സംസ്ഥാനത്ത് സിമന്‍റ് വില ഉയരുന്നു. രണ്ടാഴ്ച‌യ്ക്കിടെ 60 രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുന്നതാണ് സിമന്‍റ് വില വര്‍ധിക്കാന്‍ കാരണം. 390 രൂപയായിരുന്ന ഒരു ചാക്ക് സിമന്‍റിന് ഇപ്പോള്‍ 450 മുതല്‍ 456 രൂപ വരെയാണ്. വില ഇനിയും ഉയരാനാണു സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. കോവിഡിനു പിന്നാലെ സജീവമായി വന്ന നിര്‍മാണ മേഖല ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

സിമന്‍റിനു പുറമേ ക്വാറി ഉത്പന്നങ്ങള്‍ക്കും വില കൂടി. കോവിഡിനു മുമ്ബ് ക്യുബിക് അടിക്ക് 28 മുതല്‍ 32 രൂപ വരെ വിലയുണ്ടായിരുന്ന ക്വാറി ഉത്പന്നങ്ങള്‍ക്കു നിലവില്‍ 38 മുതല്‍ 46 രൂപ വരെയാണ് . സംസ്ഥാനത്തെ നല്ലൊരു ശതമാനം ക്വാറികളും അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിനാലാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കു സംസ്ഥാനത്തു പ്രവര്‍ത്തനാനുമതി നല്‍കി വിലക്കയറ്റം തടയണമെന്നാണു കച്ചവടക്കാരുടെ ആവശ്യം. ഒപ്പം സിമന്‍റ് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്ക് ഏകീകൃത വില നിശ്ചയിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സിമന്‍റ് വില ഉയര്‍ന്നതോടെ വീട് നിര്‍മാണത്തിന് ഉള്‍പ്പെടെ ചെലവേറും. നഗര, ഗ്രാമ വ്യത്യാസമില്ലാതെ വിലവര്‍ധന നിര്‍മാണമേഖലയെ സ്തംഭിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ലൈഫ് പദ്ധതിയിലുള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് ഇതു തിരിച്ചടിയായേക്കും.

ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ളവയുടെ വില വര്‍ധനയും സിമന്‍റ് വില വര്‍ധനയ്ക്കു കാരണമായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് കേരളത്തിലേക്കു കൂടുതലായി സിമന്‍റ് വരുന്നത്. മലബാര്‍ സിമന്‍റ്സ് ഉള്‍പ്പെടെ പൊതുമേഖലയില്‍ സിമന്‍റ് നിര്‍മിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്‍റെ ആവശ്യത്തിന് ഇതു തികയുന്നില്ല.

ഇന്‍റര്‍ലോക്ക്, സിമന്‍റ് കട്ടകള്‍ക്കും വില ഉയര്‍ത്തേണ്ട അവസ്ഥയിലാണു വ്യാപാരികള്‍. ഈ മേഖലയിലെ ആറായിരത്തോളം വരുന്ന വ്യാപാരികള്‍ക്കും ഇതു പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വില വര്‍ധിപ്പിക്കേണ്ട സാഹചര്യം സാധാരണക്കാരെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് സിമന്‍റ് ബ്രിക്‌സ് ആന്‍ഡ് ഇന്‍റര്‍ ലോക്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജിമ്മി മാത്യു പറഞ്ഞു. വില നിയന്ത്രണമേര്‍പ്പെടുത്തി വ്യവസായത്തെ സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക