കന്യാകുമാരിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിന്റെ അന്വേഷണം തുടരുന്നു. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ച മൂന്ന് അധ്യാപകരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള മൂന്ന് അധ്യാപകരെയും തുടര്‍ച്ചയായ രണ്ടാംദിവസവും അന്വേഷണസംഘം ചോദ്യംചെയ്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, അന്വേഷണസംഘം കൂടുതല്‍ നടപടികളിലേക്ക് കടന്നിട്ടില്ല.

അതിനിടെ, ജീവനൊടുക്കിയ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു അധ്യാപിക ഉള്‍പ്പെടെ മൂന്ന് അധ്യാപകരുടെ പേരുകള്‍ എഴുതി ഇവര്‍ ചെയ്ത ഉപദ്രവങ്ങളാണ് കുറിപ്പിലുള്ളത്. അധ്യാപകരിലൊരാള്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കുറിപ്പിലെ വെളിപ്പെടുത്തല്‍. അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചെന്നും ഇതാണ് മരണത്തിന് കാരണമെന്നും കത്തിലുണ്ട്. ‘ക്ഷമിക്കണം അപ്പ, നിങ്ങളെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം എന്നും വിദ്യാര്‍ഥിനി കുറിച്ചിരുന്നു’.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കന്യാകുമാരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ പി.ജി. വിദ്യാര്‍ഥിനിയായ 27-കാരിയെ വെള്ളിയാഴ്ചയാണ് ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. വെള്ളിയാഴ്ച ക്ലാസില്‍ പോകാതിരുന്ന പെണ്‍കുട്ടിയെ പിന്നീട് സഹപാഠികള്‍ ഹോസ്റ്റലില്‍ തിരിച്ചെത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിയില്‍നിന്ന് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക