ഗൃഹാതുരത്വത്തോടെ വിഭവസമൃദ്ധമായ ഓണസദ്യ മറുനാട്ടിൽ ഒരുക്കുമ്പോൾ കേരളത്തിലെ വാഴയിലയ്ക്ക് വൻ ഡിമാൻഡ്. കഴിഞ്ഞ രണ്ട് വർഷമായി വിദേശ മലയാളികളുടെ ഓണാഘോഷം കൊവിഡ്-19 എന്ന മഹാമാരി മൂലം നശിച്ചു. ഗൾഫിലെ മലയാളികൾക്കിടയിൽ ഓണാഘോഷം ആരംഭിച്ചതോടെ വാഴയിലയുടെ കയറ്റുമതിയിൽ റെക്കോർഡ് നേട്ടമാണ്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് രണ്ട് ടൺ വാഴയിലയാണ് ശനിയാഴ്ച സ്വകാര്യ ഏജൻസി ദുബായിലേക്ക് കയറ്റി അയച്ചത്. അടുത്തയാഴ്ചയോടെ എട്ട് മുതൽ പത്ത് ടൺ വാഴയില കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് ആസ്ഥാനമായുള്ള കെബി എക്‌സ്‌പോർട്ട് ആൻഡ് ഇംപോർട്ട്‌സ് 14 ടൺ വാഴയില ദുബായിലേക്ക് കയറ്റി അയച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രധാന കയറ്റുമതി ദുബായിലേക്ക്

വാഴയിലയും പച്ചക്കറികളും പ്രധാനമായും കേരളത്തിൽ നിന്ന് ദുബായിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. അവിടെ നിന്ന് റോഡ് മാർഗം ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നു. വാഴയില ഉൾപ്പെടെ നശിച്ചുപോകുന്ന എല്ലാ വസ്തുക്കളും ഏഴു ഡിഗ്രി സെൽഷ്യസിൽ ഫ്രീസറിൽ സൂക്ഷിക്കുന്നു. കൂടാതെ വെണ്ടക്ക, വഴുതന, മുരിങ്ങ, പാവൽ, അച്ചിങ്ങ തുടങ്ങിയ പച്ചക്കറികളും ചക്ക, പൂവൻ തുടങ്ങിയ പഴവർഗങ്ങളും ഇത്തവണ ഓണാഘോഷത്തിന് കയറ്റി അയക്കും.

ആഘോഷവും ചെലവേറിയത്

പച്ചക്കറികളും പഴങ്ങളും കടൽ വഴിയുള്ളതിനേക്കാൾ വിമാനമാർഗ്ഗം കയറ്റുമതി ചെയ്യാൻ ചെലവേറയാണ്. ഒരു കിലോ നേന്ത്രപ്പഴം കപ്പലിൽ കയറ്റി അയക്കാൻ 15 രൂപയും വിമാനത്തിൽ 50 മുതൽ 80 രൂപയുമാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് ഈ നിരക്ക് വളരെ കൂടുതലാണെന്ന് കയറ്റുമതി മേഖലയിലുള്ളവർ പറയുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ഗൾഫ് മലയാളികളുടെ ഓണാഘോഷവും ചെലവേറിയതാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക