സാമൂഹ്യസുരക്ഷാപെൻഷനുകള്‍ മിക്കതും മുടങ്ങിയിട്ട് മാസങ്ങള്‍. ഭിന്നശേഷിക്കാരുടെ കാര്യമാണ് കഷ്ടം. മറ്റുജോലിക്ക് പോകാനാവാത്ത ഇവര്‍ക്ക് മരുന്നിനും മറ്റുചെലവുകള്‍ക്കുമുള്ള ഏക ആശ്രയമാണ് പെൻഷൻ. ജൂലായ് മുതല്‍ ഈ പെൻഷനും മുടങ്ങി.1600 രൂപയാണ് പ്രതിമാസം. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് എല്ലാമാസവും 29-നകം പെൻഷൻ ലഭിച്ചിരുന്നു. പിന്നീട് പലപ്പോഴായി നീണ്ടു. നാലുമാസത്തെ കുടിശ്ശികയാവുന്നത് ആദ്യമാണെന്ന് ഭിന്നശേഷിക്കാര്‍ പറയുന്നു.

സംസ്ഥാനത്ത് ആകെ അഞ്ചുലക്ഷം പേരുണ്ട്. മാസം കുടിശ്ശിക 80 കോടിവരും. ആകെ 320 കോടി. മാനസികവെല്ലുവിളി നേരിടുന്നവരുള്‍പ്പടെ 24 വിഭാഗങ്ങളായുള്ള ഭിന്നശേഷിക്കാരാണ് പെൻഷൻ ഗുണഭോക്താക്കള്‍. അസ്ഥിവൈകല്യം, ഓട്ടിസം തുടങ്ങി പ്രത്യേകപരിഗണനയര്‍ഹിക്കുന്ന ഒട്ടേറെപ്പേര്‍ ഇക്കൂട്ടത്തിലുണ്ട്. മാനസികവെല്ലുവിളി നേരിടുന്നവര്‍ക്ക് മരുന്നുകള്‍ക്ക് മാസം 2000 രൂപയോളം ചെലവാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭിന്നശേഷിപെൻഷൻ ഏകീകരിക്കരുത്

2016-വരെ 80 ശതമാനവും അതിനുമുകളിലും അംഗപരിമിതിയുള്ളവര്‍ക്ക് 1300 രൂപയും അതിനുതാഴെ വരുന്നവര്‍ക്ക് 1100 രൂപയാണ് പെൻഷൻ നല്‍കിയിരുന്നത്. 2017-ല്‍ പെൻഷൻ ഏകീകരിച്ചു. ഇതോടെ എല്ലാവര്‍ക്കും 1600 രൂപയാക്കി. 2016-ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം മറ്റു സാമൂഹികസുരക്ഷാ പെൻഷനെക്കാള്‍ 20 ശതമാനം അധികം ഭിന്നശേഷിക്കാര്‍ക്ക് നല്‍കണം. കേരളത്തില്‍ ഇത് നടപ്പായിട്ടില്ല. കിടപ്പിലായവരെയും ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവര്‍ക്കുള്ള സര്‍ക്കാരിന്റെ ആശ്വാസകിരണം പദ്ധതി നിലച്ചിട്ട് മൂന്നുവര്‍ഷത്തിലധികമായി. രോഗികളെ പരിചരിക്കുന്നവര്‍ക്ക് മാസംതോറും 600 രൂപ നല്‍കിയിരുന്നു.

പാഴ്‌ച്ചെലവ് ഒഴിവാക്കി പരിഗണിക്കണം: “സര്‍ക്കാരിന്റെ പാഴ്‌ച്ചെലവുകള്‍ ഒഴിവാക്കി പ്രത്യേക പരിഗണന നല്‍കി ഭിന്നശേഷിക്കാരുടെ പെൻഷൻ വിതരണംചെയ്യണം. ഭിന്നശേഷി നിയമപ്രകാരമുള്ള പരിഗണന എല്ലാവിഷയത്തിലും ഉറപ്പാക്കണം”: എ.വി. മോഹനൻ – അഖില കേരള വികലാംഗ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക