കൊച്ചി: കള്ളുഷാപ്പിന് സമീപം സ്ഥലം വാങ്ങി വീടു വെച്ച ശേഷം ഷാപ്പ് സ്വകാര്യതയ്ക്ക് തടസ്സമാകുന്നുവെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കള്ളുഷാപ്പ് ലൈസന്‍സി നല്‍കിയ അപ്പീല്‍ പരി​ഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

വൈക്കം റേഞ്ച് പരിധിയിലെ ഒരു കള്ളുഷാപ്പു മാറ്റി സ്ഥാപിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. 1994 മുതല്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പിനരികെ 2005-ലാണ് വീട്ടമ്മ സ്ഥലം വാങ്ങിയത്. പിന്നെയും അഞ്ച് വര്‍ഷം കഴിഞ്ഞ് ഇവിടെ വീട് പണിതു. പിന്നെയും കുറെ നാള്‍ കഴിഞ്ഞാണ് താമസം തുടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനുശേഷം തന്റെയും കുടുംബത്തിന്റെയും സ്വകാര്യത ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വീട്ടമ്മ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയില്‍ ഷാപ്പ് മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍, അനുയോജ്യമായ സ്ഥലം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ലൈസന്‍സി നല്‍കിയ പരാതിയില്‍ അനുയോജ്യ സ്ഥലം കിട്ടുന്നതുവരെ ഷാപ്പ് അവിടെത്തന്നെ തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

ഇതിനെതിരേ വീട്ടമ്മ നല്‍കിയ ഹര്‍ജിയിലായിരുന്നു സിംഗിള്‍ബെഞ്ച് ഉത്തരവ്. ഇതിനെതിരെയാണ് കള്ളുഷാപ്പ് ലൈസന്‍സി അപ്പീല്‍ നല്‍കിയത്. ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്നല്ലാതെ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടില്ലെന്നത് ജസ്റ്റിസ് പി ബി സുരേഷ് കുമാറും ജസ്റ്റിസ് സി എസ് സുധയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരി​ഗണിച്ചു. മാറ്റി സ്ഥാപിക്കാന്‍ എതിര്‍പ്പില്ലാത്ത സ്ഥലം ഷാപ്പിന്റെ പരിധിയില്‍ വേറെയുള്ളത് ചൂണ്ടിക്കാട്ടാന്‍ ഹര്‍ജിക്കാരിക്കും കഴിഞ്ഞില്ല. ഇതെല്ലാം വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക