‘നറുമുഖയെ നറുമുഖയെ നീയൊരു നാഴിക നില്ലൈ..’- ലാസ്യഭാവങ്ങളിൽ ചുവടുവെച്ച് അപർണ ബാലമുരളി
സംഘകാല കവിതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തമിഴ് സിനിമാലോകത്ത് ധാരാളം ഗാനങ്ങൾ പിറക്കാറുണ്ട്. അത്തരത്തിലൊന്നാണ് റഹ്മാൻ-വൈരമുത്തു കൂട്ടുകെട്ടിലെ ‘ഇരുവർ’ എന്ന ചിത്രത്തിലെ നറുമുഖയേ എന്ന ഗാനം. ഇത് കുറുന്തോകൈയിൽ നിന്നുള്ളതാണ്. ഒരു പുരാതന തമിഴ് കാവ്യാത്മക കൃതിയാണിത്. കലയും സാഹിത്യവും കവിതയുമെല്ലാം ചേർന്ന ഇരുവർ സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റാണെങ്കിലും നറുമുഖയെ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ്. വർഷങ്ങൾ പിന്നിട്ടിട്ടും ആ ഗാനത്തിന്റെ ചാരുത ചോരാതെ പുതുതലമുറയും കവർ ഗാനങ്ങളിലൂടെ പുതുമ പകരുകയാണ് നറുമുഖയ്ക്ക്.
ഇപ്പോഴിതാ, ഗാനരംഗത്തിന് ഒരു കവർ വേർഷൻ ഒരുക്കിയിരിക്കുകയാണ് നടി അപർണ ബാലമുരളി. അഞ്ജലി വാര്യർ ആലപിക്കുന്ന ഗാനത്തിനൊപ്പം അപർണ ചുവടുവയ്ക്കുകയാണ്. ഗാനരംഗത്ത് വീണ വായിക്കുന്നത് അപർണയുടെ അച്ഛനായ ബലമുരളിയാണ്. പാട്ടിലും നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന അപർണയുടെ ഈ നൃത്തവിഡിയോയും ശ്രദ്ധേയമാകുകയാണ്.
മുൻപ് തഞ്ചാവൂർ ശങ്കര അയ്യർ ചിട്ടപ്പെടുത്തിയ ഗാനത്തിന് ചുവടുവെച്ച് വിസ്മയിപ്പിച്ചിരുന്നു അപർണ.അന്ന് ഗാനം ആലപിച്ചിരുന്നത് കാർത്തിക വൈദ്യനാഥനായിരുന്നു. പരിശീലനം ലഭിച്ച ക്ലാസിക്കൽ ഗായികയും നർത്തകിയുമാണ് അപർണ. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങി വിവിധ പരമ്പരാഗത നൃത്തരൂപങ്ങളിൽ വൈദഗ്ധ്യമുള്ളയാളുമാണ്.
അതേസമയം, 2020-ൽ റിലീസ് ചെയ്ത ‘സൂരറൈ പോട്ര്’ ഹിറ്റായതോടെ അപർണ ബാലമുരളി വിജയ കുതിപ്പിലാണ്. ചിത്രത്തിൽ സൂര്യയുടെ നായികയായി വേഷമിട്ടതോടെ അപർണയെ തേടിയെത്തുന്നത് മികച്ച അവസരങ്ങളാണ്.ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രം അപർണയ്ക്ക് പ്രശംസയും വലിയ അംഗീകാരങ്ങളും നേടിക്കൊടുത്തു.