തിരുവനന്തപുരം: ഇനി ചാന്‍സിലര്‍ സ്ഥാനം വേണ്ടെന്ന നിലപാടിലുറച്ച്‌ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇനി സ്ഥാനം ഏറ്റെടുക്കില്ലെന്നും സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ തന്നെ ചാന്‍സിലറാകണമെന്നത് ഭരണഘടനാപരമല്ലെന്ന വാദത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് അദ്ദേഹം.

ധാര്‍മ്മികതയ്ക്കും നിയമത്തിനും നിരക്കാത്തത് തനിക്ക് ചെയ്യേണ്ടി വന്നുവെന്നും അത് അംഗീകരിക്കുന്നുവെന്നും എന്നാലിനിയും തെറ്റ് തുടരാന്‍ വയ്യെന്നും ഗവര്‍ണര്‍ പറഞ്ഞു. വിവാദങ്ങള്‍ തുടങ്ങിയ സമയത്തെ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് ഗവര്‍ണര്‍. താന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ച്‌ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളാണ് ഗവര്‍ണര്‍ ചാന്‍സിലര്‍ സ്ഥാനം ഒഴിവാക്കുന്ന നിലയിലേക്ക് നിലവില്‍ വളര്‍ന്നിരിക്കുന്നത്. തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് തുടക്കം മുതല്‍ ഗവര്‍ണര്‍ പരാതിപ്പെട്ടിരുന്നു. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മുറുകുന്നതിനിടെ മന്ത്രിമാരുടേയും സിപിഎം നേതാക്കളുടെയും ഭാര്യമാരുടെ അടക്കം നിയമന വിവാദങ്ങളും സജീവ ചര്‍ച്ചയായി മാറിയിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗം അടിമുടി രാഷ്ട്രീയക്കാരുടെ പിടിയിലാണെന്ന വിമര്‍ശനം ശക്തമായി നില്‍ക്കുന്നതിനിടെയാണ് നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്.

കണ്ണൂര്‍ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍ സര്‍വകലാശാലയുടെ നിലപാടിനെതിരെ ഹൈക്കോടതിയില്‍ ഗവര്‍ണ്ണര്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. അംഗങ്ങളെ നാമര്‍ദേശം ചെയ്യാനുള്ള അധികാരം ചാന്‍സിലര്‍ക്ക് തന്നെയാണെന്നാണ് ഗവര്‍ണ്ണര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതിനിടെ സര്‍വകലാശാല പ്രശ്‌നത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന ഗവര്‍ണ്ണറെ അനുനയിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടര്‍്‌നനിരുന്നുവെങ്കിലും അത് ഫലം കണ്ടില്ല.

കണ്ണൂര്‍ വിസി നിയമനത്തിനൊപ്പം തന്നെ വിവാദത്തിലായതാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ നിയമനവും. വിവിധ വിഷയങ്ങളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്തിരുന്നത് ചാന്‍സിലറായ ഗവര്‍ണ്ണര്‍ തന്നെയയിരുന്നു. പക്ഷേ അടുത്തിടെ 68 ബോര്‍ഡ് സ്റ്റഡീസില്‍ മൂന്ന് മാസം മുന്‍പ് സിന്‍ഡിക്കേറ്റ് തന്നെ നേരിട്ട് നിയമനം നടത്തുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ആ അപേക്ഷ തള്‌ലുകയായിരുന്നു. ഡിവിഷന്‍ ബഞ്ചില്‍ അപ്പീലെത്തിയപ്പോള്‍ കോടതി ഗവര്‍ണ്ണറുടെ അഭിപ്രായം തേടുകയും ഗവര്‍ണ്ണര്‍ പ്രത്യേക നിയമോപദേശകന്‍ വഴി കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു.

സര്‍വകലാശാല നിലപാട് തള്ളിയ ഗവര്‍ണ്ണര്‍, കണ്ണൂര്‍ സര്‍വകലാശാല സ്റ്റാറ്റൂട്ട് പ്രകാരം നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ചാന്‍സിലര്‍ക്കാണെന്നും നിയമിക്കാനുള്ള അധികാരം മാത്രമാണ് സിന്‍ഡിക്കേറ്റിനെന്നും കോടതിയെ അറിയിക്കുകയായിരുന്നു. ഇതിനിടെ ഡിവിഷന്‍ ബെഞ്ചിലേക്ക് കേസ് വരുന്നതിന് മുന്‍പ് തന്നെ സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് ചാന്‍സിലര്‍ നാമനിര്‍ദേശം ചെയ്യുമെന്ന ഭാഗം ഭേദഗതി ചെയ്ത് തള്ളിക്കളയുകയും ചെയ്തിരുന്നു. വിസി നിയമനത്തിന് പിന്നാലെയാണ് ബോര്‍ഡ് സ്റ്റഡീസിലെ നിയമനവും ചര്‍ച്ചയായായി മാറിയത്. അതേസമയം വിസി നിയമനത്തിലും ബോര്‍ഡ് ഓഫ് സ്റ്റഡീസ് വിഷയത്തിലും ഉറച്ച്‌ നില്‍ക്കുന്ന ഗവര്‍ണ്ണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക