ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്‍പ് തന്നെ കാണാനെത്തിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെ ആശീര്‍വദിച്ച്‌ ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിനേത്തുടര്‍ന്ന് പി ടി തോമസിനെതിരെ സഭയുടെ നേതൃത്വത്തിലുണ്ടായ പ്രതിഷേധങ്ങള്‍ തെറ്റിദ്ധാരണ കൊണ്ടാകാമെന്ന് ഇടുക്കി ബിഷപ്പ് ഉമ തോമസിനോട് പറഞ്ഞു. ഉപ്പുതോട് പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന് ഒപ്പമാണ് ഉമ തോമസ് ബിഷപ്പ് ഹൗസിലെത്തിയത്. താന്‍ അനുഗ്രഹം വാങ്ങാന്‍ വന്നതാണെന്നും അനുഗ്രഹങ്ങള്‍ മാത്രം മതിയെന്നും ഉമ പറഞ്ഞു.

ഇന്നലെ ഉപ്പുതോട്ടിലെ പി ടി യു ടെ തറവാട്ട് വീട്ടിലെത്തിയ ഉമ തോമസ് രാവിലെ ഡി സി സി പ്രസിഡന്റ് സി പി മാത്യൂ, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കൊപ്പം പള്ളിയിലെത്തി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് പി ടി അമ്മയോടൊപ്പം അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി. പി ടിയുടെ അടുത്ത് നിന്ന് തുടങ്ങണമെന്ന് തന്റെ ആഗ്രഹമായിരുന്നെന്ന് ഉമ പറഞ്ഞു. കെ വി തോമസിന്റെ നിലപാടിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മാഷിന് തനിക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും പി ടിയേയും കുടുംബത്തേയും മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നുമായിരുന്നു ഉമയുടെ മറുപടി. ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാക്കന്മാരെ നേരില്‍ കണ്ടതിന് ശേഷമാണ് ഉമയുടെ മടക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃക്കാക്കരയില്‍ സീറോ മലബാര്‍ സഭയ്ക്ക് നിര്‍ണായ സ്വാധീനമുണ്ടെന്നിരിക്കെ ഇടുക്കി ബിഷപ്പിന്റെ വാക്കുകള്‍ യുഡിഎഫ് ക്യാംപിന് പ്രതീക്ഷ നല്‍കുന്നുണ്ട്. അന്ന് ഇടുക്കി എംപിയായിരുന്ന പി ടി തോമസിനെതിരെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചതിന്റെ പേരില്‍ ശവഘോഷയാത്രയും സദ്യയും നടത്തിയതിനേക്കുറിച്ചാണ് ഇന്ന് ഇടുക്കി ബിഷപ്പ് ഉമയോട് സംസാരിച്ചത്. പി ടി തോമസിന്റെ മരണശേഷം ബിഷപ്പ് മാര്‍ നെല്ലിക്കുന്നേല്‍ നടത്തിയ പ്രസ്താവന വാര്‍ത്തയായിരുന്നു. പി ടി ഇടുക്കിയുടെ അഭിമാനമായിരുന്നെന്ന് ബിഷപ്പ് നെല്ലിക്കുന്നേല്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ച ശേഷം പറഞ്ഞു. പി ടി തോമസ് പുതുതലമുറയ്ക്ക് മാതൃകയാണ്. ഇടുക്കിക്ക് അഭിമാനിക്കാവുന്ന രീതിയില്‍ പൊതുരംഗത്തും രാഷ്ട്രീയ രംഗത്തും വളരെയധികം സേവനങ്ങള്‍ കാഴ്ച്ച വെച്ചയാളാണ് പി ടി. മികച്ച സാമാജികനായ അദ്ദേഹം എല്ലാവരുടേയും മനസില്‍ നിലകൊള്ളുമെന്നും ബിഷപ്പ് അന്ന് പറയുകയുണ്ടായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക