കൊല്ലം: കൊച്ചി – ബേപ്പൂര്‍ – അഴീക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ച്‌ അടുത്തിടെ ആരംഭിച്ച ഗ്രീന്‍ ഫ്രെയിറ്റ് കോറിഡോര്‍ – 2 ചരക്കു കപ്പല്‍ സര്‍വീസ് സെപ്തംബറില്‍ കൊല്ലത്തേക്ക് നീട്ടും.

ഇതു സംബന്ധിച്ച നിര്‍ദേശം സ്വകാര്യ ഷിപ്പിംഗ് ഏജന്‍സി മുഖ്യമന്ത്രി, തുറമുഖ വകുപ്പ് മന്ത്രി, മാരിടൈം ബോര്‍ഡ് എന്നിവര്‍ക്ക് സമര്‍പ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോസ്റ്റല്‍ സര്‍വീസായതിനാല്‍ കൊച്ചി – ബേപ്പൂര്‍ – അഴീക്കല്‍ – കൊല്ലം ചരക്കുനീക്കത്തിന് എമിഗ്രേഷന്റെ ആവശ്യമില്ല. എന്നാല്‍ സുഗമമായ നടത്തിപ്പിന് താത്കാലിക എമിഗ്രേഷന്‍ സംവിധാനം ഒരുക്കാന്‍ ആലോചനയുണ്ട്. നിലവില്‍ കൊല്ലം പോര്‍ട്ടില്‍ എത്തുന്ന ചരക്ക് കപ്പലുകള്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കാന്‍ പൊലീസ് കമ്മിഷണറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക ഉത്തരവ് വാങ്ങി താത്കാലിക സംവിധാനം ഒരുക്കാനാണ് ഇപ്പോഴത്തെ ശ്രമം.തോട്ടണ്ടി, ഭക്ഷ്യവസ്തുക്കള്‍, ടൈല്‍സ്, മാര്‍ബിള്‍, സിമെന്റ് അടക്കമുള്ള നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയാകും കൊച്ചിയില്‍ നിന്ന് കൊല്ലത്തെത്തിക്കുന്നത്. ഇപ്പോള്‍ ഇവയെല്ലാം കൊച്ചി തുറമുഖത്ത് എത്തിച്ച ശേഷം റോഡ് മാര്‍ഗമാണ് കൊണ്ടുവരുന്നത്. ഇവ കപ്പലില്‍ എത്തിക്കുമ്ബോള്‍ ചെലവിനൊപ്പം അന്തരീക്ഷ മലിനീകരണവും അപകട സാദ്ധ്യതയും കുറയും. ആഭ്യന്തര ചരക്കുനീക്കം പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കപ്പലുകള്‍ക്ക് പ്രത്യേക ഇന്‍സെന്റീവും പ്രഖ്യാപിച്ചിട്ടുണ്ട്.സെപ്തംബര്‍ അവസാനത്തോടെ ചരക്ക് സര്‍വീസ് ആരംഭിക്കാനാണ് ആലോചന. ഇതിന് മുന്നോടിയായി സെപ്തംബര്‍ ആദ്യവാരത്തിന് ശേഷം സര്‍വീസ് നടത്തുന്ന സ്വകാര്യ ഷിപ്പിംഗ് ഏജന്‍സിയുടെ നേതൃത്വത്തില്‍ കൊല്ലത്ത് ട്രേഡ് മീറ്റ് സംഘടിപ്പിക്കും. കൊല്ലം തുറമുഖം കേന്ദ്രീകരിച്ച്‌ ചരക്കെത്തിക്കാനും കൊണ്ടുപോകാനും താത്പര്യമുള്ള വ്യാപാരികളുടെയും വ്യവസായികളുടെയും യോഗമാണ് വിളിക്കുന്നത്. കൊല്ലത്ത് നിന്ന് കയറ്റുമതിക്കുള്ള കടല്‍ വിഭവങ്ങള്‍, കശുഅണ്ടി, പച്ചക്കറി തുടങ്ങിയവ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക