കൊച്ചി : മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സുഹൃത്തും മരിച്ച വാഹനാപകടത്തിന്റെ ദുരൂഹത തുടരുന്നു. കേസില്‍ നിര്‍ണായകമായ ഫോര്‍ട്ടുകൊച്ചി നമ്ബര്‍ 18 ഹോട്ടലിലെ നിശാപാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കണ്ടെത്താനായില്ല. ഹോട്ടല്‍ ഉടമയുടെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ ഈ ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്നാണ് പൊലീസിനു ലഭിച്ച മൊഴി.

ഹോട്ടലില്‍ എന്തോ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഡിജെ പാര്‍ട്ടി നടന്ന ഹാളിലെയും പാര്‍ക്കിങ് ഏരിയയിലെയും ദൃശ്യങ്ങള്‍ മാത്രമാണ് നശിപ്പിക്കപ്പെട്ടത്. ഇതുകൊണ്ടു തന്നെ ഇവിടെ വച്ചു വാക്കുതര്‍ക്കം പോലെയെന്തോ ഉണ്ടായിട്ടുണ്ടാവുമെന്നാണ് നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതേതുടര്‍ന്നാകാം അന്‍സി കബീറും അഞ്ജന ഷാജനും സുഹൃത്തുക്കളും ഹോട്ടല്‍ വിട്ടതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് അപകടം നടന്ന ചക്കരപ്പറമ്ബ് വരെ രണ്ടു കാറുകള്‍ അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്നിട്ടുണ്ട്. ഇതിലൊന്നിലുണ്ടായിരുന്ന എറണാകുളം സ്വദേശി സൈജു തങ്കച്ചനെ ചോദ്യം ചെയ്തിരുന്നു.

സൈജു ഹോട്ടലുടമയുമായി ഫോണില്‍ ബന്ധപ്പെട്ടു ?

മദ്യപിച്ച്‌ വാഹനം ഓടിച്ചിരുന്ന സംഘത്തിന് മുന്നറിയിപ്പ് നല്‍കാന്‍ പോയതാണ് എന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇത് കളവാണെന്നാണ് പൊലീസ് വിലയിരുത്തല്‍. പിന്തുടര്‍ന്ന ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു ഹോട്ടലുടമയുമായി ഫോണില്‍ ബന്ധപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഹോട്ടലിലെ മറ്റു പലരെയും വിളിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കിയെങ്കിലും ഹോട്ടല്‍ ഉടമ ഇതുവരെ ഹാജരായിട്ടില്ല. എവിടെയാണെന്നു പോലും പൊലീസിന് അറിവില്ല. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന അബ്ദുല്‍ റഹ്മാനെ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇപ്പോള്‍ റിമാന്‍ഡിലുള്ള ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇയാളെ കൂടാതെ, ഹോട്ടലുടമ, പിന്തുടര്‍ന്ന കാര്‍ ഓടിച്ചിരുന്ന സൈജു എന്നിവരെ വിശദമായി ചോദ്യം ചെയ്താല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക