കരിമഠം കോളനിയിലെ മയക്കുമരുന്ന് വില്പനക്കെതിരെ പ്രവര്‍ത്തിച്ച യുവാവിനെ ലഹരിവില്പന വെട്ടിക്കൊന്നു. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം. കോളനി നിവാസി അര്‍ഷാദാണ് (19) കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവാവിന്റെ സഹോദരന് പരിക്കേറ്റു.ആക്രമണം തടയാൻ ശ്രമിക്കവേ വിരലിന് വെട്ടേറ്റ സഹോദരൻ അല്‍അമീനെ (23) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അര്‍ഷാദും സഹോദരനും ഉള്‍പ്പെട്ട കരിമഠം കോളനിയിലെ ബ്രദേഴ്സ് ക്ലബ് കോളനിയിലെ മയക്കുമരുന്ന് വില്പനയെ എതിര്‍ത്തിരുന്നു. ഇതേച്ചൊല്ലി പ്രതികളും ക്ലബ് അംഗങ്ങളും തമ്മില്‍ ഏറെക്കാലമായി പ്രശ്‌നമുണ്ടായിരുന്നു. ഇന്നലെ ഒത്തുതീര്‍പ്പിനെന്ന രീതിയില്‍ പ്രതികളുടെ നേതൃത്വത്തില്‍ 15ഒാളം പേരടങ്ങുന്ന സംഘം അര്‍ഷാദിനെയും സുഹൃത്തുക്കളെയും കോളനിയിലെ ടര്‍ഫിനുസമീപം വിളിച്ചുവരുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസാരിക്കുന്നതിനിടെ രഹസ്യമായി കരുതിയിരുന്ന രണ്ട് വെട്ടുകത്തികള്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ചപ്പോള്‍ ആദ്യം അര്‍ഷാദിന്റെ സഹോദരനെയാണ് വെട്ടിയത്. ഇതിനിടെ ഒറ്റയ്ക്കായിപ്പോയ അര്‍ഷാദിനെ പ്രതികളിലൊരാള്‍ കഴുത്തിന് ആഴത്തില്‍ വെട്ടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അര്‍ഷാദ് വെട്ടേറ്റു വീണതിന് പിന്നാലെ അര്‍ഷാദിന്റെ സുഹൃത്തുക്കള്‍ക്ക് നേരെ കല്ലെറിഞ്ഞ ശേഷം പ്രതികള്‍ ഒാടിരക്ഷപ്പെടുകയായിരുന്നു. അര്‍ഷാദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്തു.

ചാല ഗവ.തമിഴ് വി.എച്ച്‌.എസ്.എസില്‍ നിന്ന് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ അര്‍ഷാദ് കോളേജില്‍ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. കോര്‍പ്പറേഷനില്‍ ശുചീകരണ ജീവനക്കാരിയായ അജിതയുടെയും മുൻ ചുമട്ടുതൊഴിലാളിയായ കെ.അലിയാറിന്റെയും മകനാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക