തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമര്‍ശവുമായി രാജ്യസഭാ എംപിയും കോണ്‍ഗ്രസ് നേതാവുമായ ജെബി മേത്തര്‍. മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെയാണ് ജെബി മേത്തര്‍ ആര്യയെ അധിക്ഷേപിച്ചത്. പോസ്റ്റര്‍ എഴുതി ഒട്ടിച്ച പെട്ടിയുമായാണ് ജെബി മേത്തര്‍ എത്തിയത്. “കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ ” എന്നാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്.

സംഭവം വിവാദമായതോടെ ഭര്‍ത്താവിന്റെ നാട് എന്ന നിലയ്ക്ക് അല്ല ഉദ്ദേശിച്ചത് എന്ന് വിശദീകരിച്ച്‌ ജെബി മേത്തര്‍ രംഗത്തെെത്തി. കോഴിക്കോട് ബാലുശേരി എംഎല്‍എ സച്ചിന്‍ദേവാണ് ആര്യയുടെ പങ്കാളി. ഭര്‍ത്താവിന്‍റെ നാട് കോഴിക്കോട് എന്ന നിലക്കാണ് എംപി മേയര്‍ക്കെതിരെ ഇത്തരമൊരു പരാമര്‍ശം ഉന്നയിച്ചതെന്ന് ആരോപണമുയര്‍ന്നു. കത്ത് വിവാദത്തില്‍ മേയര്‍ക്കെതിരെ ഇന്നും പ്രതിഷേധം തുടരുകയാണ്. അതിനിടെ മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സര്‍ക്കാര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്കും നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി തീരുമാനം. ഹര്‍ജിയിന്മേല്‍ മേയര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എല്‍‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലിനും ഹൈക്കോടതി നോട്ടീസ് അയയ്ക്കും. കത്ത് വിവാദത്തില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ച ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ 25 ലേക്ക് മാറ്റി.

വിവാദ കത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ടാണ് കൗണ്‍സിലര്‍ ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ വിഷയത്തില്‍ എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. വിഷയത്തില്‍ നിലവിലുള്ള പരിശോധന നടക്കുന്നുണ്ടെന്നും ഇപ്പോഴുള്ളത് ആരോപണമാണെന്നും അതിന് പിന്നില്‍ രാഷ്ട്രീയമാണെന്നുമുള്ള വാദമാണ് സര്‍ക്കാര്‍ നിരത്തിയത്. മേയര്‍ക്ക് നോട്ടീസ് നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു.

എന്നാല്‍ ആരോപണം നിലനില്‍ക്കുന്നത് മേയര്‍ക്ക് എതിരെ ആയതിനാല്‍ വിശദീകരണം നല്‍കേണ്ടത് മേയര്‍ ആണെന്ന് കോടതി. അതിനാല്‍ മേയര്‍ക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി ആര്‍ അനിലിനും നോട്ടീസ് നല്‍കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. സിബിഐ അടക്കമുള്ളവര്‍ എതിര്‍ കക്ഷികളാണ്. സിബിഐയ്ക്കും നോട്ടീസ് അയക്കും. തിരുവനന്തപുരം നഗരസഭയില്‍ നടന്നത് സ്വജ്ജനപക്ഷപാതമാണെന്നും ഭരണഘടനാ ലംഘനമാണെന്നും ശ്രീകുമാര്‍ ആരോപിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2000 പേരെ ഇത്തരത്തില്‍ നഗരസഭയില്‍ തിരുകിക്കയറ്റിയിട്ടുണ്ടെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ശ്രീകുമാര്‍ ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക