ചെന്നൈ: കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയില്‍ തമിഴ്‌നാട്ടില്‍ നിന്നും മന്ത്രിയായ എല്‍. മുരുകന്റെ മാതാപിതാക്കള്‍ ഇന്നും ജീവിക്കുന്നത് വയലില്‍ പണിയെടുത്തും, കൃഷിപ്പണി ചെയ്തും. മകന്‍ കേന്ദ്രമന്ത്രിയായിട്ടും നാമക്കല്ലിലെ ആസ്ബെറ്റോസ് ഷീറ്റിട്ട കൊച്ചുവീട്ടിലാണ് മുരുകന്റെ അച്ഛന്‍ ലോകനാഥനും (68) വരുദമ്മാളും (59) താമസിക്കുന്നത്. മകന്റെ നേട്ടത്തില്‍ ഏറെ അഭിമാനം ഉണ്ടെങ്കിലും അതിന്റെ പങ്കുപറ്റാന്‍ ഇരുവരും തയാറല്ല.

തമിഴ്‌നാട് ബിജെപി സംസ്ഥാനഅധ്യക്ഷനായിരിക്കെയാണു പ്രധാനമന്ത്രി, മുരുകനെ പുതിയ ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നത്. മകന്‍ കേന്ദ്രമന്ത്രിയായതിന് ഞങ്ങളെന്ത് വേണം എന്നാണ് വരുദമ്മാള്‍ ചോദിക്കുന്നത്. കൃഷിയും കൂലിവേലയുമാണു തങ്ങളുടെ ഉത്തരവാദിത്തമെന്നും ഇതേ ജോലിതന്നെ ചെയ്തു ജീവിക്കുമെന്നുമാണ് മുരുകന്റെ മാതാപിതാക്കള്‍ പറയുന്നത്. അതുതന്നെയാണ് അവര്‍ അവരുടെ ജീവിതത്തിലൂടെ കാണിച്ചുതരുന്ന സന്ദേശവും!

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലളിതമായ ജീവിതത്തിന്റെ സന്ദേശമാണു ലോകനാഥന്‍ വരുദമ്മാള്‍ ദമ്ബതികള്‍ മുന്നോട്ടുവയ്ക്കുന്നത്. ഇന്നും ചെറിയ വീട്ടില്‍ ജീവിക്കുന്ന ഇവര്‍ കൂലിവേല ചെയ്താണു കാലങ്ങളായുള്ള ഉപജീവനം. ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും മറ്റും മകനെക്കുറിച്ചുള്ള സന്തോഷ വാര്‍ത്തകള്‍ അറിഞ്ഞപ്പോഴൊക്കെ പാടത്തു പണിയിലായിരുന്നു ഇരുവരും. 2020 മാര്‍ച്ചില്‍ ബിജെപി സംസ്ഥാന അധ്യക്ഷനായതിനു ശേഷം നാട്ടിലെത്തിയ എല്‍. മുരുകനെ പതിവുപോലെതന്നെയാണു അച്ഛനമ്മമാര്‍ വരവേറ്റത്.

ദമ്ബതികളുടെ ഇളയ മകന്‍ 5 വര്‍ഷങ്ങള്‍ക്കു മുന്‍പു മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയെയും കുട്ടികളെയും പോറ്റുന്നതും ഇവര്‍ തന്നെ. ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും പണം കടം വാങ്ങിയാണു ഇരുവരും മുരുകനെ പഠിപ്പിച്ചത്. ചെന്നൈയിലേക്കു വന്നു തനിക്കൊപ്പം നില്‍ക്കാന്‍ പലപ്പൊഴും മുരുകന്‍ നിര്‍ബന്ധിക്കാറുണ്ടെങ്കിലും അപൂര്‍വം അവസരങ്ങളില്‍ മാത്രമാണു ക്ഷണം സ്വീകരിച്ചിട്ടുള്ളതെന്നും ദമ്ബതികള്‍ പറയുന്നു. മകന്റെ തിരക്കിട്ട ജീവിതവുമായി യോജിച്ചു പോകാനാകില്ലെന്നും ഗ്രാമം തന്നെയാണു പ്രിയമെന്നും വരുദമ്മാള്‍ പറഞ്ഞു.

കേന്ദ്ര മന്ത്രിയായ കാര്യം ഫോണില്‍ വിളിച്ചറിയിച്ചപ്പോള്‍ ഇരുവരും മുരുകനോടു ചോദിച്ചത് ഇങ്ങനെ, ‘ബിജെപി സംസ്ഥാന അധ്യക്ഷനെക്കാള്‍ വലുതാണോ കേന്ദ്രമന്ത്രി സ്ഥാനം?’ മകന്‍ മന്ത്രിയായതിനു ശേഷവും ഇവരുടെ ജീവിതത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നു ഭൂവുടമയായ പളനിസ്വാമിയും സാക്ഷ്യപ്പെടുത്തുന്നു. അന്നും ഇന്നും ഇരുവരും ജീവിക്കുന്നത് അധ്വാനിച്ചുതന്നെ. ‘മകന്‍ നല്ല നിലയില്‍ എത്തിയല്ലോ, മാതാപിതാക്കള്‍ എന്ന നിലയില്‍ ഇതിനും അപ്പുറം എന്താണു ഞങ്ങള്‍ക്കു വേണ്ടത്,’ ചെറുപുഞ്ചിരിയോടെ ഇരുവരും ചോദിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക