തിരുവനന്തപുരം: പുനഃസംഘടനയുമായി ബന്ധപ്പെട്ട്‌ ഗ്രൂപ്പുകളും കെ.പി.സി.സി നേതൃത്വവും തമ്മിലുള്ള വടംവലി തുടരുന്നു. സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള വരണാധികാരി ജി. പരമേശ്വര തലസ്‌ഥാനത്ത്‌ എത്തുന്നതിനു മുമ്ബായി ഡി.സി.സി. ഭാരവാഹികളുടെയും കെ.പി.സി.സി സെക്രട്ടറിമാരുടെയും പുനഃസംഘടന പൂര്‍ത്തിയാക്കാനാണു നേതൃത്വത്തിന്റെ ശ്രമം. കഴിഞ്ഞദിവസം രമേശ്‌ ചെന്നിത്തലയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ചര്‍ച്ചനടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെയാണ്‌ എത്തിയത്‌. ഗ്രൂപ്പുകള്‍ വേണ്ടത്ര വഴങ്ങുന്നില്ലെന്നതു നേതൃത്വത്തെ വലയ്‌ക്കുന്നു.

ജില്ലകളില്‍ ഗ്രൂപ്പ്‌ ക്വാട്ട നിശ്‌ചയിക്കാത്തതും ഗ്രൂപ്പ്‌ തിരിച്ചു പട്ടിക സ്വീകരിക്കാന്‍ നേതൃത്വം തയാറാകാത്തതുമാണു പ്രതിസന്ധിക്കു മുഖ്യ കാരണം. ഇതോടെ ഡി.സി.സി. ഭാരവാഹികളുടെ പ്രഖ്യാപനം വൈകിയേക്കുമെന്നും സൂചനയുണ്ട്‌. കെ.പി.സി.സി. സെക്രട്ടറിമാരുടെ നിയമനമെങ്കിലും ഉടന്‍ നടത്താന്‍ നീക്കമുണ്ട്‌. 40 പേരെ സെക്രട്ടറിമാരായി നിയമിക്കുന്നതിനാണ്‌ ആദ്യം ആലോചിച്ചതെങ്കിലും കരട്‌ പട്ടികയുടെ നീളം കൂടിയതോടെ 45 ആക്കാന്‍ ധാരണയിലെത്തി. എന്നാല്‍ പലതവണ ചര്‍ച്ച നടന്നുവെങ്കിലും ചില പേരുകളുടെ കാര്യത്തില്‍ കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷനേതാവും തമ്മില്‍ പോലും സമവായമുണ്ടായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജില്ലകളില്‍ ഐ പക്ഷം സഹകരിക്കുന്നുണ്ടെങ്കിലും കാര്യമായ പിന്തുണ എ പക്ഷം നല്‍കുന്നില്ല. ജില്ലാ ഭാരവാഹിത്വത്തിനു ഗ്രൂപ്പില്‍നിന്നു പരിഗണിക്കേണ്ടവരുടെ പ്രത്യേക പട്ടിക എ പക്ഷം തയാറാക്കിയിട്ടുണ്ട്‌. ഓരോ ജില്ലയിലും ഗ്രൂപ്പിനു ലഭിക്കുന്ന ഭാരവാഹികളുടെ എണ്ണം അറിയിക്കുന്നതിനനുസരിച്ച്‌ പേരുകള്‍ നല്‍കാമെന്നാണ്‌ അവരുടെ നിലപാട്‌. എന്നാല്‍ ഓരോ ജില്ലയിലും നടക്കുന്ന ചര്‍ച്ചയില്‍ നേതാക്കള്‍ക്കു പേരുകള്‍ നിര്‍ദ്ദേശിക്കാമെന്നും ക്വാട്ട തീരുമാനിച്ച്‌ ഗ്രൂപ്പ്‌ തിരിച്ചുളള്ള പട്ടിക സ്വീകരിക്കാന്‍ തയാറല്ലെന്നുമുള്ള നിലപാടിലാണ്‌ പാര്‍ട്ടി നേതൃത്വം.
ഡി.സി.സി. ഭാരവാഹികളുടെ കരട്‌ പട്ടിക ഏറെക്കുറെ എല്ലാ ജില്ലകളില്‍നിന്നും ലഭിച്ചിട്ടുണ്ടെന്നാണ്‌ നേതൃത്വം അവകാശപ്പെടുന്നത്‌. ഏറ്റവും ഒടുവിലായി കൈമാറിയത്‌ തിരുവനന്തപുരം ജില്ലയാണ്‌.

വലിയ ജില്ലകളില്‍ 25, ചെറിയ ജില്ലകളില്‍ 15 വീതം ഭാരവാഹികളെയാണ്‌ നിശ്‌ചയിക്കേണ്ടതെങ്കിലും ഓരോ ജില്ലയിലും 150 മുതല്‍ 200 വരെ പേരുകളടങ്ങിയ കരട്‌ പട്ടികയാണു കൈമാറിയിരിക്കുന്നത്‌.
സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്‌ണന്റെ മകളുടെ വിവാഹമായതിനാല്‍ അദ്ദേഹം അവധിയിലാണ്‌.
അദ്ദേഹത്തിന്‌ പകരം മറ്റൊരു കെ.പി.സി.സി ജനറല്‍സെക്രട്ടറിയായ ജയന്ത്‌ ആണ്‌ പ്രസിഡന്റിനെ പരിശോധനയില്‍ സഹായിക്കുന്നത്‌. ഒരാഴ്‌ചയ്‌ക്കകം കെ.പി.സി.സി സെക്രട്ടറിമാരെയും ഡി.സി.സി ഭാരവാഹികളെയും പ്രഖ്യാപിക്കുമെന്നാണ്‌ സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക