ജോസ് കെ മാണിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോട്ടയം ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ്. മുൻ കെപിസിസി പ്രസിഡൻറും ഗവർണറും ആയിരുന്ന പ്രൊഫസർ കെ എം ചാണ്ടിയുടെ കൊച്ചു മകനെ ജോസ് കെ മാണിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്ന കേസിൽ പെടുത്തി അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് സൈബർ വിഭാഗം കോൺഗ്രസ് നേതാക്കളെയും, പ്രവർത്തകരെയും, അവരുടെ കുടുംബാംഗങ്ങളെയും ഏറ്റവും മ്ലേച്ചകരമായ ഭാഷയിൽ അവഹേളിച്ച് ഇതിനെതിരെ തെളിവുസഹിതം പരാതി കൊടുത്തിട്ടും പോലീസ് പരാതി പൂഴ്ത്തി വെച്ചിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൻറെ പക തീർക്കുവാൻ ജോസ് കെ മാണി ഇറങ്ങിത്തിരിച്ചാൽ അത് കയ്യുംകെട്ടി നോക്കിനിൽക്കില്ല എന്നും ഡിസിസി പ്രസിഡൻറ് വ്യക്തമാക്കി. ജോസ് കെ മാണിയുടെ കയ്യിൽ അധികാരം ഉണ്ടെങ്കിൽ തങ്ങൾക്ക് ജന പിന്തുണയുണ്ട്. അതുകൊണ്ടുതന്നെ ഇത്രയും മര്യാദകെട്ട പ്രവർത്തികൾ നടത്തുന്ന കേരള കോൺഗ്രസ് പാർട്ടിയെ ഏതു രീതിയിലും നേരിടുവാൻ തങ്ങൾ തയ്യാറാണെന്നും പ്രവർത്തകരെ ഏതറ്റം വരെ പോയി സംരക്ഷിക്കാനും പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും ഡിസിസി പ്രസിഡൻറ് പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോലീസ് അറസ്റ്റ് ചെയ്ത് സഞ്ജയ് സഖറിയയുടെ ഭാര്യ അവരെയും, കുട്ടികളെയും സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ച് മ്ലേച്ചകരമായ പ്രതികരണം നടത്തിയ ആളുകൾക്കെതിരെ മുഴുവൻ വിവരങ്ങളും നൽകി പരാതിപ്പെട്ടിട്ടും ആ പരാതി ഇതുവരെ പോലീസ് പരിഗണിച്ചില്ല. പല കേരള കോൺഗ്രസ് ഉന്നതരും, അവരുടെ മക്കളും ഇത്തരം ആക്ഷേപങ്ങൾ നടത്തുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവയുടെയൊക്കെ തെളിവു കൈമാറിയിട്ടുണ്ട്. എങ്കിലും ഇതുവരെ നടപടികൾ ഒന്നും ആയില്ല. സംസ്ഥാന പോലീസ് മേധാവി നടത്തിയ അദാലത്തിൽ ഈ പരാതി പരാമർശിക്കപ്പെടുകയും മേൽനടപടികൾ എടുക്കുവാൻ പാലാ പോലീസിന് നിർദ്ദേശം കൊടുക്കുകയും ചെയ്തിട്ട് ദിവസങ്ങളായി.

ജോസ് കെ മാണി പരാജയപ്പെട്ട പാലായിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനു വേണ്ടി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരണം നടത്തിയവരിൽ ഒരാളാണ് സഞ്ജയ് സക്കറിയാസ്. ഇതിൻറെ പേരിൽ അദ്ദേഹവും കുടുംബവും രൂക്ഷമായ സൈബർ ആക്രമണങ്ങൾക്ക് ഇരയായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അദ്ദേഹത്തെ കേസിൽ പെടുത്തുമെന്ന് പരസ്യമായി കേരള കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ വെല്ലുവിളിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി സ്റ്റീഫൻ ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും, ഏഴു ദിവസത്തെ ജയിൽവാസത്തിനുശേഷം ഇന്നലെ അദ്ദേഹം പുറത്തുവരികയും ചെയ്തിരുന്നു.

എന്നാൽ ഇദ്ദേഹത്തിൻറെ ഭാര്യ നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. ഗൗരവതരമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളത് എന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകൾ അടക്കം കൈ മാറിയിട്ടും കേസെടുക്കാത്തത് ചില പ്രമുഖരെ രക്ഷിക്കുവാൻ വേണ്ടിയിട്ടാണ് എന്നു സൂചനയുണ്ട്. ഏതായാലും ഈ വിഷയത്തിൽ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ് തയ്യാറെടുക്കുകയാണെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. സ്ത്രീത്വത്തെ അപമാനിച്ച കുറ്റവും, കുട്ടികളെ സാമൂഹ്യമാധ്യമങ്ങളിലൂടെ അവഹേളിച്ചതിന് പോക്സോ അടക്കമുള്ള വകുപ്പുകളും ചാർജ് ചെയ്യണം എന്ന നിലപാടിലാണ് കോൺഗ്രസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക