സ്വന്തം ലേഖകൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരം : മുട്ടിൽ മരം മുറി കേസിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പി.ടി തോമസ്. മരംമുറിക്കൽ കേസിലെ പ്രതികളെ മുഖ്യമന്ത്രി ഹസ്തദാനം ചെയ്യുന്ന ഫോട്ടോ അദ്ദേഹം പുറത്തുവിട്ടു.

നിയമസഭയെ തെറ്റിദ്ധരിപ്പിച്ചത് താനല്ല,മുഖ്യമന്ത്രിയാണെന്നും പി.ടി. തോമസ് വ്യക്തമാക്കി. മുട്ടിൽ മരം മുറികേസുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയനോട്ടീസ് അവതരണത്തിലെ പി ടി തോമസിന്റെ പരാമർശം കഴിഞ്ഞ ദിവസം ഏറെ വിവാദമായിരുന്നു.

മരം മുറി കേസിലെ പ്രതികൾ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തുവെന്നായിരുന്നു പി.ടി തോമസിന്റെ ആരോപണം. എന്നാൽ ആ കാലഘട്ടത്തിൽ താനല്ല, ഉമ്മൻചാണ്ടിയായിരുന്നു മുഖ്യമന്ത്രിയെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

സഭയിൽ മുഖ്യമന്ത്രി ഉന്നയിച്ച ആക്ഷേപത്തിന് മറുപടി നൽകാൻ സ്പീക്കറുടെ അനുമതി തേടിയങ്കിലും കിട്ടിയില്ലെന്ന് പി ടി തോമസ് വിശദീകരിച്ചു. തുടർന്ന് ഇന്ന് വോട്ട്ഓൺ ചർച്ചയ്ക്കിടെ എൽദോസ് കുന്നപ്പള്ളിയിൽ നിന്ന് സമയം വാങ്ങി തന്റെ ഭാഗം വിശദീകരിക്കുകയായിരുന്നു.

മരം മുറി കേസിലെ പ്രതികൾ 2017 ജനുവരി 22 ന് എറണാകുളം ഗസ്റ്റ്ഹാസിൽ മാംഗോ മൊബൈൽ വെബ്‌സൈറ്റ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. മുകേഷ് എം.എൽ.എ ക്ഷണിച്ചതനുസരിച്ച് മുഖ്യമന്ത്രി ഈ ചടങ്ങിൽ പങ്കെടുക്കാൻ സമ്മതിച്ചു. എന്നാൽ സംഘാടകരുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച ഇന്റലിജന്റ്‌സ് റപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അവസാന നിമിഷം ഈ ചടങ്ങ് ഒഴിവാക്കുകയായിരുന്നു.

എന്നാൽ ഫെബ്രുവരി 24ന് കോഴിക്കോട് എം.ടിയെ ആദരിക്കുന്ന ചടങ്ങിൽ വച്ച് ഇതേ വ്യക്തികളെ മുഖ്യമന്ത്രി കണ്ടു. ഈ ചടങ്ങിന്റെ ഫോട്ടോയാണ് പി.ടി.തോമസ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

താൻ പുറത്ത് വിട്ട ഫോട്ടോയുടെ ആധികാരികതയിൽ സംശയമുണ്ടെങ്കിൽ കേസെടുക്കാനും അദ്ദേഹം വെല്ലുവിളിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക