കോട്ടയം: എം.സി റോഡിൽ കോട്ടയം നീലിമംഗലത്ത് ഓട്ടോറിക്ഷയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിയിച്ച് യുവാവ് മരിച്ചു. നീലിമംഗലം പാലത്തിലെ വിടവിൽ വീണ് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിയാണ് യുവാവ് ദാരുണമായി മരിച്ചത്. കോട്ടയം കടുത്തുരുത്തി മാഞ്ഞൂർ ഇലവത്തിൽ വീട്ടിൽ രഞ്ജിൻ സെബാസ്റ്റിയൻ (28)ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 5.45 ഓടെ എം.സി റോഡിൽ നീലിമംഗലം പാലത്തിലായിരുന്നു അപകടം. കോട്ടയത്തെ കടകളിൽ ഇറച്ചി നൽകുന്ന ജോലിയാണ് രഞ്ജിൻ ചെയ്തിരുന്നത്. ഞായറാഴ്ച രാവിലെ ഇറച്ചി വിതരണം ചെയ്ത ശഷം തിരികെ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. ഇതിനിടെയാണ് നീലിമംഗലം പാലത്തിൽ വച്ച് അപകടമുണ്ടായത്. കോട്ടയം ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ നീലിമംഗലം പാലത്തിലേയ്ക്കു പ്രവേശിക്കുന്ന സ്ഥലത്ത് റോഡിൽ ഒരു ചെറിയ കുഴിയും കമ്പിയുമുണ്ട്. ഈ കുഴിയിൽ ചാടി നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ എതിർ ദിശയിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഏതാണ്ട് പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്നും രഞ്ജിനെ പുറത്തെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈക്കത്തു നിന്നും കോട്ടയത്തേയ്ക്കു വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. ബസിന്റെ മുൻഭാഗവും ഏതാണ്ട് തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്നു റോഡിൽ ഓയിലും രക്തവും തളംകെട്ടി നിൽക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് റോഡ് വൃത്തിയാക്കിയത്. മോട്ടോർ വാഹന വകുപ്പ് അധികൃതരും സ്ഥലത്ത്് പരിശോധന നടത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക