തിരഞ്ഞെടുപ്പില്‍ മിന്നും വിജയം സ്വന്തമാക്കി അധികാരത്തിലെത്തിയെങ്കിലും കര്‍ണാടക കോണ്‍ഗ്രസിലെ പ്രശ്‌നം അവസാനിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മില്‍ ഉടലെടുത്ത തര്‍ക്കം പുതിയ മന്ത്രിസഭാ രൂപീകരണത്തിന് ശേഷവും തുടരുകയാണ് എന്നാണ് സൂചന. അത് വ്യക്തമാക്കുന്നതാണ് ഉപമുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷനുമായ ഡികെ ശിവകുമാര്‍ തന്റെ മണ്ഡലമായ കനകപുരയില്‍ ഞായറാഴ്ച നടത്തിയ പ്രസംഗം.

കനകപുരയില്‍ നടന്ന ഒരു പരിപാടിയില്‍ ഡി കെ ശിവകുമാര്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. കര്‍ണാടകയിലെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ അംഗീകരിക്കുകയും ചെയ്തു എന്നാണ് അദ്ദേഹം പരിപാടിയില്‍ പറഞ്ഞത്. എന്നാല്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സിദ്ധരാമയ്യയ്ക്ക് വേണ്ടി താന്‍ മാറികൊടുത്തു എന്നാണ് ശിവകുമാര്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘എന്നെ മുഖ്യമന്ത്രിയാക്കുന്നതിന് വേണ്ടി നിങ്ങള്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചു. പക്ഷേ എന്ത് ചെയ്യും, ഒരു തീരുമാനമെടുക്കേണ്ടി വന്നു. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എനിക്ക് ഒരു ഉപദേശം നല്‍കി. പാര്‍ട്ടിയിലെ മുതിര്‍ന്നവരുടെ വാക്കുകള്‍ക്ക് മുന്നില്‍ എനിക്ക് തല കുനിക്കേണ്ടി വന്നു. ഞാന്‍ ക്ഷമയോടെ കാത്തിരിക്കുന്നു,’ എന്നായിരുന്നു ശിവകുമാര്‍ പറഞ്ഞത്.

എന്നാല്‍ തന്നെ മുഖ്യമന്ത്രിയായി കാണണം എന്ന വോട്ടര്‍മാരുടെ ആഗ്രഹം ഒരിക്കലും തകരില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിവകുമാറിന്റെ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം സിദ്ധരാമയ്യ ക്യാംപ് ഇതിന് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. ലിംഗായത്ത് നേതാവും വ്യവസായ മന്ത്രിയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുപ്പക്കാരനുമായ എംബി പാട്ടീല്‍ പാര്‍ട്ടി താല്‍പര്യത്തിന് നേതാക്കള്‍ വഴങ്ങേണ്ടി വരുമെന്ന് ഓര്‍മിപ്പിച്ചു.

ശിവകുമാറിന് നല്‍കിയ ജലവിഭവമന്ത്രി സ്ഥാനം താന്‍ മോഹിച്ചിരുന്നെന്നും എന്നാല്‍ നിരാശക്കിടയിലും സിദ്ധരാമയ്യയുടെ നിര്‍ദേശം താന്‍ അംഗീകരിക്കുകയായിരുന്നു എന്നും എംബി പാട്ടീല്‍ വ്യക്തമാക്കി. നേരത്തെ സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടല്‍ ഫോര്‍മുല ഇല്ലെന്ന് എംബി പാട്ടീല്‍ പറഞ്ഞിരുന്നു. സിദ്ധരാമയ്യ തന്നെ അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായി തുടരുമെന്നും പാട്ടീല്‍ പറഞ്ഞിരുന്നു.

നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കര്‍ണാടകയിലെ അധികാര തര്‍ക്കത്തില്‍ സമവായത്തിലെത്താന്‍ ഹൈക്കമാന്റിന് സാധിച്ചത്. നേരത്തെ സിദ്ധരാമയ്യയും ശിവകുമാറും രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിയായേക്കും എന്ന ഫോര്‍മുല കോണ്‍ഗ്രസ് പരിഗണിച്ചേക്കും എന്ന് റിപ്പോര്‍ട്ടണ്ടായിരുന്നു. എന്നാല്‍ പിന്നീട് സിദ്ധരാമയ്യ മുഖ്യമന്ത്രി, ശിവകുമാര്‍ ഉപമുഖ്യമന്ത്രി എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. അതേസമയം ഹൈക്കമാന്റ് തീരുമാനത്തില്‍ ഡികെ ശിവകുമാറും അണികളും അതൃപ്തരാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക