പാലാ: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തമ്മിലുള്ള ശീതസമരത്തില്‍ ഒരു വിഭാഗത്തിന്‍റെ താത്പര്യം സംരക്ഷിക്കാത്തതിന്‍റെ പേരില്‍ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗത്തിന്‍റെ ഒത്താശയോടെ എക്സൈസിനെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സ്റ്റേഷന്‍ മാസ്റ്റര്‍ ജയിംസ് ജോര്‍ജിനെ കോടതി വെറുതെ വിട്ടു. പാലാ എക്സൈസ് പ്രിവന്‍റീവ് ഓഫീസറുടെ നേതൃത്വത്തില്‍ 2021 ജൂലൈയില്‍ രജിസ്റ്റര്‍ കേസിലാണ് പാലാ അസിസ്റ്റന്‍റ് സെഷന്‍സ് കോടതി ജഡ്ജി ജി. പ്രവീണ്‍കുമാര്‍ പ്രതിയെ വെറുതെവിട്ടത്.

പാലാ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ജീവനക്കാര്‍ തമ്മില്‍ കാലങ്ങളായുള്ള പടലപിണക്കം രൂക്ഷമായ സാഹചര്യത്തില്‍ സ്റ്റേഷന്‍ മാസ്റ്ററായെത്തിയ ജയിംസ് ജോര്‍ജ് ഒരു വിഭാഗത്തിന്‍റെ മാത്രം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നു എന്നാരോപിച്ച് മറുവിഭാഗം സ്റ്റേഷന്‍ മാസ്റ്ററോഫീസിലെ കോണ്‍ക്രീറ്റ് സ്ലാബിലിരുന്ന ബാഗില്‍ ചാരായമുണ്ടെന്ന് അറിയിക്കുകയും ഉടനടിയെത്തിയ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം ബാഗിലുള്ളത് അരലിറ്റര്‍ ചാരായമാണെന്നും എത്രയുംവേഗം സ്റ്റേഷന്‍ മാസ്റ്ററെ അറസ്റ്റ് ചെയ്യണമെന്നും പോലീസിനോടാവശ്യപ്പെട്ടു. സംഭവസ്ഥലത്തെത്തിയ പോലീസിന് ജീവനക്കാര്‍ തമ്മിലുള്ള പടലപിണക്കമാണ് കേസിനാധാരമെന്ന് മനസിലാകുകയം, ജീവനക്കാര്‍ തമ്മിലുള്ള പ്രശ്നത്തില്‍ പോലീസിനെ വലിച്ചിഴക്കരുതെന്നും താക്കീത് ചെയ്ത് സ്ഥലം വിട്ടു. പോലീസ് കേസെടുക്കില്ലായെന്നുകണ്ട കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് പാലാ എക്സൈസിനെ സ്വാധീനിച്ച് കേസെടുപ്പിക്കുകയും സ്റ്റേഷന്‍ മാസ്റ്ററെ അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്യിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിമാന്‍റിലായ സ്റ്റേഷന്‍ മാസ്റ്റര്‍ സസ്പെന്‍ഷനിലാകുകയും വകുപ്പുതല അന്വേഷണം നേരിടേണ്ടിവരികയും ചെയ്തു. കേസില്‍ ആകെയുണ്ടായിരുന്ന 11 സാക്ഷികളില്‍ എക്സൈസ് ഉദ്യോഗസ്ഥരായ 5 പേരും 2 പൊതു സാക്ഷികളും വില്ലേജോഫീസറും, കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് സ്ക്വാഡ് യൂണിറ്റ് ഇന്‍സ്പെക്ടര്‍മാരായ സാജു തോമസിനേയും, കെ.ജെ.മനോജിനേയും, സെക്യൂരിറ്റി ഓഫീസറേയും പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിക്കുകയും ചെയ്ത കോടതി പ്രതി കുറ്റക്കാരമല്ലായെന്ന് കണ്ടെത്തി വെറുതെ വിടുകയായിരുന്നു. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ആര്‍. മനോജ് പാലാ, ജയിസ് കാപ്പന്‍, ജോസഫ് ടി ജോണ്‍, ജോയല്‍ മാത്യു, ഇമ്മാനുവല്‍ സിറിയക് എന്നിവര്‍ ഹാജരായി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക