തിരുവനന്തപുരം: സഭയില്‍ പ്രതിപക്ഷത്തോട് ക്ഷോഭിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വപ്‌നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മകളെക്കുറിച്ചുള്ള പരാമര്‍ശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പെട്ടെന്ന് ക്ഷുഭിതനായ മുഖ്യമന്ത്രി അല്‍പ്പനേരത്തിന് ശേഷം ശാന്തനായെങ്കിലും ശക്തമായ ഭാഷയില്‍ തന്നെയായിരുന്നു തുടര്‍ന്നുള്ള മറുപടിയും. മകള്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് യുഡിഎഫ് എംഎല്‍എ മാത്യു കുഴല്‍നാടനോടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പൊട്ടിത്തെറിച്ചത്.

‘തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ വേണ്ടി ചിലര്‍ ശ്രമിച്ചിട്ടുണ്ട്. മാത്യു കുഴല്‍നാടന്റെ വിചാരം എങ്ങനേയും കാട്ടികളയാമെന്നാണ്. അതിന് വേറെ ആളെ നോക്കുന്നതാണ്. എന്താണ് നിങ്ങള്‍ വിചാരിച്ചത്. മകളെ പറ്റി പറഞ്ഞാല്‍ ഞാന്‍ വല്ലാതെ കിടുങ്ങി പോകുമെന്നാണോ..പച്ച കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരാളെ എന്റെ മകളുടെ മെന്ററായിട്ട് ആ മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്..എന്തും പറയാമെന്നാണോ..അതൊക്കെ മനസ്സില്‍ വച്ചാല്‍ മതി. ആളുകളെ അപകീര്‍ത്തിപ്പെടുത്താന്‍ എന്തും പറയുന്ന സ്ഥിതി എടുക്കരുത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അസംബന്ധങ്ങള്‍ വിളിച്ച്‌ പറയാനാണോ ഈ സഭാ വേദി ഉപയോഗിക്കേണ്ടത്. രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. ഞങ്ങളുടെ ഭാഗത്തുള്ള തെറ്റുകളുണ്ടെങ്കില്‍ അത് പറയണം. വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്. അതാണോ സംസ്‌കാരം. മറ്റുകൂടുതല്‍ കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല’ മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്ബനിയുടെ വെബ്‌സൈറ്റില്‍ പി.ഡബ്ലയു.സി. ഡയറക്ടറായിരുന്ന ജേക്ക് ബാലകുമാര്‍ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നുവെന്ന് കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. ഇതിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ കുഴല്‍ നാടനോട് പൊട്ടിത്തെറിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

സ്വപ്ന സുരേഷ് എന്ന അവതാരം എങ്ങനെയാണ് സെക്രട്ടേറിയറ്റിലേക്ക് എത്തിയതെന്ന് മുഖ്യമന്ത്രിക്ക് ഓര്‍മയുണ്ടോയെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ചോദ്യം. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്ബനിയാണ് സ്വപ്നയെ നിയമിച്ചത്. പി.എസ്.സി. ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുമ്ബോള്‍ ഒന്നര ലക്ഷം രൂപ ശമ്ബളം നല്‍കിയാണ് സ്വപ്നയെ പി.ഡബ്ല്യു.സി. നിയമിച്ചത്. സ്വര്‍ണക്കടത്ത് കേസ് നിയമസഭയിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മൂവാറ്റുപുഴ എംഎല്‍എ.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്ബനിയുടെ വെബ്‌സൈറ്റില്‍ ജേക്ക് ബാലകുമാര്‍ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നു. പി.ഡബ്ലയു.സി. ഡയറക്ടറായിരുന്നു ബാലകുമാര്‍. വിവാദങ്ങള്‍ ഉയര്‍ന്ന് വന്നപ്പോള്‍ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. കുറച്ച്‌ കാലം കഴിഞ്ഞ് വീണ്ടും വെബ്‌സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ബാലകുമാറിനെ കുറിച്ചുള്ള വാക്യങ്ങള്‍ മാറ്റിയിരുന്നു. വീണയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിയാണ് ഇക്കാര്യം പറയുന്നതെന്നും കുഴല്‍നാടന്‍ പറഞ്ഞു.

എന്ത് മറയ്ക്കാനാണ് ഈ പരാമര്‍ശം പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു. മെന്ററെ പോലെയാണെന്ന് മകള്‍ പറഞ്ഞ കാര്യം നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. സ്വര്‍ണം പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോ തനിക്ക് നേരിട്ടോ ഒരു ബന്ധവുമില്ലെന്നാണ് ആദ്യം പ്രതികരിച്ചത്. ശിവശങ്കറെ വിളിച്ചുവെന്ന് തെളിഞ്ഞപ്പോള്‍ വിവാദവനിതയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വപ്നയെ നിയമിച്ച മുഖ്യമന്ത്രി സ്വപ്നയെ സംരക്ഷിക്കാന്‍ തയ്യാറായി. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ എന്താണ് അദ്ദേഹം ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നുവെന്നുമായിരുന്നു കുഴല്‍നാടന്റെ പ്രതികരണം.

വൈകുന്നേരം സ്വകാര്യ വാർത്താ മാധ്യമത്തിൽ നടന്ന ചർച്ചയിൽ തെളിവില്ലാതെ കാര്യങ്ങൾ പറയുന്ന ആളല്ല താൻ എന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകൾ മെൻറർ എന്ന് സ്വന്തം സ്ഥാപനത്തിലെ വെബ്സൈറ്റ് ജയ്ക്ക് ബാലഗോപാലിനെ വിശേഷിപ്പിച്ചതിന് തെളിവ് തൻറെ പക്കൽ ഉണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. വെബ്സൈറ്റ് പിന്നീട് അപ്രത്യക്ഷമായെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഗൂഗിൾ ഡംബ് താൻ സൂക്ഷിച്ചിട്ടുണ്ട് എന്നുമാണ് കുഴൽനാടൻ വ്യക്തമാക്കിയത്. ഈ തെളിവ് മാധ്യമങ്ങൾക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക