തിരുവനന്തപുരം: മണക്കാട് മുക്കോലയ്‌ക്കല്‍ ക്ഷേത്രത്തിനുസമീപം ബാലസുബ്രഹ്മണ്യ അയ്യരുടെ വീട്ടില്‍നിന്ന്‌ 87.5 പവൻ സ്വര്‍ണാഭരണം അടിച്ചുമാറ്റിയത് ബലാത്സംഗക്കേസില്‍ അകത്താകും മുമ്ബ് അടിച്ചുപൊളിച്ച്‌ ജീവിക്കാനെന്ന് പ്രതി ഷെഫീഖ്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഷെഫീഖ് പ്രതിയായ ബലാത്സംഗക്കേസില്‍ വിചാരണ നടക്കുകയാണ്. കോടതി ശിക്ഷിക്കും മുമ്ബ് സുഖിച്ച്‌ ജീവിക്കാനുള്ള പണം കണ്ടെത്താനാണ് സ്വര്‍ണം കവര്‍ന്നതെന്നാണ് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.17 പവൻ സ്വര്‍ണമാണ് ആദ്യം വിറ്റത്. രണ്ടുദിവസം കൊണ്ട് അമ്ബതിനായിരം രൂപയോളം ചെലവഴിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു. മദ്യപിച്ചും ഇഷ്ടഭക്ഷണങ്ങള്‍ കഴിച്ചും മുഖം മിനുക്കിയുമൊക്കെയാണ് പണം ചിലവാക്കിയത്. ഗോവയിലേക്ക് പോകാനിരിക്കെയാണ് പൊലീസിന്റെ പിടിയിലായതെന്നും ഇയാള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടാം പ്രതിയും ഷെഫീഖിന്റെ സുഹൃത്തിന്റെ ഭാര്യയുമായ ബീമാകണ്ണ് ആണ് 17 പവൻ വില്‍ക്കാൻ സഹായിച്ചത്. സ്വര്‍ണം വിറ്റ പണം കിട്ടിയതോടെ ആദ്യം കാട്ടാക്കടയിലെ ബ്യൂട്ടിപാര്‍ലറില്‍ പോയി മുടിവെട്ടിച്ചു. ഒപ്പം ഹെയര്‍ കളറിംഗും ഫേഷ്യലും ചെയ്തു. ബ്രാൻഡഡ് വസ്ത്രങ്ങളും ഷൂസും പുതിയ മൊബൈല്‍ ഫോണും വാങ്ങി. മുന്തിയ ബാര്‍ഹോട്ടലില്‍ രണ്ടു ദിവസം മദ്യപിച്ചു. ഇഷ്ടഭക്ഷണങ്ങള്‍ കഴിച്ചു. അടുത്ത ദിവസം ഗോവയിലേയ്‌ക്ക് പോകാനായിരുന്നു ലക്ഷ്യം.

സ്വര്‍ണം വിറ്റു കിട്ടിയ അഞ്ച് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം ബീമാകണ്ണിനെ ഏല്‍പ്പിച്ചുവെന്നും ഷെഫീഖ് വെളിപ്പെ‌ടുത്തി. ബാക്കി മൂന്ന് ലക്ഷം ഷെഫീഖ് എടുത്തു. മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാനും ഒളിവില്‍ താമസിക്കാനും ഷെഫീഖിനെ സഹായിച്ചത് ബീമാകണ്ണാണ്. ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഷെഫീഖിനെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഫോര്‍ട്ട് അസി.കമ്മിഷണര്‍ എസ് ഷാജി പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്. തിരിച്ചെന്തൂര്‍ ക്ഷേത്രദര്‍ശനത്തിനു പോയ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായറിഞ്ഞത്‌. മോഷണസ്ഥലത്തുനിന്ന്‌ ലഭിച്ച വിരലടയാളം മുൻമോഷണ കേസുകളിലെ പ്രതിയായ ഷഫീക്കിന്റേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്നാണ്‌ ഇയാളെ പിടികൂടിയത്. സിറ്റി പൊലീസിലെ ഫിംഗര്‍ പ്രിന്റ് വിദഗ്ധ ബി ആര്‍ പ്രിയാ റാണിയാണ്‌ റിപ്പോര്‍ട്ട് നല്‍കിയത്‌. സിറ്റി ഡെപ്യൂട്ടി കമീഷണര്‍ വി അജിത്തിന്റെ നിര്‍ദേശത്തില്‍ ഫോര്‍ട്ട് എസിപി എസ് ഷാജി ഫോര്‍ട്ട് പൊലീസിലെയും സിറ്റി ഷാഡോ പൊലീസിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തി അന്വേഷകസംഘമാണ്‌ അറസ്റ്റുചെയ്തത്. ഷഫീഖിനെ കുമാരപുരത്തുള്ള ലോഡ്ജില്‍നിന്നും ബീമാകണ്ണിനെ കോട്ടൂരുള്ള വീട്ടില്‍നിന്നുമാണ് അറസ്റ്റുചെയ്തത്.

ലഹരിക്കടിമയായ ഷഫീക് രാത്രി അലഞ്ഞു നടക്കുന്നതിനിടെ പൂട്ടിക്കിടക്കുന്ന വീടുകണ്ട്‌ കയറുകയായിരുന്നു. പിന്നിലെ ഗോവണി വഴി രണ്ടാം നിലയില്‍ എത്തിയ ഷഫീക് ഗ്രില്‍ വാതില്‍ തള്ളിത്തുറന്നാണ്‌ അകത്തുകയറിയത്‌. ഗ്രില്ലിനുള്ളില്‍നിന്നും വീട്ടിനകത്തേക്കുള്ള വാതില്‍ വീട്ടുകാര്‍ പൂട്ടാൻ മറന്നതാണ് ഷഫീഖിന് സഹായമായത്. ഷഫീഖിന്റെ സുഹൃത്തിന്റെ ഭാര്യയാണ് ബീമാക്കണ്ണ്. മോഷണം നടത്തിയതിനുമുമ്ബും ശേഷവും ഷഫീഖ് ഇവരുടെ വീട്ടിലായിരുന്നു താമസം. മോഷ്ടിച്ച ആഭരണങ്ങള്‍ കാട്ടാക്കടയിലുള്ള രണ്ട് ജ്വല്ലറികളിലാണ് വിറ്റത്. മോഷ്ടിച്ച സ്വര്‍ണത്തിന്റെ പകുതിയിലേറെയും വിറ്റു കിട്ടിയ പണവുമായാണ് ഇരുവരെയും പിടികൂടിയത്. ഷഫീഖ് നേരത്തേ ഫോര്‍ട്ട്, വലിയതുറ, വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളിലെ പ്രതിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക