കോട്ടയം • കേരള കോൺഗ്രസ് (എം) കേഡർ പാർട്ടിയാകുമ്പോൾ എന്തു സംഭവിക്കും? എന്തിനാണ് കേഡർ പാർട്ടിയാക്കുന്നത്? ചെയർമാൻ ജോസ് കെ.മാണി ലക്ഷ്യമിടുന്നത് എന്തൊക്കെ? രാഷ്ട്രീയ കേരളത്തിൽ അടുത്തിടെ ചർച്ചയായ കാര്യങ്ങളാണിതെല്ലാം. പാർട്ടിയെ കേഡർ സ്വഭാവത്തിലേക്കു മാറ്റുന്നതിനുള്ള ആദ്യപടി അടുത്തു ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ എടുക്കുമെന്നാണ് അറിവ്. പാർട്ടിയുടെ ഘടനയും സ്വഭാവവും അടിമുടി മാറ്റുന്നതിനുള്ള രൂപരേഖ ഏകദേശം തയാറായി. പുനഃസംഘടനയിൽ ഉടനീളം സിപിഎം–സിപിഐ ബന്ധത്തിന്റെ സ്വാധീനം കാണാം.

എന്നാൽ ഇതിനുപിന്നിൽ മറ്റു ചില ലക്ഷ്യങ്ങൾ കൂടി ജോസ് കെ മാണി വെക്കുന്നുണ്ട് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വിഭിന്നമായി കേരള കോൺഗ്രസ് ഒരു കുടുംബ പാർട്ടിയാണ്. നിയന്ത്രണം പൂർണ്ണമായും ജോസ് കെ മാണിയുടെ കൈയിലാണ്. അതുകൊണ്ടുതന്നെ പാർട്ടിയെ ശക്തിപ്പെടുത്തുക എന്നുപറയുമ്പോൾ സ്വയം ശക്തിപ്പെടുക എന്നതുതന്നെയാവണം ജോസ് കെ മാണിയുടെ ലക്ഷ്യം എന്നാണ് വിലയിരുത്തൽ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാണിയുടെ കാലത്ത് ചെയർമാനും പാർലമെന്ററി പാർട്ടി ലീഡറും ഒന്നായിരുന്നു. അതിനാൽ അധികാരത്തർക്കം ഉണ്ടായിരുന്നില്ല. ഇപ്പോൾ ചെയർമാൻ ജോസ് കെ.മാണിയും പാർട്ടി ലീഡർ മന്ത്രി റോഷി അഗസ്റ്റിനുമാണ്. ഇതുവരെ ഇവർ തമ്മിൽ തർക്കമില്ല. എങ്കിലും പാർട്ടി ശക്തിപ്പെട്ടാൽ അതിന്റെ ഗുണം പാർട്ടി ചെയർമാനു ലഭിക്കും. തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം ഫലത്തിൽ പാർട്ടിക്കാണ്. അതോടെ സർക്കാരിനെ പാർട്ടി നയിക്കുന്ന കമ്യൂണിസ്റ്റ് രീതി കേരള കോൺഗ്രസിലും വരും. തർക്കങ്ങളില്ലാതെ മുന്നോട്ടു പോകാനും ഇവ ജോസിനെ സഹായിക്കും.

24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന കമ്മിറ്റി ഓഫീസും, എന്നും ഓഫീസിലെത്തുന്ന ചെയർമാനും, തീരുമാനങ്ങൾ എടുക്കുവാൻ പിബി മോഡലിൽ കമ്മറ്റിയും, അവൈലബിൾ കമ്മിറ്റിയും:

കോട്ടയം വയസ്കരക്കുന്നിലാണ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ്. ഓഫിസ് കോട്ടയത്താണെങ്കിലും കെ.എം.മാണി എവിടെയായിരുന്നോ അവിടെയായിരിക്കും പണ്ട് ഓഫിസ്. പാലാ കരിങ്ങോഴയ്ക്കൽ വീടും മാണി മന്ത്രിയായിരിക്കുമ്പോൾ തിരുവനന്തപുരത്തെ വസതിയും പാർട്ടി ഓഫിസുകളായി മാറുന്നതാണ് പതിവ്. പാർട്ടിയുടെ നിർണായക യോഗങ്ങളുണ്ടെങ്കിൽ മാത്രമാണ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ പ്രവർത്തകർ ഒത്തുചേരുന്നത്. ആ രീതി മാറ്റാനാണ് ജോസിന്റെ തീരുമാനം.

ചെയർമാൻ ദിവസവും ഓഫിസിൽ വരും. ചെയർമാനില്ലെങ്കിൽ മുതിർന്ന നേതാക്കൾ ദിവസവും ഓഫിസിലുണ്ടാകും. ചെയർമാനു പ്രത്യേക മുറിയും സന്ദർശകർക്ക് ഇരിക്കാൻ പ്രത്യേക മുറിയും ഒരുക്കിത്തുടങ്ങി. ഇവിടെയും മാതൃക സിപിഎമ്മും സിപിഐയുമാണ്. പാർട്ടി സെക്രട്ടറിമാർ ദിവസവും വരുന്നതു പോലെ കേരള കോൺഗ്രസ്(എം) ചെയർമാനും ഓഫിസിൽ എത്തും. സി.എഫ്.തോമസ് അടക്കമുള്ള ചെയർമാൻമാർ ദിവസവും ഓഫിസിൽ വരുന്ന പതിവുണ്ടായിരുന്നില്ല.

ഇത് കൃത്യമായും പാർട്ടിയിൽ അധീശത്വം ഊട്ടിയുറപ്പിക്കാനുള്ള ജോസ് കെ മാണിയുടെ നീക്കമായി തന്നെ വിലയിരുത്താം. യാതൊരു സാഹചര്യത്തിലും പാർട്ടിയുടെ പ്രധാനപ്പെട്ട കമ്മിറ്റികൾ തിരുവനന്തപുരത്ത് കൂടാതിരിക്കുക, അത്തരത്തിൽ റോഷി അഗസ്റ്റിൻ എന്ന മന്ത്രിയുടെ ഔദ്യോഗിക വസതി പാർട്ടി ഫോറങ്ങൾക്ക് വേദിയാകാതിരിക്കുക, ചെയർമാൻ പാർട്ടി മന്ത്രിയുടെ വീട്ടിലെത്തി പാർട്ടി ചർച്ചകൾ നടത്തേണ്ട സാഹചര്യങ്ങൾ ഒഴിവാക്കുക, തീരുമാനങ്ങളെല്ലാം കോട്ടയത്ത് എടുത്ത് നടപ്പാക്കേണ്ട ചുമതലകൾ മാത്രം പാർട്ടി മന്ത്രിയെ ഏൽപ്പിക്കുക എന്നിങ്ങനെയുള്ള ഒരു ചട്ടക്കൂട് സൃഷ്ടിക്കുമ്പോൾ സ്വാഭാവികമായും മന്ത്രിയെകാൾ ഭരണനിർവഹണ കാര്യങ്ങളിൽ പോലും ചെയർമാൻ കൂടുതൽ ശക്തനാകും എന്ന ഒരു പ്രൊഫഷണൽ അഡ്വൈസ് ഇത്തരം തീരുമാനങ്ങൾക്ക് പിന്നിൽ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പാർട്ടിയുടെ ഭരണപരവും രാഷ്ട്രീയപരവുമായ തീരുമാനങ്ങൾ എടുക്കുക അവെയ്‌ലബിൾ കമ്മിറ്റിയാണ് എന്ന പുതിയ വിവരവും കേരള കോൺഗ്രസ് കേന്ദ്രങ്ങളിൽനിന്ന് ഉയരുന്നുണ്ട്. നിലവിൽ സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന കമ്മിറ്റി, പാർലമെന്ററി പാർട്ടി, ഉന്നതാധികാര സമിതി എന്നിവയാണ് പ്രധാന കമ്മിറ്റികൾ. പി.ജെ.ജോസഫുമായുള്ള ലയനത്തിനു മുൻപ് സെക്രട്ടേറിയറ്റ് ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല. ഇവയ്ക്കു പുറമെ പ്രധാനപ്പെട്ട നേതാക്കൾ ഉൾപ്പെടുന്ന പുതിയ കമ്മിറ്റിയും രൂപീകരിക്കും. കമ്മിറ്റിക്ക് ഇതുവരെ പേരിട്ടിട്ടില്ല. ഇവരിൽ അന്ന് ലഭ്യമായവർ ചേർന്നാകും തീരുമാനങ്ങൾ. ചെയർമാൻ ഉള്ളിടത്ത് അദ്ദേഹത്തിൻറെ സാന്നിധ്യത്തിൽ മാത്രം അവൈലബിൾ കമ്മിറ്റി കൂടാനുള്ള ഭരണഘടനാ ഭേദഗതിയും ഇതോടൊപ്പം പാർട്ടി നടപ്പാക്കും എന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ കൊട്ടാര വിപ്ലവത്തിനുള്ള എല്ലാ സാധ്യതകളും പൂർണമായി അടയ്ക്കുന്ന ചില നീക്കങ്ങളാണ് ജോസ് കെ മാണിയുടെ ഭാഗത്തുനിന്ന് ഇപ്പോൾ ഉണ്ടാകുന്നതെന്ന് 100% ഉറപ്പിക്കാൻ കഴിയും.

അംഗത്വം കൊടുക്കാൻ ഓൺലൈൻ സൗകര്യം:

കോൺഗ്രസിൽനിന്നും കേരള കോൺഗ്രസുകളിൽനിന്നും നിരവധി പേർ പാർട്ടിയിൽ ചേരാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. ഇവരെ ഉൾപ്പെടുത്താനാണിത് എന്നാണ് ഔദ്യോഗിക ഭാഷ്യം എങ്കിലും പാർട്ടി അംഗങ്ങളുടെ പൂർണമായ പട്ടികയും, പട്ടികയ്ക്ക് മേൽ പൂർണ്ണമായ നിയന്ത്രണവും ജോസ് കെ മാണിയുടെ കൈവശം ഉറപ്പാക്കുവാൻ ഉള്ള ഒരു നീക്കമായി വേണം ഇതിനെ വിലയിരുത്താൻ. സംഘടനാപരമായി പാർട്ടി കൈവിട്ടു പോകാതിരിക്കാൻ ഉള്ള എല്ലാ പഴുതുകളും ഇതിലൂടെ അടയ്ക്കാൻ കഴിയും. ഇത്തരത്തിൽ കേരള കോൺഗ്രസിന് പൂർണമായും നിയന്ത്രിക്കുന്ന കരങ്ങൾ ജോസ് കെ മാണിയുടെ ആയി മാറുകയും, അദ്ദേഹം ആഗ്രഹിക്കുന്നതുപോലെ പാർട്ടിക്കുള്ളിലെ അധികാര കൈമാറ്റങ്ങൾ ഭാവിയിൽ നടക്കാൻ സാധിക്കുകയും ചെയ്യുന്ന പഴുതടച്ച സംവിധാനം സൃഷ്ടിക്കുകയും ചെയ്യുമ്പോൾ കെഎം മാണി ചെയ്തു പോയത് എന്ന് കരുതപ്പെടുന്ന തെറ്റുകൾ (പാർട്ടി ഭരണഘടനയുമായി ബന്ധപ്പെട്ട്) പൂർണമായും തിരുത്തി പഴുതടച്ച ഒരു കുടുംബാധിപത്യം സംവിധാനം ഉറപ്പിക്കുക എന്ന് തന്നെയാണ് ജോസ് ലക്ഷ്യമിടുന്നത് എന്നു വ്യക്തം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക