ഇന്ത്യ-കാനഡ നയതന്ത്രബന്ധത്തിലുണ്ടായ പ്രതിസന്ധിയില്‍ വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ അംബാസിഡറും നയതന്ത്ര വിദഗ്ധനുമായ ടി.പി ശ്രീനിവാസൻ. ഖലിസ്താൻ ഭീകരവാദിയുടെ കൊലപാതകത്തെച്ചൊല്ലി കാനഡയിലെ പൗരര്‍ക്ക് വിസനല്‍കുന്നത് ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. ഇത് വലിയൊരുവിഭാഗം വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തി. എന്നാല്‍, നിലവിലെ സാഹചര്യം വിദ്യാര്‍ഥികളെ യാതൊരു തരത്തിലും ബാധിക്കുന്നതല്ലെന്ന് ടി.പി ശ്രീനിവാസൻ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യ- കാനഡ നയന്ത്രബന്ധത്തിന് കനിഷ്ക വിമാനദുരന്തമുണ്ടായപ്പോള്‍ പോലും ഉലച്ചില്‍ സംഭവിച്ചിട്ടില്ല. ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഇതിന് മുൻപും അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികളോ ഇന്ത്യൻ കുടിയേറ്റക്കാരോ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്രപ്രതിനിധികളെ പുറത്താക്കുന്നത് സാധാരണസംഭവമാണെന്നും ഡിപ്ലോമാറ്റിക് ഗെയിമായി കണ്ടാല്‍ മതിയെന്നും ടി.പി ശ്രീനിവാസൻ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജി-20 കഴിഞ്ഞയുടൻ തന്നെ ഇത്തരമൊരു സംഭവമുണ്ടായത് ദൗര്‍ഭാഗ്യകരമാണ്. ജസ്റ്റിൻ ട്രൂഡോയെ സംബന്ധിച്ച്‌ ഇതൊരു വോട്ട് ബാങ്ക് രാഷ്ട്രീയം കൂടിയാണ്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കാനഡയിലെ രണ്ട് ശതമാനം വരുന്ന സിഖ് വംശജരുടെ വോട്ട് ജസ്റ്റിൻ ട്രൂഡോയ്ക്ക് നിര്‍ണായകമാണ്. അതുകൊണ്ട് മാത്രമാണ് ഖലിസ്താൻ വിഷയത്തില്‍ ട്രൂഡോ ഈ നിലപാടെടുത്തിരിക്കുന്നത്. ഖലിസ്താൻ വാദികളെ കാനഡ പിന്തുണയ്ക്കുന്നതില്‍ ഇന്ത്യ നിരവധി തവണ എതിര്‍പ്പറിയിച്ചിട്ടുള്ളതാണ്.

ഇരുരാജ്യങ്ങളും ഒരുമിച്ച്‌ പരിഹരിക്കേണ്ട വിഷയമാണിത്. അതിന് പകരം മറ്റ് രാജ്യങ്ങളേയോ സംഘടനയെയോ വിഷയത്തില്‍ ഇടപെടുത്താൻ ശ്രമിക്കുന്നത് സ്ഥിതി വഷളാക്കും. പലകാര്യങ്ങളിലും ഒരുമിച്ച്‌ നില്‍ക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും കാനഡയും. സൗഹൃദരാജ്യങ്ങള്‍ക്കിടയിലുണ്ടായ ചെറിയ പ്രതിസന്ധി എന്നതിന് പകരം ഇതൊരു അന്താരാഷ്ട്ര വിഷയമാക്കുന്നത് അഭികാമ്യമല്ലെന്നും ടി.പി ശ്രീനിവാസൻ പറഞ്ഞു.

കാനഡയില്‍ നിലവില്‍ ‘ആന്റി ഇന്ത്യ’ വികാരമില്ല. വിദ്യാര്‍ഥികള്‍ അവിടെ തുടരേണ്ടത് കാനഡയുടെ കൂടി ആവശ്യമാണ്, അതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും ടി.പി ശ്രീനിവാസൻ വ്യക്തമാക്കി. ഇന്ത്യൻ വംശജരെ എക്കാലവും കാനഡ സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി കാനഡ തുറന്നുകൊടുത്ത അവസരങ്ങള്‍ അതിന് തെളിവാണ്. ആ സമീപനം ഇനിയും തുടരാനാണ് സാധ്യത.അതുകൊണ്ട് തന്നെ അല്‍പസമയമെടുത്താലും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

കാനഡയിലെ പൗരര്‍ക്ക് വിസനല്‍കുന്നത് നിര്‍ത്തിവെച്ച നടപടി മൊത്തത്തില്‍ ബാധിക്കുന്നതാണ്. പഞ്ചാബില്‍ നിന്നും മറ്റും പ്രതിഷേധമുയര്‍ന്ന് കഴിഞ്ഞു. തീവവ്രാദ വിരുദ്ധപ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂടുതല്‍ പരിഷ്കരണം നടപ്പിലാക്കും എന്ന പ്രഖ്യാപനമായിരുന്നു വേണ്ടിയിരുന്നത്. അധികം വൈകാതെ ഇന്ത്യ ആ നടപടി പിൻവലിക്കുമെന്നാണ് അറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക