പത്തനംതിട്ട: മണ്ഡലകാല പൂജകള്‍ക്കായി നട തുറന്നതിന് ശേഷം ശബരിമലയില്‍ ഇത്തവണ 222 കോടി 98 ലക്ഷം രൂപ നടവരുമാനമായി ലഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇത്തവണ 29 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ എത്തി എന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.ശബരിമലയില്‍ കാണിക്കയായി ഇത്തവണ 70.10 കോടി രൂപയാണ് ലഭിച്ചത്. ഈ വര്‍ഷത്തെ മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണ് ഇത്. ശബരിമലയിലെ ആകെ വരുമാനം 222,98,70,250 രൂപയാണ്. കാണിക്കയായി ലഭിച്ചിരിക്കുന്നത് 70,10,81,986 രൂപയും.

39 ദിവസത്തെ കണക്ക് പ്രകാരം 29,08,500 തീര്‍ഥാടകര്‍ ആണ് എത്തിയത്. ഇതില്‍ 20 ശതമാനത്തോളം കുട്ടികളാണ് എന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു. കൊവിഡ് കാരണം രണ്ട് വര്‍ഷത്തോളം നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതാണ് കുട്ടികളുടെ എണ്ണം ഇക്കുറി വര്‍ധിക്കാന്‍ കാരണം എന്ന് അനന്തഗോപന്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്കും അംഗപരിമിതര്‍ക്കും പ്രായമായര്‍ക്കും വേണ്ടി ഇക്കുറി പ്രത്യേക ക്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഫലപ്രദമാണ് എന്നും അനന്തഗോപന്‍ പറഞ്ഞു. ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കാനും പരമാവധി പരാതി കുറച്ച് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാനും സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു ദിവസം മാത്രമാണ് ദര്‍ശനത്തിന് ആളുകള്‍ക്ക് കൂടുതല്‍ നേരം നില്‍ക്കേണ്ടി വന്നതായി ആക്ഷേപമുയര്‍ന്നത് എന്നും അദ്ദേഹം പറഞ്ഞു. ശബരിമല പോലൊരു ക്ഷേത്രത്തില്‍ തിരക്ക് സ്വഭാവികമാണ്. എന്നാല്‍ സാധാരണയില്‍ കൂടുതല്‍ നേരം ഭക്തര്‍ക്ക് അയ്യപ്പദര്‍ശനത്തിന് കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടായാല്‍ അത് പരിശോധിക്കും. 41 ദിവസത്തെ മണ്ഡലകാലത്തിനു പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമലയില്‍ നാളെ ആണ് മണ്ഡലപൂജ നടക്കുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് നട തുറക്കും. ഇതിന് ശേഷം അഭിഷേകവും പതിവ് പൂജയും നടക്കും. ഉച്ചക്ക് 12.30നും ഒരു മണിക്കും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ. ഡിസംബര്‍ 27 ന് രാത്രി ഹരിവരാസനം പാടി നട അടക്കും. പിന്നീട് മകര വിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 ന് വൈകിട്ട് അഞ്ചിന് ആണ് ശബരിമല നട വീണ്ടും തുറക്കുക. 2023 ജനുവരി 14 ന് ആണ് മകരവിളക്ക്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക