കോഴിക്കോട്: ജോയ്‌സ്‌ന വിദേശത്ത് നഴ്‌സായി ജോലി ചെയ്യുന്ന സമയത്ത് സാമൂഹിക മാധ്യമം വഴിയാണ് ഷിജിനെ പരിചയപ്പെടുന്നതെന്ന് ജോയ്സനയുടെ പിതാവ് ജോസഫ്. മകളുടെ കൈയില്‍നിന്ന് ഒരു ലക്ഷം രൂപയോളം ഷിജിന്‍ കൈക്കലാക്കിയതായും പിതാവ് വെളിപ്പെടുത്തി.

മകള്‍ പൈസ കൊടുത്തത് വിവാഹം കഴിക്കാന്‍ പോകുന്ന യുവാവിന് അറിയാമായിരുന്നു. ചോദിച്ചപ്പോള്‍ പരിചയമുള്ള ആളാണ്, നേതാവാണ്, പൈസ തിരിച്ച്‌ തരുമെന്നാണ് പറഞ്ഞത്. പിന്നീട് മകള്‍ വീട്ടില്‍ എത്തിയ ശേഷം പണം ചോദിച്ച്‌ ഷിജിനെ വിളിച്ചിട്ടുണ്ട്. ഇത് തരാമെന്ന് പറഞ്ഞാണ് ഷിജിന്‍ മകളെ വണ്ടിയില്‍ കയറ്റി കൊണ്ട് പോയതെന്ന് സംശയിക്കുന്നു. പിന്നീട് മകളെ പറഞ്ഞ് മനംമാറ്റുകയായിരുന്നു. അങ്ങനെ ഒരു ബന്ധം അവള്‍ക്ക് ഉണ്ടെങ്കില്‍ അത് പറയാനുള്ള സ്വാതന്ത്ര്യം വീട്ടില്‍ ഉണ്ട്. ഒരിക്കലും ഈ കാര്യം അവള്‍ പറഞ്ഞിട്ടില്ല. മകളെ കെണിയില്‍ പെടുത്തിയതാണെന്നും അവളെ കണ്ട് സംസാരിക്കാനുള്ള ശ്രമങ്ങളിലാണെന്നും ജോസഫ് വിശദീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോടഞ്ചേരിയിലെ ഷിജിനും ജോയ്‌സനയും തമ്മിലുള്ള വിവാഹം ലൗജിഹാദല്ലെന്നും മകളെ കെണിയില്‍പ്പെടുത്തിയതാണെന്നും ആണ് പിതാവ് ജോസെഫിന്റെ വാദം. ഇങ്ങനെയൊരു ബന്ധമുണ്ടെങ്കില്‍ അവള്‍ക്ക് അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ട്. എന്നാല്‍ ഒരിക്കലും മകള്‍ ഇക്കാര്യം തങ്ങളോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മകളുടെ വിവാഹം ലൗജിഹാദ് ആണെന്ന് പലരും പറയുന്നു. ഇത് തന്റെ മറ്റുമക്കളുടെ ഭാവിയെ പോലും ബാധിക്കുന്ന കാര്യമാണ്. കഴിഞ്ഞ മാസമാണ് ജോയ്‌സ്‌ന അവധിക്ക് നാട്ടില്‍ എത്തിയത്. ജോയ്‌സനയുടെ സമ്മതപ്രകാരം മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹ നിശ്ചയത്തിന്റെ തലേ ദിവസം ഒരു സുഹൃത്തിന് ആധാര്‍ കാര്‍ഡ് അയച്ചു കൊടുക്കാനെന്ന് പറഞ്ഞാണ് മകള്‍ വീട്ടില്‍ നിന്ന് പോയത്. പിന്നീട് കോഴിക്കോട് വരെ ഒരു സുഹൃത്തിനെ കാണാന്‍ പോയെന്ന് പറഞ്ഞ് വീണ്ടും വിളിച്ചു. പിന്നീട് മകളുടെ ഫോണ്‍ ഓഫായി. അതിന് ശേഷം ഇളയ മകള്‍ക്ക് സുഹൃത്തിന്റെ നമ്ബര്‍ എന്ന് പറഞ്ഞ് നല്‍കിയ നമ്ബറിലേക്ക് വിളിച്ചു. എന്നെ ഇവര്‍ വിടുന്നില്ലെന്നാണ് മകള്‍ അവസാനമായി പറഞ്ഞത് .

അതേസമയം മുസ്ലീം മതവിഭാ​ഗത്തില്‍ ജനിച്ച ഡിവൈഎഫ്‌ഐ നേതാവ് ക്രിസ്ത്യന്‍ യുവതിയെ വിവാഹം കഴിച്ചതോടെ ലവ് ജിഹാദ് വാദമുയര്‍ത്തി പെണ്‍കുട്ടിയുടെ ബന്ധുക്കളും ക്രിസ്ത്യന്‍ സംഘടനകളും രം​ഗത്തെത്തിയത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇതിനിടയില്‍ ഷെജിനും ജ്യോത്സനയും കോടതിയില്‍‌ നേരിട്ടെത്തി തങ്ങള്‍ പ്രണയത്തിലായിരുന്നു എന്ന് വ്യക്തമാക്കുകയും ഒരുമിച്ച്‌ ജീവിക്കാനുള്ള തീരുമാനം അറിയിക്കുകയും ചെയ്തതോടെ കോടതി ഇരുവരുടെയും തീരുമാനം അം​ഗീകരിക്കുകയും ചെയ്തു. എന്നിട്ടും ചില സിപിഎം നേതാക്കള്‍ പോലും ഇവരുടെ നടപടിയെ അം​ഗീകരിക്കാന്‍ തയ്യാറാകുന്നില്ല എന്നത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്.

ഒരു മുസ്ലീം യുവാവ് ഹിന്ദു പെണ്‍കുട്ടിയേയോ ക്രിസ്ത്യന്‍ പെണ്‍കുട്ടിയേയോ വിവാഹം കഴിച്ചാല്‍ ഉടന്‍ അതിനെ ലൗ ജിഹാദായി ചിത്രീകരിക്കപ്പെടുന്ന നടപടിയാണ് വിമര്‍ശനത്തിന് വഴിയൊരുക്കുന്നത്. താമരശ്ശേരിയിലെ സിപിഎം – ഡിവൈഎഫ്‌ഐ നേതാവായ ഷിജിന്റെ പ്രണയം തങ്ങളാരും അറിഞ്ഞിരുന്നില്ല എന്ന വിമര്‍ശനമാണ് ജില്ലയിലെ സിപിഎം നേതാക്കള്‍ ഉയര്‍ത്തുന്നത്. മിശ്രവിവാഹത്തിന് പാര്‍ട്ടി എതിരല്ലെന്നും എന്നാല്‍, പെണ്‍കുട്ടിയുമായി നാടുവിട്ട് പോയത് സമൂഹത്തില്‍ പരിഭ്രാന്തിയും തെറ്റിദ്ധാരണയും പടര്‍ത്തി എന്നുമാണ് സിപിഎം നേതാക്കളുടെ പ്രതികരണം.

ഡിവൈഎഫ്‌ഐ നേതാവ് ഷെജിനും ജോത്സനയും തമ്മില്‍ ഏഴ് മാസത്തോളമായി പ്രണയത്തിലാണ്. ഇത് വീട്ടുകാര്‍ അറിയുന്നത് പെണ്‍കുട്ടി നേതാവിനൊപ്പം ഒളിച്ചോടിയതോടെയാണെന്ന് മാത്രം. ഗള്‍ഫിലായിരുന്ന ജോയ്‌സന നാട്ടിലെത്തി രണ്ടാഴ്‌ച്ച കഴിഞ്ഞപ്പോഴാണ് ഷെജിനൊപ്പം ഇറങ്ങിപ്പോയി വിവാഹം കഴിച്ചത്. ഇതറിഞ്ഞ ബന്ധുക്കള്‍ക്ക് ഉണ്ടായത് ഞെട്ടലും. ഇതോടെ ലൗ ജിഹാദ് ആരോപണവും ശക്തമായി, ഇടവകയും പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് കോടഞ്ചേരിയിലെ മിശ്ര വിവാഹം ലൗ ജിഹാദായി മാറുന്നത്.

നാട്ടില്‍ നിന്ന് മാറിനിന്നത് ജാഗ്രതക്കുറവെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞെന്നാണ് ഷെജിനും പറയുന്നത്. അതേസമയം പെണ്‍കുട്ടി കോടതിയില്‍ ഭര്‍ത്താവിനൊപ്പം പോകണം എന്നു പറഞ്ഞതോടെ വിഷയം അവസാനിച്ചതാണ്. എങ്കിലും മുന്‍ എംഎല്‍എ ജോര്‍ജ്ജ് എം തോമസിന്റെ വാക്കുകള്‍ കൂടി ആയതോടെ വിഷയം കൈവിട്ടു പോകുകയായിരുന്നു.

അതേസമയം കോടഞ്ചേരി പൊലീസിനെതിരെ ഷെജിന്‍ ആരോപണം ഉന്നയിച്ചു. കോടതിയില്‍ വച്ച്‌ എസ്‌ഐ മോശമായി പെരുമാറി. തങ്ങളോട് അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി. ജോയ്‌സ്‌നയെ തടഞ്ഞുവച്ചു. കോടതി ജോയ്‌സ്‌നയെ തനിക്കൊപ്പം വിട്ടിട്ടും നടപടികള്‍ വൈകിപ്പിച്ചു. വീട്ടുകാരെ കാണാന്‍ ജോയ്‌സ്‌നയെ നിര്‍ബന്ധിച്ചു. എസ്‌ഐയും രണ്ട് സിപിഒമാരുമാണ് മോശമായി പെരുമാറിയത്. മറ്റാരുടെയോ താല്പര്യം സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത് എന്നും ഷെജിന്‍ പറഞ്ഞു. വിവാഹത്തിനായി ആരുടെയും സമ്മര്‍ദ്ദമില്ലായിരുന്നെന്നും ഷെജിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ജോയ്‌സ്‌നയും വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക