35 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ ജയ അരിയുടെ വില 60ലെത്തി. 37 രൂപയായിരുന്ന വടി മട്ടയുടെ വില 62 ല്‍. 32 രൂപയായിരുന്ന ഉണ്ടമട്ടയുടെ വില 43ലെത്തി. കുറുവ അരിയുടെ വില 32 ല്‍ നിന്ന് 40ലും.

അരിയാഹാരം കഴിക്കുന്ന മലയാളികളുടെയെല്ലാം വയറ്റത്തടിക്കുന്ന നിലയില്‍ അരിവില ഉയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇതുപോലൊരു വിലക്കയറ്റം ചരിത്രത്തലുണ്ടായിട്ടില്ലന്ന് ഈ രംഗത്തുളളവര്‍ ഒരുപോലെ പറയുന്നു. അരി വില കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ആന്ധ്രയില്‍ നിന്ന് ജയ അരി ഇറക്കുമതി ചെയ്യാനാണ് നീക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആന്ധ്രപ്രദേശ് പൊതുവിതരണ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥ സംഘവും ഇന്ന് തിരുവനന്തപുരത്തെത്തും. നാളെ മന്ത്രി ജിആര്‍ അനിലിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. അരിവില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.ജയ അരിക്കൊപ്പം വറ്റല്‍ മുളക് അടക്കം വില വര്‍ദ്ധിച്ച മറ്റിനങ്ങളും സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ നേരിട്ട് സംഭരിക്കാനും നീക്കമുണ്ട്.

ആന്ധ്ര,കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദനത്തില്‍ വന്ന കുറവാണ് വിലക്കയറ്റത്തിന്‍റെ മുഖ്യ കാരണം. ആന്ധ്രയില്‍ നെല്ല് സംഭരണം സര്‍ക്കാര്‍ നിയന്ത്രണത്തിലായതും അരിയുടെ വരവു കുറച്ചു. അടുത്ത വിളവെടുപ്പ് നടത്തുന്ന ജനുവരി, ഫെബ്രുവരി മാസങ്ങള്‍ വരെ വിലക്കയറ്റം തുടര്‍ന്നേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിലക്കയറ്റം പിടിച്ചു നിര്‍ത്താനുളള സര്‍ക്കാര്‍ നീക്കം.

ആന്ധ്രയില്‍ നിന്ന് സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ നേതൃത്വത്തില്‍ ജയ അരിയും വന്‍ തോതില്‍ വല ഉയര്‍ന്ന വറ്റല്‍ മുളക് അടക്കമുളള ഇനങ്ങളും ഇറക്കുമതി ചെയ്യാനാണ് ശ്രമം. തിരുവനന്തപുരത്തെത്തുന്ന ആന്ധ്രപ്രദേശ് പൊതുവിതരണ വകുപ്പ് മന്ത്രി നാഗേശ്വര റാവുവുമായി ഭക്ഷ്യ മന്ത്രി ജിആര്‍ അനിലിന്‍റെ നേതൃത്വത്തില്‍ നാളെ ഈ വിഷയത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കും. നേരത്തെ ജിആര്‍ അനിലിന്‍റെ നേതൃത്വത്തിലുളള സംഘം ആന്ധ്രയിലെത്തി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. സപ്ളൈകോ വഴി അരിയും മറ്റ് അവശ്യ സാധനങ്ങളും പരമാവധി കുറ‍ഞ്ഞ വിലയില്‍ നല്‍കാനാണ് ശ്രമം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക