തിരുവനന്തപുരം: കോൺഗ്രസ് അംഗത്വ വിതരണത്തിന് ഈ മാസം 26-ഓട് കൂടി ഔദ്യോഗികമായി തുടക്കം കുറിക്കുമെന്ന് കേരളത്തിൻറെ ചുമതലയുള്ള വരണാധികാരി ജി പരമേശ്വര. ഏപ്രിൽ 1 മുതൽ സംഘടനാ തെരഞ്ഞെടുപ്പിൻറെ പ്രക്രിയ ആരംഭിക്കും. അന്നുമുതൽ തന്നെ പെരുമാറ്റച്ചട്ടം നിലവിൽവരും. അതുവരെ നിലവിലെ പുനഃസംഘടനയ്ക്ക് തടസമില്ലെന്നും അദ്ദേഹം അറിയിച്ചു.

രാജ്യവ്യാപകമായി കോൺഗ്രസിൻറെ അംഗത്വ വിതരണ ക്യാമ്പെയ്ൻ പ്രക്രിയ മുന്നോട്ടുപോവുകയാണെന്ന് ജി പരമേശ്വര വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ട് തരത്തിലുള്ള അംഗത്വ വിതരണമാണ് എഐസിസി ആവിഷ്‌കരിച്ചിരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള അംഗത്വ വിതരണത്തിന് പുറമെ ഡിജിറ്റൽ രീതിയിലും ഇത്തവണ അംഗത്വമെടുക്കാം. അഞ്ച് രൂപയാണ് അംഗത്വഫീസ്. അംഗത്വവിതരണത്തിനുള്ള ബുക്കുകൾ എല്ലാ ഡിസിസി ഓഫീസുകളിലും എത്തിച്ചിട്ടുണ്ട്. ഉടൻ തന്നെ താഴെതട്ടിലേക്ക് വിതരണം ചെയ്യും. ഇതിന് പുറമെ ഡിജിറ്റൽ മെമ്പർഷിപ്പ് വിതരണവും ആരംഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫെബ്രുവരി 26 ന് തുടക്കം കുറിക്കുന്ന അംഗത്വവിതരണം മാർച്ച് 31 ന് അവസാനിക്കും. ഏപ്രിൽ 1 മുതൽ സംഘടനാ തെരഞ്ഞെടുപ്പിൻറെ പെരുമാറ്റച്ചട്ടം നിലവിൽ വരും. അതുവരെ പുനഃസംഘടനയുമായി മുന്നോട്ട് പോകാം. ഇതിനുശേഷം സംസ്ഥാന തലത്തിൽ ഒരു പുനഃസംഘടനയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലോക്ക്, ജില്ല, പിസിസി, ദേശീയതലത്തിൽ വരെ സംഘടനാ തെരഞ്ഞെടുപ്പിലുടെ ഭാരവാഹികളെ തെരഞ്ഞെടുക്കും. എല്ലാ തലങ്ങളിലും സമവായം ഉണ്ടായാൽ നാമനിർദ്ദേശം നടക്കും. അതല്ലെങ്കിൽ ബാലറ്റ് ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് നടക്കും. ബൂത്തുകളിൽ രണ്ട് എൻട്രോളർമാരെ നിയമിക്കും. ഇതിൽ ഒരാൾ വനിതയായിരിക്കും. ഇവർക്ക് ഡിസിസി തലത്തിൽ പരിശീലനം നൽകും. അംഗത്വ വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കെപിസിസി കേന്ദ്രീകരിച്ച് ഒരു വർക്കിംഗ് പ്രസിഡൻറിനെയും ഒരു ജനറൽ സെക്രട്ടറിയേയും ചുമതലപ്പെടുത്തും. ജില്ലകൾ അംഗത്വവിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വൈസ് പ്രസിഡൻറുമാർക്കോ ജനറൽ സെക്രട്ടറിമാർക്കോ ചുമതല നൽകും.

ഈ മാസം 26ന് എഐസിസി അംഗങ്ങൾ, പിസിസി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ, ജില്ലാ പ്രസിഡൻറുമാർ, ബ്ലോക്ക് പ്രസിഡൻറുമാർ എന്നിവർക്കായി പരിശീലന ശിൽപ്പശാല നടത്തും. എഐസിസിയുടെ ഷെഡ്യൂൾ അനുസരിച്ച് തന്നെ തെരഞ്ഞെടുപ്പ് നടക്കും. സെപ്റ്റംബറിൽ പുതിയ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക