മലപ്പുറം എടപ്പറ്റ സി.കെ.എച്ച്‌. എം. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യുപി ക്ലാസ് അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് ഹെഡ് മിസ്ട്രസ് റംലത്തിനെതിരെ ഡിഇഒക്ക് പരാതി നല്‍കിയത്. രാവിലെ ഒപ്പിടാനെത്തിയ തന്നോട് വിദ്യാര്‍ഥികളുടെ വസ്ത്രധാരണത്തെ പറ്റി സംസാരിക്കുകയും കുട്ടികള്‍ ശരിയായി വസ്ത്രം ധരിക്കാത്തത് താന്‍ ലഗ്ഗിങ്സ് ധരിക്കുന്നതുകൊണ്ടാണെന്ന് ഹെഡ്മിസ്ട്രസ് പറയുകയും ചെയ്തുവെന്നാണ് സരിതയുടെ പരാതി.

“കുട്ടികള്‍ ശരിയായി വസ്ത്രം ധരിക്കുന്നില്ലെന്ന് എങ്ങനെ ഞാനവരോട് പറയും? നിങ്ങള് ഇങ്ങനത്തെ ഒക്കെ വസ്ത്രമിട്ടല്ലേ വരുന്നത്” എന്നാണ് ഹെഡ് മിസ്ട്രസ് ചോദിച്ചത്. “തമാശയാക്കിയിട്ടേ ഞാനത് എടുത്തുള്ളൂ. ടീച്ചര്‍മാര്‍ക്ക് യൂണിഫോം ഉണ്ടോ ടീച്ചറേ എന്ന് തിരിച്ചും ചോദിച്ചു. നിങ്ങളുടെ പാന്റാണ് പ്രശ്‌നമെന്നും അതാണ് നിങ്ങളുടെ സംസ്‌കാരമെന്നുമുള്ള ഹെഡ്മിസ്ട്രസിന്റെ മറുപടിയാണ് എന്നെ തളര്‍ത്തിയത്”, സരിത പറയുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അധ്യാപകര്‍ക്ക് കൃത്യമായി വേഷവിധാനം സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടില്ല എന്നിരിക്കെ മാന്യമായി വസ്ത്രം ധരിച്ചെത്തുന്നവരോട് ഈ രീതിയില്‍ പറയുന്നത് അവഹേളിക്കലാണെന്നും സരിത പറയുന്നു. സാമാന്യം ഇറക്കമുള്ള ടോപ്പും സ്റ്റോളും ലെഗ്ഗിങ്ങുമായിരുന്നു വേഷം. മോശമായിട്ടല്ല, താന്‍ വസ്ത്രം ധരിച്ചത്. അതുകൊണ്ട് തന്നെയാണ് അതേ വേഷത്തില്‍ തന്നെ ഫോട്ടോയെടുത്ത് പരാതിക്കൊപ്പം അയച്ചത്. മാധ്യമങ്ങളില്‍ ഇതേ വസ്ത്രം തന്നെയാണ് ധരിച്ചെത്തിയത്. സര്‍ക്കാര്‍ സ്‌കൂളില്‍ പ്രൊബേഷനിലിരിക്കെ ഇങ്ങനെ പരാതി നല്‍കേണ്ടിയിരുന്നോ എന്ന ചോദ്യത്തിന് നല്‍കേണ്ടിയിരുന്നു എന്ന് തന്നെയാണുത്തരം. ജീന്‍സ് ധരിച്ച്‌ വരുന്ന പുരുഷ അധ്യാപകരോട് ഇത്തരത്തില്‍ സംസാരിക്കുന്നത് കണ്ടിട്ടില്ലെന്നും സരിത പറയുന്നു.

“ലെഗ്ഗിങ്സ് ഒരു മോശം വസ്ത്രമായി തോന്നിയിട്ടില്ല. ആ വസ്ത്രം ധരിക്കുന്നത് നിങ്ങളുടെ സംസ്‌കാരമാണെന്നും ഞങ്ങളുടെ അല്ലെന്നും പറയുന്നതിനോട് യോജിക്കാനാവില്ല. അധ്യാപക സംസ്‌കാരമേ എനിക്കറിയൂ. അതില്‍ സാരിക്കും ചുരിദാറിനും വെവ്വേറെ സംസ്‌കാരമുള്ളത് എനിക്കറിയില്ല. അധ്യാപകര്‍ക്ക് സൗകര്യപ്രദമായ മാന്യമായ ഏതൊരു വസ്ത്രവും ധരിച്ച്‌ സ്‌കൂളില്‍ വരാമെന്ന് നിയമം നിലനില്‍ക്കെയാണ് ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായത്. കുട്ടികളെ നവീകരിക്കേണ്ട അധ്യാപകരില്‍ നിന്നുതന്നെ ഇങ്ങനെ ഒരനുഭവം ഉണ്ടായി എന്നതാണ് ഏറെ വേദനാജനകം. പല സ്‌കൂളുകളിലും ഇപ്പോഴും അധ്യാപികമാരുടെ വസ്ത്രധാരണത്തില്‍ അലിഖിത നിയമങ്ങളുണ്ട്. സ്ലിറ്റ് ഉള്ള ചുരിദാര്‍, ലെഗ്ഗിങ്സ്, എല്ലാം നിരോധിക്കപ്പെട്ട നിരവധി സ്‌കൂളുകളാണ് നമുക്ക് ചുറ്റുമുള്ളത്. സാരി ഉടുത്ത് വരുന്ന അധ്യാപകര്‍ നല്ലതും ലെഗ്ഗിങ്സ്സും ടോപ്പുമിട്ട അധ്യാപകര്‍ മോശമാണെന്നുമാണോ ഇവര്‍ കരുതുന്നത്? നമുക്ക് കംഫര്‍ട്ട് ആയ വസ്ത്രം ധരിക്കുന്നത് കുറ്റമല്ല.

വാസ്തവത്തില്‍ സാരിയേക്കാള്‍ അധ്യാപകര്‍ കുറേക്കൂടി കംഫര്‍ട്ട് ചുരിദാറിലാണ്. സാരി ഉടുത്ത് പഠിപ്പിക്കുമ്ബോള്‍ അവിടെ കാണുമോ ഇവിടെ കാണുമോ എന്നാകും ആകുലത. 13 വര്‍ഷമായി അധ്യാപന ജോലി ചെയ്യുന്ന ഒരാളാണ് ഞാന്‍. എന്റെ അധ്യാപനത്തെക്കുറിച്ചോ അക്കാദമിക കാര്യങ്ങളെക്കുറിച്ചോ ഒരു പരാതിയും ഇതുവരെ ഉണ്ടായിട്ടില്ല. ഹെഡ് മിസ്ട്രസും വസ്ത്രധാരണമല്ലാതെ എന്നെക്കുറിച്ച്‌ യാതൊരുപരാതിയും ഇല്ലെന്നാണ് പറഞ്ഞത്. കോവിഡ് ഗ്യാപ്പ്, ലഹരി തുടങ്ങിനിരവധി പ്രശ്‌നങ്ങള്‍ അധ്യാപകര്‍ക്ക് മുന്നിലിരിക്കെ ഒരു ടീച്ചറിട്ട ലെഗ്ഗിങ്സ്സാണ് പ്രശ്‌നമെന്ന് പറയുന്നത് ലജ്ജാകരമാണ്”, സരിത തുറന്നടിച്ചു. വിഷയത്തില്‍ പ്രതികരണത്തിനായി ഹെഡ്മിസ്ട്രസ് റംലത്ത് കെ.കെ യെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാനില്ലെന്നും മേലധികാരികള്‍ ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കാമെന്നുമായിരുന്നു മറുപടി.

Courtsey: Kerala Voter News

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക