തിരുവനന്തപുരത്തെ വിദ്യാലയങ്ങളിൽ ലഹരി മാഫിയ പിടിമുറുക്കുന്നു? വിദ്യാർത്ഥികളെ ലഹരി നൽകി സ്വവർഗരതി ഉൾപ്പെടെയുള്ള ലൈംഗിക വൈകൃത്യങ്ങൾക്ക് അടിമപ്പെടുത്തുന്നു? തലസ്ഥാനനഗരിയിൽ കുഴഞ്ഞുവീണു മരിച്ച വിദ്യാർത്ഥിനിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ലഹരി സാന്നിധ്യവും ലൈംഗിക പീഡനവും വെളിവായതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.
തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരി മാഫിയയുടെ കെണിയില്‍പ്പെട്ട് ലൈംഗിക ചൂഷണത്തിനിരയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണത്തിന് പിന്നാലെ, സംസ്ഥാനത്തെ പല സ്കൂളുകളിലും വിദ്യാര്‍ത്ഥികള്‍ ഇത്തരം ചൂഷണങ്ങള്‍ക്ക് ഇരയാകുന്നതിന്റെ വിവരങ്ങള്‍ പുറത്ത്. ഇക്കഴിഞ്ഞ അദ്ധ്യയന വര്‍ഷം സംസ്ഥാനത്ത് 1500ലേറെ കുട്ടികള്‍ ലഹരിക്ക് അടിമകളായി ചികിത്സ തേടിയതായാണ് കണക്ക്. തലസ്ഥാനത്തെ അര ഡസനിലധികം സ്കൂളുകളിലെ 160 ലധികം കുട്ടികളെ എക്സൈസും പൊലീസും ഡിഅഡിക്ഷന്‍ ചികിത്സകള്‍ക്ക് വിധേയരാക്കി. ഇതില്‍ പലരും സ്വവര്‍ഗ രതി ഉള്‍പ്പെടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയരായിരുന്നു.
നഗരത്തിലെ ഒരു പൊതു വിദ്യാലയത്തിലെ ചില സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മകള്‍ക്ക് ലഹരി വസ്തുക്കള്‍ നല്‍കാന്‍ ശ്രമിച്ചതായി മാതാവ് മാസങ്ങള്‍ക്ക് മുമ്ബ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ ബാലവകാശ കമ്മിഷന്റെ അന്വേഷണം ഒഴിച്ചാല്‍ പൊലീസോ എക്സൈസോ യാതൊരു നടപടിയും സ്വീകരിച്ചില്ല.സ്കൂള്‍ അധികൃതരില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ പരാതി ലഭിക്കാതിരുന്നതാണ് കാരണമായി പറഞ്ഞത്. ലഹരിക്കെതിരെ യോദ്ധാവ് പരിപാടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്ബോഴും, സ്കൂള്‍- കോളേജ് പരിസരങ്ങളിലെ ലഹരി മാഫിയയ്ക്ക് കൂച്ചുവിലങ്ങിടാന്‍ ശക്തമായ നടപടികളില്ല.
കുട്ടികൾ രാസ ലഹരിയില്‍? മദ്യം, കഞ്ചാവ് എന്നിവയേക്കാള്‍ തീവ്രവും മണിക്കൂറുകള്‍ ഉന്‍മാദം നല്‍കുന്നതുമായ എം.ഡി.എം.എ, എല്‍.എസ്.ഡി തുടങ്ങിയ സിന്തറ്റിക് ലഹരിക്കാണ് കുട്ടികള്‍ കൂടുതലും അടിപ്പെടുന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികളോ പരിചയക്കാരോ നവ മാദ്ധ്യമങ്ങള്‍ വഴി ചങ്ങാത്തം സ്ഥാപിക്കുന്നവരോ ആണ് കുട്ടികളെ പലപ്പോഴും കെണിയിലാക്കുന്നത്. സ്കൂളിലേക്കുള്ള യാത്രയിലും സ്കൂളിലും ജോഡികളായി നടക്കുന്ന ആണ്‍-പെണ്‍കൂട്ടികളെ സംഘം ആദ്യം വലയിലാക്കും.
ലഹരി ഉപയോഗിക്കുകയോ കടത്താന്‍ കൂട്ടുനില്‍ക്കുകയോ ചെയ്യുന്നതിന്റെ ഫോട്ടോയും വീഡിയോയും സംഘം കൈവശപ്പെടുത്തുന്നതോടെ കുട്ടികള്‍ ഊരാക്കുടുക്കിലാവും. ലഹരി മാഫിയയുടെ കെണിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞാലും അവരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വിവരങ്ങള്‍ ശേഖരിക്കാന്‍ പലപ്പോഴും കഴിയാതെ വരും.മക്കള്‍ ലഹരിക്ക് അടിമപ്പെട്ട വിവരം മാനസികമായി അംഗീകരിക്കാത്ത രക്ഷിതാക്കള്‍ അതിനെതിരെ രംഗത്തു വരില്ല.