ദോഹ: ക്രോസ് ബാറിലിടിച്ചു തെറിച്ച ബ്രൂണോ ഫെർണാണ്ടസിന്റെ ആദ്യപകുതിയിലെ ആ ഷോട്ട്… ഗോൾപോസ്റ്റിനു മുന്നിൽ സൂപ്പർമാനേപ്പോലെ നിലയുറപ്പിച്ച ഗോൾകീപ്പർ യാസിൻ ബോനു ഇരുപകുതികളിലുമായി രക്ഷപ്പെടുത്തിയ ജാവോ ഫെലിക്സിന്റെ മാത്രം ഗോളെന്നുറപ്പിച്ച ഷോട്ടുകൾ. ഇത് പോർച്ചുഗലിന്റെ ദിനമല്ലെന്ന് ഉറപ്പിച്ച് ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ പോസ്റ്റിനെ ഉരുമ്മി പുറത്തേക്കു പോയ പെപ്പെയുടെ ഹെഡറും.

പകരക്കാരനായി ഇറങ്ങിയ വാലിദ് ഷെദീര രണ്ടാം മഞ്ഞക്കാർഡു വാങ്ങി പുറത്തുപോയതോടെ, അവസാന മിനിറ്റുകളിൽ 10 പേരുമായാണ് മൊറോക്കോ പോർച്ചുഗലിന്റെ അലകടലായുള്ള ആക്രമണങ്ങൾക്കു മുന്നിൽ പിടിച്ചുനിന്നത്. പ്രീക്വാർട്ടറിൽ സ്പെയിനിനെ വീഴ്ത്തിയെത്തിയ മൊറോക്കോയുടെ ആദ്യ ലോകകപ്പ് സെമി പ്രവേശനമാണിത്. ലോകകപ്പിന്റെ ചരിത്രത്തിൽ സെമിയിൽ കടക്കുന്ന ആദ്യ ആഫ്രിക്കൻ ടീം എന്ന റെക്കോർഡും മൊറോക്കോയ്ക്കു സ്വന്തം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1966നു ശേഷം ആദ്യ ലോകകപ്പ് സെമി സ്വപ്നം കണ്ട ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കൂട്ടർക്കും നിരാശയോടെ ഖത്തറിൽനിന്ന് മടക്കം. ഡിസംബർ 14നു നടക്കുന്ന രണ്ടാം സെമിയിൽ, ഫ്രാൻസ് – ഇംഗ്ലണ്ട് ക്വാർട്ടർ വിജയികളാണ് മൊറോക്കോയുടെ എതിരാളികൾ.

മത്സരത്തിൽ പോർച്ചുഗൽ ആധിപത്യം പുലർത്തുന്നതിനിടെ, ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ് മൊറോക്കോ ലീഡെടുത്തത്. മത്സരത്തിൽ ചില സുവർണാവസരങ്ങൾ പാഴാക്കിയ യൂസഫ് എൻ നെസിറി തന്നെ മൊറോക്കോയ്ക്കായി ലക്ഷ്യം കണ്ടു. ഇടതുവിങ്ങിൽനിന്ന് യഹിയ എൽ ഇദ്രിസി ഉയർത്തി നൽകിയ ക്രോസിന് തലവച്ചാണ് നെസിറി മൊറോക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. ഇദ്രിസിയുടെ ക്രോസിന് കണക്കാക്കി മുന്നോട്ടുകയറിവന്ന ഗോൾകീപ്പർ ഡീഗോ കോസ്റ്റയെ മറികടന്ന് ഉയർന്നുചാടിയ നെസിറിയുടെ ഹെഡർ ഒന്നു നിലത്തുകുത്തി വലയിൽ കയറി. സ്കോർ 1–0.

പന്തടക്കത്തിലും പാസിങ്ങിലും പോർച്ചുഗൽ വ്യക്തമായ ആധിപത്യം പുലർത്തിയ ആദ്യപകുതിയിൽ മികച്ച അവസരങ്ങളിലേറെയും ലഭിച്ചതു മൊറോക്കോയ്‌ക്കാണ്. അവസരങ്ങളിലേറെയും പാഴാക്കിയത് ഗോൾ നേടിയ യൂസഫ് എൻ നെസിറി തന്നെ. ഏഴാം മിനിറ്റിൽത്തന്നെ ഹക്കിം സിയെച്ചിന്റെ കോർണർ കിക്കിന് തലവച്ച് ഗോൾ നേടാൻ ലഭിച്ച അവസരം എൻ നെസിറി പാഴാക്കി. പിന്നീട് 26–ാം മിനിറ്റിൽ സിയെച്ചിന്റെ തന്നെ ഫ്രീകിക്കിന് തലവയ്ക്കാൻ ലഭിച്ച സുവർണാവസരവും ക്രോസ് ബാറിനു മുകളിലൂടെയാണ് നെസിറി പായിച്ചത്.

മറുവശത്ത് പോർച്ചുഗലിന് ലഭിച്ച അവസരങ്ങളിലേറെയും പാഴാക്കിയത് ജാവോ ഫെലിക്സായിരുന്നു. അഞ്ചാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ തകർപ്പൻ ക്രോസിൽ ഫെലിക്സിന്റെ ഡൈവിങ് ഹെഡർ മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോനു കുത്തിയകറ്റി. 31–ാം മിനിറ്റിൽ ഫെലിക്സിന്റെ തകർപ്പൻ ബുള്ളറ്റ് ഷോട്ട് മൊറോക്കോ താരം എൽ യമീഖിന്റെ ദേഹത്തുതട്ടി ക്രോസ് ബാറിനു മുകളിലൂടെ പറന്നു.

image courtesy: FIFA Tweet

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക