2014 ൽ തന്നെ അർണേഷ് കുമാർ കേസിൽ സുപ്രീംകോടതി ഏഴു വർഷത്തിൽ താഴെ ശിക്ഷയുള്ള കേസുകളിലെ പോലീസ് അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉത്തരവ് ഇറക്കിയിരുന്നു. ദാമ്പത്യജീവിതത്തിലെ ക്രൂരത സംബന്ധിച്ച കുറ്റകൃത്യങ്ങൾ (498 എ) കേസുകളുടെ അടിസ്ഥാനത്തിൽ പറഞ്ഞിരുന്ന കാര്യങ്ങൾ അത്തരത്തിൽ ഏഴു വർഷത്തിന് താഴെ ശിക്ഷ പറയുന്ന എല്ലാ കുറ്റകൃത്യങ്ങളുടെയും അറസ്റ്റ് സംബന്ധിച്ച കാര്യങ്ങളിൽ ബാധകമങ്കിലും അക്കാര്യങ്ങൾ പാലിക്കപ്പെടാത്ത സാഹചര്യത്തിൽ സുപ്രീം കോടതി വീണ്ടും മാർഗ്ഗനിർദേശങ്ങൾ നൽകി ഉത്തരവിറക്കി. (Crl Appeal 2207/2023- MD Asfak Alam V. State of Jharkhand & Another )

യാന്ത്രികമായി പോലീസ് എല്ലാ കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്യുന്നത് നിയന്ത്രിക്കാൻ വേണ്ടിയാണ് വീണ്ടും മാർഗ്ഗ നിർദ്ദേശങ്ങൾ ഇറക്കിയിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 41 പറയുന്ന അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമാണ് ഏഴു വർഷത്തിൽ താഴെ ശിക്ഷയുള്ള കേസുകളിൽ പോലീസിന് അറസ്റ്റ് ചെയ്യാവുന്നത്. അത്തരത്തിൽ അറസ്റ്റ് ചെയ്യുമ്പോൾ അതിൻറെ അത്യാവശ്യകത കാണിക്കുന്ന വിവരങ്ങൾ അക്കമിട്ട് മജിസ്ട്രേട്ടന് നൽകണം. അത് പരിശോധിച്ചതിനുശേഷം മാത്രമാകണം പ്രതിയെ റിമാൻഡ് ചെയ്യേണ്ടത്.

പ്രതിയെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്ന് തീരുമാനം കേസ് രജിസ്റ്റർ ചെയ്ത് രണ്ടാഴ്ചക്കുള്ളിൽ മജിസ്ട്രേറ്റിനെ അറിയിക്കണം. വകുപ്പ് 41 എ പ്രകാരം ഹാജരാക്കാനുള്ള നോട്ടീസും കേസ് ഫയൽ ചെയ്ത് രണ്ടാഴ്ചക്കുള്ളിൽ അറിയിക്കണം. ഇക്കാര്യങ്ങൾക്ക് മതിയായ കാരണം ഉണ്ടെങ്കിൽ പോലീസ് സൂപ്രണ്ടന്റിന് സമയപരിധി നീട്ടി നൽകാം.

ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർ വകുപ്പ് തല അന്വേഷണത്തിനും കോടതി അലക്ഷ്യത്തിനും ഉത്തരവാദികൾ ആയിരിക്കും. ഇത്തരം സാഹചര്യങ്ങൾ ബാധകമാകുന്ന കേസുകളിൽ മതിയായ കാരണങ്ങൾ ഇല്ലാതെ പ്രതികളെ റിമാൻഡ് ചെയ്യുന്ന മജിസ്ട്രേറ്റുമാരും ബന്ധപ്പെട്ട ഹൈക്കോടതികളിൽ നിന്ന് വകുപ്പുതല നടപടികൾക്ക് വിധേയരാകേണ്ടി വരും. ഏഴു വർഷത്തിൽ താഴെ ശിക്ഷയുള്ള എല്ലാ കേസുകൾക്കും അറസ്റ്റ് സംബന്ധിച്ച ഈ നിബന്ധനകൾ ബാധകമാണ്.

ഇക്കാര്യങ്ങൾ സംബന്ധിച്ച് ഹൈക്കോടതികൾ തങ്ങളുടെ കീഴിലുള്ള സെഷൻസ് കോടതികൾക്കും മറ്റ് ക്രിമിനൽ കോടതികൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകണം. അതോടൊപ്പം തന്നെ സംസ്ഥാന പോലീസ് മേധാവി കർശനമായ നിർദ്ദേശങ്ങൾ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നൽകണം. 8 ആഴ്ചയ്ക്കുള്ളിൽ ഇത്തരം നിർദ്ദേശങ്ങൾ നൽകണമെന്നാണ് 2023 ജൂലൈ 31ന് പുറത്തിറക്കിയ സുപ്രീംകോടതി ഉത്തരവിൽ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക