കോഴിക്കോട്: വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് താമരശേരിയില്‍ അമ്ബായത്തോടിലാണ് വളര്‍ത്തു നായകള്‍ ജോലിക്ക് പോകുകയായിരുന്ന സ്ത്രീയെ ആക്രമിച്ചത്. പ്രദേശവാസിയായ ഫൗസിയ എന്ന സ്ത്രീയ്ക്കാണ് നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്. നടുറോഡിലിട്ട് നായകള്‍ സ്ത്രീയെ കടിച്ചു കീറുന്നതിൻറെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഫൗസിയ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

താമരശ്ശേരി വെഴുപ്പൂ‍ര്‍ എസ്റ്റേറ്റ് ഉടമ ജോളി തോമസിൻറെ ചെറുമകന്‍ റോഷൻറെ നായകളാണ് ഫൗസിയയെ ആക്രമിച്ചത്. സംഭവത്തില്‍ റോഷന്‍ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോള്‍. ഫൗസിയയെ നായകളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കടി വിടാന്‍ ഇവ തയ്യാറായില്ല. വളരെ പണിപ്പെട്ടാണ് ഒടുവില്‍ ആളുകള്‍ ഫൗസിയയെ രക്ഷിച്ചത്. നേരത്തേയും നിരവധിയാളുകള്‍ക്ക് ഈ നായകളുടെ കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാ‍ര്‍ ആരോപിക്കുന്നു. വിദേശയിനം നായകളെ അടച്ചിടാതെ തീര്‍ത്തും അശ്രദ്ധമായി അഴിച്ചു വിട്ടു വള‍ര്‍ത്തുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ മാസം ഇതേ നായകളുടെ ആക്രമണത്തില്‍ പ്രദേശവാസിയായ പ്രഭാകരന്‍ എന്നയാള്‍ക്കും ​ഗുരുതരമായി പരിക്കേറ്റിരുന്നു. എസ്റ്റേറ്റിന് സമീപത്തുവച്ചുണ്ടായ സംഭവത്തില്‍ തലയ്ക്കും കൈക്കും മുതുകിലുമെല്ലാം പരിക്കേറ്റ പ്രഭാകരനെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ ഇതേ എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു പ്രഭാകരന്‍. ഇതേ നായ്ക്കള്‍ നേരത്തെ പ്രദേശത്തെ മറ്റൊരു സ്ത്രീയെയും കടിച്ച്‌ പരുക്കേല്‍പിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇന്നത്തെ അക്രമത്തിന് ശേഷം എസ്റ്റേറ്റിന് മുന്നില്‍ തടിച്ചു കൂടിയ നാട്ടുകാ‍ര്‍ പൊലീസിനെ വിളിച്ചു വരുത്തി റോഷനെ അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക