. വിധി പറയുന്നതിന് മുമ്ബായി മദ്യപിക്കാന്‍ പോയതായിരുന്നുവെന്നും അതിനാലാണ് കോടതിയില്‍ ഹാജരാക്കാത്തതെന്നുമായിരുന്നു ബൈജുവിന്റെ മറുപടി. പോലീസ് അറസ്റ്റ് ചെയ്ത ബൈജുവിനെ നാളെ കോടതിയില്‍ ഹാജരാക്കും.

2022 ജൂണ്‍ 17ല്‍ കൊയ്ത്തൂര്‍കോണം സ്വദേശി ഇബ്രാഹിമിനെ വെട്ടി കൊലപ്പെടുത്തിയ കേസിലാണ് ബൈജുവിനെ അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയിലായിരുന്ന പ്രതി സാധനം വാങ്ങിയ ശേഷം പണം നല്‍കാതെ കടയുടമയായ യുവതിയുമായി തര്‍ക്കിക്കുകയായിരുന്നു. ഇതിനിടെ സാധനം വാങ്ങാന്‍ എത്തിയ ഇബ്രാഹിം വിഷയത്തില്‍ ഇടപെട്ടതില്‍ പ്രകോപിതനായി പ്രതി കയ്യിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച്‌ വെട്ടികൊലപ്പെടുത്തുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക