ബന്ധം മറച്ചുവയ്‌ക്കുന്നതിന് പോണ്‍ താരത്തിന് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച്‌ പണം നല്‍കി എന്ന കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറസ്‌റ്റില്‍. ക്രിമിനല്‍ കേസില്‍ പ്രതിയായി അറസ്‌റ്റിലാകുന്ന ആദ്യ അമേരിക്കന്‍ മുന്‍ പ്രസിഡന്റായി ഇതോടെ ട്രംപ് മാറി. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിയായി പ്രസിഡന്റ് പദവിയില്‍ രണ്ടാമൂഴത്തിന് ശ്രമിക്കുന്ന ട്രംപിന് അറസ്‌റ്റ് കനത്ത തിരിച്ചടിയായി. മാന്‍ഹട്ടന്‍ കോടതിയിലെത്തി ട്രംപ് കീഴടങ്ങിയതിന് പിന്നാലെയാണ് അറസ്‌റ്റിലായത്.

ട്രംപ് കോടതിയിലെത്തുന്നത് പ്രമാണിച്ച്‌ മാന്‍ഹട്ടന്‍ കോടതിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ട്രംപിന്റെ ന്യൂയോ‌ര്‍ക്ക് സിറ്റിയിലെ ട്രംപ് ടവറിലും സുരക്ഷയേര്‍പ്പെടുത്തിയിരുന്നു. 15ാം നിലയിലെ കോടതി നടപടികളില്‍ ട്രംപിനെ കുറ്റപത്രം വായിച്ച്‌ കേള്‍പ്പിക്കും. അറസ്‌റ്റിലായതോടെ അദ്ദേഹത്തിന് കുറ്റവാളികള്‍ക്ക് വേണ്ടതായ വിരല്‍രേഖ നല്‍കുന്നതടക്കം നടപടിക്രമങ്ങളെല്ലാം പാലിക്കേണ്ടി വരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവിഹിത ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ പോണ്‍താരം സ്റ്റോമി ഡാനിയേല്‍സിന് ( 44 ) 2016ല്‍ ട്രംപ് വിജയിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ 1,30,000 ഡോളര്‍ ( ഒരു കോടിയില്‍ പരം രൂപ ) നല്‍കിയെന്നാണ് കേസ്. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ മത്സരിക്കാനുള്ള പ്രചാരണങ്ങള്‍ തുടങ്ങിയതിനിടെയാണ് കോടതി വിധി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ കുറ്റംചുമത്തിയവരോ, അറസ്‌റ്റിലായവരോ മത്സരിക്കരുതെന്ന് നിബന്ധനയില്ല. എന്നാല്‍ സ്‌റ്റോമി ഡാനിയല്‍സുമായി ബന്ധപ്പെട്ട ഈ കേസ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ തീര്‍ച്ചയായും തിരഞ്ഞെടുപ്പ് സമയത്ത് ചര്‍ച്ചാവിഷയമാക്കും എന്നുറപ്പാണ്.

2006ല്‍ നെവാദയിലെ ലേക് താഹോ ഗോള്‍ഫ് കോഴ്സില്‍ നടന്ന ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയാണ് ട്രംപ് സ്റ്റോമി ഡാനിയേല്‍സ് സമാഗമം ഉണ്ടായത്. സ്റ്റോമി എഴുതിയ ‘ഫുള്‍ ഡിസ്‌ക്ലോഷര്‍’ എന്ന പുസ്തകത്തില്‍ വിശദാംശങ്ങളുണ്ട്. ട്രംപുമായി ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന് ഇതില്‍ പറയുന്നു. ട്രംപ് അത് നിഷേധിച്ചിട്ടുണ്ട്. അന്ന് സ്റ്റോമിക്ക് 27 വയസ്. ട്രംപിന് 60 വയസും. തന്റെ ജീവിതത്തിലെ ഒട്ടും തൃപ്തികരമല്ലാത്ത അറുബോറന്‍ ലൈംഗിക ബന്ധം എന്നാണ് സ്റ്റോമി വിശേഷിപ്പിക്കുന്നത്. ട്രംപിന്റെ ശരീര വര്‍ണനയും ബുക്കിലുണ്ട്.അക്കാലത്ത് ട്രംപും സ്റ്റോമിയും ഒന്നിച്ച്‌ പോണ്‍ സ്റ്റുഡിയോയില്‍ നില്‍ക്കുന്ന ചിത്രവും പുറത്തു വന്നിട്ടുണ്ട്.

2016ലെ തിരഞ്ഞെടുപ്പില്‍ ട്രംപ് പ്രചാരണം നടത്തുമ്ബോഴാണ് സ്റ്റോമി ട്രംപുമായുള്ള അവിഹിത ബന്ധം വിറ്റ് കാശാക്കാന്‍ ശ്രമിച്ചത്. ട്രംപിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ എന്‍ക്വയറര്‍ എന്ന ടാബ്ലോയിഡ് പത്രമാണ് സ്റ്റോമിയുടെ നീക്കം മണത്തറിഞ്ഞത്. ട്രംപിനെതിരായ വാര്‍ത്തകള്‍ പതുക്കിയിരുന്ന പത്രമുടമ സ്റ്റോമിയെ ട്രംപിന്റെ അഭിഭാഷകന്‍ മൈക്കേല്‍ കോഹനുമായി ബന്ധപ്പെടുത്തി. പെഗ്ഗി പെറ്റേഴ്സണ്‍ ( സ്റ്റോമി ഡാനിയേല്‍സ് ), ഡേവിഡ് ഡെന്നിസണ്‍ ( ഡൊണാള്‍ഡ് ട്രംപ് ) എന്നീ കള്ളപ്പേരുകളില്‍ കോഹന്‍ എഴുതിയുണ്ടാക്കിയ കരാര്‍ പ്രകാരമാണ് സ്റ്റോമിക്ക് പണം നല്‍കിയതെന്ന് കോടതി കണ്ടെത്തി. ട്രംപിന്റെ അവിഹിത ബന്ധം വെളിപ്പെടുത്തില്ലെന്നായിരുന്നു കരാര്‍. കോഹനെ പിന്നീട് പല കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചു. അതോടെ ട്രംപിനെതിരെ കോഹന്‍ തിരിഞ്ഞു.

നിയമപരമായും ശാരീരികമായും തന്നെ ഭീഷണിപ്പെടുത്തി നിശബ്ദയാക്കിയെന്ന് സ്റ്റോമി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തി.രഹസ്യങ്ങള്‍ വെളിപ്പെടുത്തില്ലെന്ന കരാര്‍ ( നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റ് ) പ്രകാരം പണം നല്‍കുന്നത് കുറ്റമല്ല. എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരുമാസം മുമ്ബ് പണം നല്‍കിയത് ചട്ടലംഘനമാണ്. അതാണ് ട്രംപിന് വിനയായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക