ദില്ലി: പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധം നിരോധിച്ചുള്ള നിര്‍ദ്ദേശത്തെ ചൊല്ലി കോണ്‍ഗ്രസ്-ബിജെപി വാക്പോര്. രാജ്യസഭാ സെക്രട്ടറി ജനറല്‍ പുറത്തിറക്കിയ പാര്‍ലമെന്‍ററി ബുള്ളറ്റിന്‍ പ്രതിപക്ഷ സ്വരത്തെ അടിച്ചമര്‍ത്താനാണെന്ന് കോണ്‍ഗ്രസ് ആക്ഷേപിച്ചതിന് പിന്നാലെ യുപിഎ സര്‍ക്കാരിന്‍റെ കാലത്തിറക്കിയ സമാന ഉത്തരവ് ബിജെപി പുറത്തുവിട്ടു.

‘പാര്‍ലമെന്‍റ് മന്ദിര വളപ്പില്‍ പ്രകടനം, ധര്‍ണ, സമരം, ഉപവാസം, എന്നിവ പാടില്ല. മതപരമായ ചടങ്ങളുകളും അനുവദിക്കില്ല. അംഗങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു’. രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി.മോദി പുറത്തിറക്കിയ ഈ പാര്‍ലമെന്‍ററി ബുളളറ്റിന്‍ കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ട്വീറ്റ് ചെയ്തതോടെയാണ് പ്രതിപക്ഷ പ്രതിഷേധം ശക്തമായത്. വിശ്വഗുരുവിന്‍റെ അടുത്ത വെടിയെന്ന പ്രതികരണത്തിലൂടെ പ്രധാനമന്ത്രിക്കെതിരെ ജയറാം രമേശ് ഒളിയമ്ബെയ്തു. അശോകസ്തംഭം സ്ഥാപിക്കുന്നതിനിടെ മോദി പൂജ നടത്തിയത് ചൂണ്ടിക്കാട്ടി വാരാണസി എംപി കഴിഞ്ഞ ദിവസം പാര്‍ലമെന്‍റ് വളപ്പില്‍ മതപരമായ ചടങ്ങ് നടത്തിയിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസും പരിഹസിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ അടുത്ത വിലക്ക് കൂടി ചര്‍ച്ചയായതോടെ ബിജെപി കളത്തിലിറങ്ങി. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് പലപ്പോഴായി പുറത്തിറക്കിയ ഉത്തരവുകള്‍ പുറത്തുവിട്ടു. 2009 മുതല്‍ ഇത്തരത്തിലുള്ള ഉത്തരവുകളിറങ്ങിയിട്ടുണ്ടെന്നും അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും ലോക‍്‍സഭ സ്പീക്കര്‍ ഓംബിര്‍ള ആവശ്യപ്പെട്ടു.

വാക്കുകള്‍ വിലക്കി കൈപ്പുസ്തകം പുറത്തിറക്കിയത് വലിയ ചര്‍ച്ചയായതോടെയാണ് പുതിയ വിവാദത്തില്‍ വളരെ വേഗം ബിജെപി പ്രതിരോധം തീര്‍ത്തത്. അതേസമയം തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന വര്‍ഷകാല സമ്മേളനം ഈ വിഷയങ്ങളുന്നയിച്ച്‌ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക