ആലപ്പുഴ: മത്സ്യകൃഷി നടത്തുന്ന ഫാമിലെ കുളത്തില്‍ നിന്ന് രാത്രി വലയിട്ട് മീന്‍ മോഷണം. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മീന്‍ കുടുങ്ങി വല പിടിച്ചുകയറ്റാനാകാതെ വന്നപ്പോള്‍ കുറച്ച്‌ മീനെടുത്ത് അവശേഷിച്ചവയെ മോഷ്ടാക്കള്‍ ഉപേക്ഷിച്ച്‌ കടന്നു. വലയില്‍ കുടുങ്ങികിടന്ന അവശേഷിച്ച മീനുകള്‍ കൂട്ടത്തോടെ ചത്തു. കാര്‍ത്തികപ്പള്ളി വലിയകുളങ്ങരയ്ക്കു തെക്ക് ജനകീയ മത്സ്യക്കൃഷിപ്രകാരം കൃഷിനടത്തുന്ന അക്വ മെട്രിക്‌സ് ഫിഷ് ഫാമിലാണ് മോഷണം നടന്നത്. ഉടമകള്‍ തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്‍കി.

തോട്ടിലൂടെ വള്ളത്തില്‍വന്നാണ് പ്രതികള്‍ മോഷണം നടത്തിയതെന്നാണ് സംശയിക്കുന്നത്. തിലോപ്പിയ, കരിമീന്‍ തുടങ്ങിയ മീനുകളും, വാളയുമാണ് ഫാമില്‍ വളര്‍ത്തുന്നത്. വാളക്ക് 800 കിലോയിലധികം ഭാരം വരും. മോഷ്ടാക്കള്‍ കരിമീനും തിലോപ്പിയയും പ്രതീക്ഷിച്ചാണ് ഫാമില്‍ വല വിരിച്ചത് എന്നാല്‍ വലയില്‍ കയറിയത് വാളയും. ഇതോടെ വലിച്ചു കയറ്റാന്‍ കഴിയാതെ വന്നതോടെ പ്രതികള്‍ മീനുകളെ ഓരോന്നായി പിടിച്ച ശേഷം ബാക്കിയുളളവയെ ഫാമില്‍ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നുവെന്നാണ് ഉടമകള്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മീനുകള്‍ നഷ്ടമായതോടെ ഒന്നരലക്ഷം രൂപയിലധികം നഷ്ടമായെന്നും ഉടമകള്‍ പറഞ്ഞു. അഞ്ചേക്കറോളം വിസ്തൃതിയുളള സ്ഥലം പ്രതിവര്‍ഷം 3.5 ലക്ഷം രൂപയോളം പാട്ടം നല്‍കിയാണ് മീന്‍ വളര്‍ത്തല്‍ കേന്ദ്രം തുടങ്ങിയത്. ഇവിടെ അഞ്ച് കുളങ്ങളുണ്ട്. ഇവ വൃത്തിയാക്കാനും വലകെട്ടാനും മറ്റ് നിര്‍മ്മാണ പ്രവൃത്തികള്‍ക്കുമായി 25 ലക്ഷം രൂപയോളം ചെലവാക്കിയെന്നാണ് ഉടമകള്‍ പറയുന്നത്.

ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യക്കൃഷിയിലെ ആനുകൂല്യം പ്രതീക്ഷിച്ചാണ് സംരംഭകര്‍ കൃഷി ആരംഭിച്ചത്. അടുത്തമാസം വിളവെടുപ്പ് നടക്കാനിരിക്കെയാണ് മോഷണം. ഫാമില്‍ സിസിടിവി ഇല്ലാത്തതിനാല്‍ മോഷ്ടാക്കളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വല വില്‍ക്കുന്ന കടകളില്‍ നിന്ന് വിവരം ശേഖരിച്ചും, സമീപ പ്രദേശങ്ങളില്‍ വാള വിറ്റവരെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക